യുപി തെരഞ്ഞെടുപ്പ് മാസങ്ങൾ മാത്രം അകലെ; ഇലക്ഷൻ കമ്മിഷണറായി യോഗിയുടെ മുൻ ചീഫ് സെക്രട്ടറി
മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ വിരമിച്ച ഒഴിവിലേക്കാണ് പാണ്ഡെയുടെ നിയമനം
ലഖ്‌നൗ: ഉത്തർപ്രദേശിലെ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് മാസങ്ങൾ മാത്രം അകലെ നിൽക്കെ യോഗി ആദിത്യനാഥിന്റെ മുൻ ചീഫ് സെക്രട്ടറിയെ ഇലക്ഷൻ കമ്മിഷണറായി നിയോഗിച്ച് കേന്ദ്രസർക്കാർ. റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ അനൂപ്ചന്ദ്ര പാണ്ഡെയെയാണ് കേന്ദ്രനിയമ മന്ത്രാലയം പുതിയ കമ്മിഷണറായി നിയോഗിച്ചത്. നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ വിരമിച്ച ഒഴിവിലേക്കാണ് പാണ്ഡെയുടെ നിയമനം.
ഉത്തർപ്രദേശിന് പുറമേ, അടുത്തവർഷം നടക്കുന്ന പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും പാണ്ഡെ അടങ്ങുന്ന മൂന്നംഗ കമ്മിഷനാണ് മേൽനോട്ടം വഹിക്കുക. സുശീൽ ചന്ദ്രയാണ് നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ. രാജീവ് കുമാറാണ് മറ്റൊരു അംഗം. 2024 ഫെബ്രുവരി വരെയാണ് പാണ്ഡെയുടെ കാലാവധി. കാലാവധി നീട്ടിനൽകിയാൽ 2024 മാർച്ച്-ഏപ്രിലില്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും മേൽനോട്ടം വഹിക്കുക ഇദ്ദേഹമായിരിക്കും.
യോഗി ആദിത്യനാഥിന് കീഴിൽ യുപി ചീഫ് സെക്രട്ടറിയായിരിക്കെ 2019 ഓഗസ്റ്റിലാണ് പാണ്ഡെ സർവീസിൽ നിന്ന് വിരമിച്ചത്. കല്യാൺ സിങ് സർക്കാറിന്റെ മുതൽ സംസ്ഥാനത്തെ നിരവധി തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. പ്രയാഗ് രാജിൽ കുംഭമേള നടത്തിയതിന്റെയും നിക്ഷേപ ഉച്ചകോടി നടത്തിയതിന്റെയും മേൽനോട്ടം ഇദ്ദേഹത്തിനായിരുന്നു.