ആശുപത്രി പ്രവേശനത്തിന് പോസിറ്റിവ് ആവണമെന്നില്ല, ഒരാളെയും തിരിച്ചയക്കരുത്: കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാനദണ്ഡങ്ങള്‍ എന്തൊക്കെ?

രോഗികള്‍ എവിടെ നിന്നുള്ളവരാണെന്ന് പരിഗണിക്കാതെ ഓക്‌സിജനും ചികിത്സയും ലഭ്യമാക്കണം. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയില്ലെങ്കിലും ചികിത്സ നിഷേധിക്കരുതെന്നും നിര്‍ദേശമുണ്ട്

Update: 2021-05-08 11:52 GMT
Editor : ubaid | Byline : Web Desk
Advertising

കോവിഡ് ലക്ഷണമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ടെസ്റ്റ് റിസള്‍ട്ട് ആവശ്യമില്ലെന്നും രോഗ ലക്ഷണം കാണിക്കുന്നവരെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള പുതുക്കിയ മാനദണ്ഡത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രോഗമുള്ളതായി സംശയിക്കുന്നെങ്കില്‍ കോവിഡ് കെയര്‍ സെന്ററുകള്‍, ഡെഡിക്കേറ്റഡ് കോവിഡ് ഹെല്‍ത്ത് സെന്ററുകള്‍ (ഡിസിഎച്ച്‌സി) എന്നിവിടങ്ങളില്‍ പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവേശിക്കാവുന്നതാണ്. ഒരുതരത്തിലും ഒരു രോഗിക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്നും ഓക്‌സിജനും മറ്റു മരുന്നുകളും ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഗുരുതര ലക്ഷണങ്ങള്‍ ഇല്ലാത്തവരെ ഡെഡിക്കേറ്റഡ് കോവിഡ് ഹെല്‍ത്ത് സെന്ററിലും ഗുരുതര ലക്ഷണം ഉള്ളവരെ ഡെഡിക്കേറ്റഡ് കോവിഡ് ഹോസ്പിറ്റലിലും ആവണം പ്രവേശിപ്പക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രോഗികള്‍ എവിടെ നിന്നുള്ളവരാണെന്ന് പരിഗണിക്കാതെ ഓക്‌സിജനും ചികിത്സയും ലഭ്യമാക്കണം. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയില്ലെങ്കിലും ചികിത്സ നിഷേധിക്കരുതെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4,01,078 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,38,270 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 16,73,46,544 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News