ബംഗ്ലാദേശിൽ പോയി ബംഗാളിലെ വോട്ട് പെട്ടിയിലാക്കുന്ന മോദി; ഇത് അപൂർവ്വ കാഴ്ച

"വോട്ടർമാരെ സ്വാധീനിക്കും എന്നുള്ളതു കൊണ്ട് നിയമനടപടി നേരിടേണ്ടി വരുന്ന സന്ദർശനങ്ങളാണ് ഇവ രണ്ടും"

Update: 2021-03-27 08:29 GMT
Advertising

ധാക്ക: ബംഗ്ലാദേശ് സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയം. പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തിൽ ബംഗാളുമായി ബന്ധപ്പെട്ട്, വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്ന പരാമർശങ്ങളും പ്രവൃത്തികളുമാണ് മോദി നടത്തിയത്.

ഗോപാൽഗഞ്ച് ജില്ലയിലെ കഷൈനി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒറകണ്ടി ക്ഷേത്രം സന്ദർശനമാണ് ആദ്യത്തേത്. അതിൽ മോദി നടത്തിയ പരാമർശമാണ് ശ്രദ്ധിക്കപ്പെട്ടത്. ക്ഷേത്രം സന്ദർശിക്കുമ്പോൾ ഇന്ത്യയിലെ മാതുവ സമുദായങ്ങളുടെ അതേ വികാരമാണ് തനിക്ക് ഇപ്പോൾ അനുഭവിക്കാൻ കഴിയുന്നത് എന്നാണ് മോദി പ്രതികരിച്ചത്. മാതുവ സമുദായത്തിന്റെ പ്രധാനപ്പെട്ട ആരാധനാലയമാണിത്.

പശ്ചിമബംഗാളിൽ ബംഗ്ലാദേശിൽ നിന്ന് കുടിയേറിപ്പാർത്ത നിരവധി മാതുവ സമുദായക്കാരുണ്ട്. 80-90 നിയമസഭാ സീറ്റുകളിൽ ഇവർ നിർണായക ശക്തിയാണ്. അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമപ്രകാരം ഇവർക്ക് പൗരത്വം നൽകുമെന്ന് ബിജെപി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ വിഷയത്തിൽ തീരുമാനമെടുക്കും എന്നാണ് പ്രകടന പത്രിക പുറത്തിറക്കുന്ന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്.

പശ്ചിമബംഗാളിൽ ആദ്യം ഇടതു സർക്കാറിന്റെ വോട്ടുബാങ്കായിരുന്നു മാതുവകൾ. ഇത് പിന്നീട് അവർ കൂട്ടത്തോടെ തൃണമൂലിനെ പിന്തുണച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അന്തരിച്ച ബിനാപാനി ദേവി ഠാക്കൂറിന്റെ ആശീർവാദത്തോടെ മാതുവ വോട്ടുകൾ തൃണമൂലിന്റെ പെട്ടിയിൽ വീണു. എന്നാൽ 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ഈ വോട്ടുകൾ ബിജെപിയിലേക്ക് പോയി.

മാതുവ സമുദായത്തിന് പുറമേ, ബിജെപി എംപി ശന്തനു ഠാക്കൂറിനെയും മോദി ധാക്കയിലെ പ്രസംഗത്തിൽ പരാമർശിച്ചു. സിഎഎ പ്രചാരണ ആയുധമാക്കിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശന്തനു ബൻഗാവിൽ നിന്ന് ജയിച്ചു കയറിയത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ആൾ ഇന്ത്യ മാതുവ മഹാസംഘ നേതാക്കൾ ബിജെപിയുടെ രാഷ്ട്രീയ പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

ശ്യാംനഗറിലെ കാളീ ക്ഷേത്രത്തിലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ബംഗാളി സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് കാളി. സംസ്ഥാനത്തെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നു കൂടിയാണ് കാളീ പൂജ. കൊൽക്കത്തയിലെ കാളീഘട്ട് ക്ഷേത്രം അന്താരാഷ്ട്ര പ്രശസ്തമാണ്.

വോട്ടർമാരെ സ്വാധീനിക്കും എന്നുള്ളതു കൊണ്ട് നിയമനടപടി നേരിടേണ്ടി വരുന്ന സന്ദർശനങ്ങളാണ് ഇവ രണ്ടും. എന്നാൽ ജനപ്രാതിനിധ്യ നിയമ പ്രകാരം ഇന്ത്യയിൽ മാത്രമാണ് ബാധകമാകുക. മറ്റൊരു രാജ്യത്താണ് ഇത് നടക്കുന്നത് എന്നാൽ കമ്മിഷനും ഇക്കാര്യത്തിൽ കാഴ്ചക്കാരാകേണ്ടി വരും. നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഏതെങ്കിലും ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ വോട്ടർമാരെ സ്വീധീനിക്കുന്നത് അപൂർവ്വ കാഴ്ചയാണ് എന്നും രാഷ്ട്രീയ വിദഗദ്ധർ ചൂണ്ടിക്കാട്ടുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News