ഈടും വേണ്ട ആൾജാമ്യവും വേണ്ട; ഉന്നതവിദ്യാഭ്യാസത്തിന് ബാങ്ക് വായ്പ പദ്ധതി അവതരിപ്പിച്ച് കേന്ദ്രം

22 ലക്ഷത്തിലധികം വിദ്യാർഥികളാണ് പദ്ധതിയുടെ പരിധിയിൽ വരിക

Update: 2024-11-07 05:30 GMT
Advertising

ന്യൂഡൽഹി: ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് രാജ്യത്തെ മുൻനിര വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്നതിന് ഈടും ആൾജാമ്യവുമി​ല്ലാതെ വായ്പകൾ നൽകും. ഇതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ ‘പിഎം വിദ്യാലക്ഷ്മി’പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. രാജ്യത്തെ യുവാക്കൾക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക പരിമിതികൾ തടസം സൃഷ്ടിക്കാതിരിക്കുകയാണ് പിഎം വിദ്യാലക്ഷ്മി പദ്ധതിയുടെ ലക്ഷ്യം.

പ്രത്യേക വായ്പാസംവിധാനമായ പദ്ധതിയിലൂടെ ഈടില്ലാതെയും ജാമ്യമില്ലാതെയും സൗജന്യ വിദ്യാഭ്യാസ വായ്പ പ്രാപ്തമാക്കും. ലളിതവും സുതാര്യവുമായി ഡിജിറ്റൽ സംവിധാനത്തിലൂടെ ലോണിന് അപേക്ഷിക്കാനാകും. 7.5 ലക്ഷം രൂപവരെയുള്ള വായ്പയിൽ 75% വരെയുള്ള തുകക്ക് സർക്കാരായിരിക്കും ഈട് നിൽക്കുക. കൂടാതെ, എട്ട് ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3% പലിശ ഇളവും പദ്ധതി വഴി നൽകും. 4.5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്കുള്ള മുഴുവൻ പലിശ ഇളവിനു പുറമേയാണിത്.

ഗവണ്മെന്റ് സ്ഥാപനങ്ങളിൽ നിന്നും സാങ്കേതിക/പ്രൊഫഷണൽ കോഴ്സുകൾ തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾക്കാണ് വായ്പയിൽ മുൻഗണന നൽകുക. ഇതിനായി 2024-25 മുതൽ 2030-31 വരെയുള്ള കാലയളവിൽ 3600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പലിശ ഇളവിന് തുല്യമായ തുക ഇ- വൗച്ചറോ അല്ലെങ്കിൽ റിസർവ് ബാങ്ക് ഡിജിറ്റൽ കൻസി ആയിട്ടായിരിക്കും നൽകുക. മാസങ്ങൾക്കകം പോർട്ടൽ നിലവിൽ വരുമെന്നാണ് പുറത്തുവരുന്നവിവരം.

860 സ്ഥാപനങ്ങൾ, 22 ലക്ഷം വിദ്യാർഥികൾ

രാജ്യത്തെ മികച്ച ഗുണനിലവാരമുള്ള 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനാണ് വായ്പ ലഭിക്കുക. പ്രതിവർഷം 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് പദ്ധതിയുടെ പരിധിയിൽ വരിക. ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ ( NIRF) ഇടംപിടിച്ച ആദ്യ 100 സർക്കാർ, സ്വകാര്യസ്ഥാപനങ്ങളാണ് പട്ടികയിലൊന്നാമത്. 101 മുതൽ 200 വരെയുള്ള റാങ്കിങ്ങിൽ ഉൾപ്പെട്ട സംസ്ഥാന സർക്കാർ സ്ഥാപനങ്ങളാണ് മറ്റൊന്ന്. ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങ് പ്രകാരം ഓരോ വർഷവും കോളജു​കളുടെ പട്ടികയും പുതുക്കും. 860 സ്ഥാപനങ്ങളിൽ 657 എണ്ണം സർക്കാർ സ്ഥാപനങ്ങളും 203 എണ്ണം സ്വകാര്യസ്ഥാപനങ്ങളുമാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News