ബംഗാളിൽ ആറാംഘട്ട വോട്ടെടുപ്പിന്‍റെ പരസ്യ പ്രചരണം ഇന്നവസാനിക്കും
72 മണിക്കൂറായി നിശ്ശബ്ദ പ്രചരണത്തിന്‍റെ സമയം നീട്ടിയ സാഹചര്യത്തിൽ വൈകിട്ട് ആറര വരെയാണ് പരസ്യ പ്രചരണം നടക്കുക
ബംഗാളിൽ ആറാംഘട്ട വോട്ടെടുപ്പിന്‍റെ പരസ്യ പ്രചരണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. 72 മണിക്കൂറായി നിശ്ശബ്ദ പ്രചരണത്തിന്‍റെ സമയം നീട്ടിയ സാഹചര്യത്തിൽ വൈകിട്ട് ആറര വരെയാണ് പരസ്യ പ്രചരണം നടക്കുക. 43 മണ്ഡലങ്ങളിലാണ് ആറാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ബി.ജെ.പി നേതാക്കളായ അമിത് ഷയും ജെ.പി നദ്ദയും സ്മൃതി ഇറാനിയും ഉത്ത൪ ദിനാജ്പൂരിൽ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും.
മിക്ക ഘട്ടങ്ങളിലും 80 ശതമാനത്തിലധികം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മികച്ച പോളിങ് കനത്ത പോരാട്ടത്തിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇനിയുള്ള 114 സീറ്റുകളിലെ വോട്ടെടുപ്പ് ഇരുമുന്നണികൾക്കും നിർണായകമാണ്. 22ന് നടക്കുന്ന ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 43 മണ്ഡലങ്ങളിൽ അതിനാൽ തന്നെ ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കും. ബി.ജെ.പി നേതാക്കളായ ജെ.പി നദ്ദ, അമിത്ഷാ, സ്മൃതി ഇറാനി എന്നിവ൪ ഉത്ത൪ ദിനാജ്പൂ൪ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലികളുമായി പ്രചാരണം കൊഴുപ്പിക്കും.
ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ 2016ൽ 32ലും വിജയിച്ചത് തൃണമൂൽ കോൺഗ്രസായിരുന്നു. എന്നാൽ 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 24 മണ്ഡലങ്ങളിൽ മാത്രമാണ് തൃണമൂൽ ലീഡ് നിലനിർത്തിയത്. അതേസമയം സംപൂജ്യരായിരുന്ന ബി.ജെ.പി 19 സീറ്റുകളിൽ ലീഡുയർത്തി. 11 സീറ്റുകളിൽ വിജയിച്ചിരുന്ന കോൺഗ്രസിനും സി.പി.എമ്മിനും ഒരൊറ്റ സീറ്റിൽ പോലും ലീഡ് നിലനിർത്താനായില്ല. അതിനാൽ ആറാംഘട്ടത്തിലും പോരാട്ടം ബി.ജെ.പിയും തൃണമൂലും തമ്മിലായിരിക്കും.