മുഡ കേസില്‍ സിദ്ധരാമയ്യ ലോകായുക്തയ്ക്ക് മുന്നില്‍; രണ്ടു മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ

സ്വകാര്യ വാഹനത്തിലാണ് സിദ്ധരാമയ്യ മൈസൂരുവിലെ ലോകായുക്ത ആസ്ഥാനത്തെത്തിയത്

Update: 2024-11-06 17:42 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: മുഡ അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യംചെയ്ത് ലോകായുക്ത പൊലീസ്. ഇന്ന് ഉച്ചയ്ക്ക് ശേഷം ലോകായുക്തയ്ക്ക് മുന്നിൽ ഹാജരാകുകയായിരുന്നു അദ്ദേഹം. ചോദ്യംചെയ്യൽ രണ്ടു മണിക്കൂർ നീണ്ടുനിന്നു.

ഭാര്യ ബി.എം പാർവതിക്ക് വഴിവിട്ട് സർക്കാർ ഭൂമി നൽകിയ കേസിൽ നേരത്തെ ലോകായുക്ത സിദ്ധരാമയ്യയ്ക്ക് സമൻസ് അയച്ചിരുന്നു. ചോദ്യംചെയ്യലിനു നേരിട്ടു ഹാജരാകാനായിരുന്നു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇന്ന് മൈസൂരുവിലെ ലോകായുക്ത ആസ്ഥാനത്തെത്തിയത്. ഇവിടെ ലോകായുക്ത എസ്പി ടി.ജെ ഉദേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യംചെയ്തത്.

ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു ശേഷം സിദ്ധരാമയ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഞാൻ തെറ്റ് ചെയ്തതായി കോടതി കണ്ടെത്താത്ത കാലത്തോളം എന്റെ പേരിൽ ഒരു കറുത്ത പാടുമില്ല. ഇപ്പോഴുള്ളത് ആരോപണങ്ങൾ മാത്രമാണ്. വ്യാജമായ ആരോപണങ്ങളാണ് ഉയർത്തുന്നത്. അതിനോടെല്ലാം കോടതിയിലും പൊലീസിനുമുൻപിലും താൻ പ്രതികരിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

സിദ്ധരാമയ്യ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും പറഞ്ഞു. നിയമത്തെ മാനിച്ചാണ് മുഖ്യമന്ത്രി ലോകായുക്തയ്ക്കു മുന്നിൽ ഹാജരായതെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ വാഹനത്തിലാണ് സിദ്ധരാമയ്യ ചോദ്യംചെയ്യലിന് എത്തിയത്. ഒരു മുതിർന്ന അഭിഭാഷകനും കർണാടക മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എ.എസ് പൊന്നണ്ണയും ഒരു കോൺഗ്രസ് എംഎൽഎയും ഒപ്പമുണ്ടായിരുന്നു.

Summary: Lokayukta questions Siddaramaiah for 2 Hrs in Muda case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News