ഇന്ത്യയില്‍ രണ്ടുവയസ്സുമുതലുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ ഉടന്‍; രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് പരീക്ഷണ അനുമതി
കോവിഡിന്‍റെ മൂന്നാംതരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് മുന്നറിയിപ്പുകളുണ്ട്
ഇന്ത്യയില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. രണ്ട് മുതല്‍ 18വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ കോവാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആണ് അനുമതി നല്‍കിയിട്ടുള്ളത്. എയിംസ് ഡല്‍ഹി, എയിംസ് പാട്‍ന ഉള്‍പ്പടെയുള്ള ആശുപത്രികളിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്. 525 പേരിലാണ് പരീക്ഷണം.
കോവിഡിന്‍റെ മൂന്നാംതരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് മുന്നറിയിപ്പുകളുണ്ട്. നിലവില്‍ 12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ കോവിഡ് വാക്സിനേഷന് അമേരിക്കയും കാനഡയും അനുമതി നല്‍കിയിട്ടുണ്ട്. ഫൈസര്‍ വാക്സിന്‍ ഉപയോഗിക്കാനാണ് അനുമതി.
കുട്ടികളില്‍ കോവാക്സിന്‍റെ ഒന്നാംഘട്ട പരീക്ഷണം ഫലപ്രദമാണെന്ന് തെളിഞ്ഞതിനാലാണ് രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ടാംഘട്ട പരീക്ഷണ വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം മാത്രമേ മൂന്നാംഘട്ടത്തിലേക്ക് കടക്കാവൂ എന്ന് നിര്‍ദേശത്തോടെയാണ് സിഡിഎസ്‍സിഒ അനുമതി നല്‍കിയിരിക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നതും. കോവാക്സിന് പുറമേ കോവിഷീല്‍ഡ് വാക്സിനും ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്.