ഹൈക്കോടതികള്‍ അപ്രായോഗിക ഉത്തരവുകള്‍ പുറപ്പെടുവിക്കരുത്: സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ എല്ലാ നഴ്‌സിങ് ഹോമുകളിലും നാലു മാസത്തിനകം ഓക്‌സിജന്‍ കിടക്കകള്‍ സജ്ജീകരിക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

Update: 2021-05-21 16:44 GMT
Advertising

കോവിഡുമായി ബന്ധപ്പെട്ട കേസുകളില്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതികളോട് സുപ്രീംകോടതി. ജസ്റ്റിസുമാരായ വിനീത് സരണ്‍, ബി.ആര്‍. ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചിന്‍റേതാണ് നിര്‍ദേശം. ഉത്തര്‍പ്രദേശിലെ എല്ലാ നഴ്‌സിങ് ഹോമുകളിലും നാലു മാസത്തിനകം ഓക്‌സിജന്‍ കിടക്കകള്‍ സജ്ജീകരിക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

യു.പിയിലെ എല്ലാ ഗ്രാമങ്ങളിലും രണ്ട് ഐ.സി.യു. ആംബുലന്‍സുകള്‍ വീതമുണ്ടെന്ന് ഒരു മാസത്തിനകം ഉറപ്പാക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു ഈ ഉത്തരവുകള്‍. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നടപ്പിലാക്കാവുന്ന ഉത്തരവുകള്‍ മാത്രമെ പുറപ്പെടുവിക്കാവൂ എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.

അതേസമയം, യു.പിയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളെക്കുറിച്ച് പറയുന്നതിനിടെ അലഹബാദ് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് 'ദൈവത്തിന്റെ കാരുണ്യം' എന്നര്‍ത്ഥം വരുന്ന പരാമര്‍ശം നടത്തിയിരുന്നു. ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും സ്ഥിതി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം പ്രയോഗങ്ങളെന്ന് യു.പി സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

എന്നാല്‍, ഹൈക്കോടതിയുടെ ഈ പരാമര്‍ശം നീക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. ജനങ്ങളുടെ കാര്യത്തില്‍ കടുത്ത ആശങ്ക ഉള്ളതുകൊണ്ടാണ് ഹൈക്കോടതി അത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ ഉത്തരവായി കാണേണ്ടതില്ല, ഉപദേശം എന്ന നിലയില്‍ സ്വീകരിച്ചാല്‍ മതിയെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 


Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News