'ജോലിയില്‍ തിരിച്ചെടുക്കൂ, കോവിഡ് രോഗികളെ ചികിത്സിക്കട്ടെ, അതിനുശേഷം സസ്പെന്‍ഡ് ചെയ്തോളൂ'

ഈ മഹാമാരിക്കാലത്ത് രാജ്യത്തെ സേവിക്കാനായി തന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് കഫീല്‍ ഖാന്‍റെ അഭ്യര്‍ഥന

Update: 2021-04-20 16:49 GMT
Advertising

കോവിഡ് രണ്ടാം ഘട്ടത്തില്‍ പകച്ചുനില്‍ക്കുകയാണ് രാജ്യം. ഈ സാഹചര്യത്തില്‍ സേവനം ചെയ്യാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി ഡോക്ടര്‍ കഫീല്‍ ഖാന്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി.ഈ മഹാമാരിക്കാലത്ത് രാജ്യത്തെ സേവിക്കാനായി തന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാമോ എന്നാണ് കത്തിലെ അഭ്യര്‍ഥന.

"കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയിലാകെ നാശം വിതക്കുകയാണ്. ഈ അവസരത്തില്‍ ഡോക്ടർമാർക്കെതിരായ വകുപ്പുതല നടപടികള്‍ പിന്‍വലിച്ച് അവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്റെ സസ്പെൻഷനും അവസാനിപ്പിച്ച് എന്നെ തിരികെ എടുക്കൂ. ഈ മഹാമാരിക്കാലത്ത് രാജ്യത്തെ സേവിക്കാനുള്ള അവസരം നല്‍കൂ. ഈ മഹാമാരിക്ക് ശേഷം എന്നെ വീണ്ടും സസ്പെന്‍ഡ് ചെയ്താലും എനിക്കൊന്നുമില്ല".

തനിക്ക് 15 വർഷത്തെ അനുഭവപരിചയമുണ്ടെന്നും കഫീല്‍ ഖാന്‍ കത്തില്‍ വ്യക്തമാക്കി. 36 തവണ ഇതിനകം കത്തയച്ചിട്ടും തന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ല. തന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണ്. പക്ഷേ 1300 ദിവസം കഴിഞ്ഞിട്ടും തന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.

ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും കഫീല്‍ ഖാനെ സസ്പെന്‍ഡ് ചെയ്തത് 2017ലാണ്. ഓക്സിജന്‍ സിലിണ്ടറുകളില്ലാതെ കുഞ്ഞുങ്ങള്‍ മരിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. വകുപ്പ് തല അന്വേഷണത്തില്‍ അദ്ദേഹത്തിനെതിരായ പല ആരോപണങ്ങളും തെറ്റാണെന്ന് തെളിഞ്ഞെങ്കിലും സര്‍വീസില്‍ തിരിച്ചെടുത്തില്ല. കഴിഞ്ഞ വര്‍ഷം പൌരത്വ ഭേദഗതിക്കെതിരായ സമരത്തിനിടെ വിദ്വേഷ പ്രസംഗം നടത്തി എന്ന് ആരോപിച്ച് ദേശീയ സുരക്ഷാ നിയമം ചുമത്തി കഫീല്‍ ഖാനെ വീണ്ടും ജയിലിലടച്ചു. എട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ആദ്യമാണ് കഫീല്‍ ഖാന്‍ ജയില്‍മോചിതനായത്. ഒരു തെളിവുമില്ലാതെയാണ് കഫീല്‍ ഖാനെതിരെ യുപി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി.

അതിനിടെ കോവിഡ്​ വ്യാപനത്തിനിടെ വൈദ്യസഹായവുമായി ഗ്രാമങ്ങളിലേക്ക് പോവുകയാണ്​​ ഡോ. കഫീൽ ഖാനും സംഘവും. കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിനിടെ ആശുപത്രി കിടക്കകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ ഉള്‍നാടുകളിലേക്ക് സഹായവുമായി ഇറങ്ങുന്നത്. കഫീൽ ഖാനൊപ്പം മിഷൻ സ്മൈൽ ഫൗണ്ടേഷനും ഇന്ത്യൻ പ്രോഗ്രസീവ്​ ഡോക്ടർ സംഘവുമെല്ലാം​ 'ഡോക്ടർമാർ നിരത്തുകളിൽ' എന്ന പദ്ധതിക്കൊപ്പമുണ്ട്​. മരുന്നും​ മാസ്കുകളും​ വിതരണം ചെയ്യുന്നതിനൊപ്പം ബോധവത്കരണവും ഡോക്ടര്‍മാരുടെ സംഘം നടത്തുന്നു. ഈ പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമുള്ള ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കഫീല്‍ ഖാന്‍ ക്ഷണിച്ചു. പൊതുജനങ്ങളിൽ നിന്ന്​ പണം സമാഹരിച്ചും ആളുകളെ സഹകരിപ്പിച്ചുമാണ്​ പദ്ധതി നടപ്പാക്കുന്നത്​. പദ്ധതിയുമായി സഹകരിക്കുന്നവരുടെ പേരുവിവരങ്ങള്‍, അവര്‍ നല്‍കുന്ന സംഭാവനകള്‍ എന്നിവയെല്ലാം സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News