ലക്ഷദ്വീപില്‍ കോവിഡ് രൂക്ഷമാകുന്നു; ബിത്രയൊഴികെ എല്ലാ ദ്വീപിലും കേസുകള്‍
അഗത്തിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങുന്നു
ലക്ഷദ്വീപിലും കോവിഡ് രോഗികൾ വർധിക്കുന്നു. ബിത്രയൊഴികെ എല്ലാ ദ്വീപിലും കോവിഡ് റിപ്പോർട്ട് ചെയ്തു. നിലവിൽ 1016 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 124 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായിട്ടുള്ളത്.
നിലവില്‍ കവരത്തിയിൽ മാത്രമാണ് ദ്വീപിൽ കോവിഡ് ആശുപത്രിയുള്ളത്. അതും നേവിയുടെ സഞ്ജീവനിയിൽ. എന്നാല്‍ ഇവിടെയുള്ളത് 50 ബെഡുകൾ മാത്രമാണ്. ഗുരുതര രോഗികളെ കൂടുതലും മറ്റുദീപുകളിൽ നിന്നും അഗത്തിയിലേക്കാണ് മാറ്റുന്നത്. രോഗം ഗുരുതരമായവരെ കൊച്ചിയിലേക്ക് എത്തിക്കാന്‍ കഴിയില്ല നിലവിലെ സാഹചര്യത്തില്‍. അഗത്തിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ് ഭരണകൂടം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ദ്വീപ് ഭരണകൂടം. എല്ലാ ദ്വീപിലും രാത്രികാല കര്‍ഫ്യൂ നിലവിലുണ്ട്. വൻകരയിൽ നിന്നും ലക്ഷദ്വീപിലെത്തുന്നവര്‍ 7 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്‍റൈനിലിരിക്കണം. ഏറ്റവും കൂടുതൽ കോവിഡ് വ്യാപനമുള്ള ആന്ത്രോത്ത് ദ്വീപിൽ ഭാഗികമായ ലോക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ഒരു കേസ് പോലും ലക്ഷദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കഴിഞ്ഞ ജനുവരിയിലാണ് ലക്ഷദ്വീപില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷമാണ് കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ദ്വീപ് ഭരണകൂടം പ്രഖ്യാപിച്ചത്.