രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം കഴിഞ്ഞ 24 മണിക്കൂറില്‍; കോവിഡ് കേസുകള്‍ ഇന്നും 4 ലക്ഷം കടന്നു

4,01,078 പുതിയ കോവിഡ് കേസുകള്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-05-08 05:34 GMT
Advertising

രാജ്യത്ത് കോവിഡ് അതിവ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കണക്കില്‍ ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. 4,187 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 4,01,078 പുതിയ കോവിഡ് കേസുകള്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു.

3,18,609 പേര്‍ രോഗമുക്തി നേടി. നിലവിൽ 37,23, 446 സജീവ കേസുകളാണുളളത്. ആകെ 2,38,270 പേർ കോവിഡ് ബാധിച്ച് മരിച്ചു. 16,73,46,544 പേർ രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയാണ് കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഒന്നാമത്. കർണാടക രണ്ടാമതും കേരളം മൂന്നാമതുമാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ഇന്ന് തുടങ്ങി. കൂടുതല്‍ സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. തമിഴ്നാട്ടിലും കര്‍ണാടകയിലും മണിപ്പൂരിലും ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗത്തില്‍ ആടിയുലയുമ്പോഴും മൂന്നാം തരംഗത്തിന്‍റെ ഭീതിയിലാണ് ഇന്ത്യ. മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാല്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുകയും അവ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്താല്‍ മൂന്നാം തരംഗം ഇന്ത്യയിലെത്തില്ലെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് ഡോ.കെ.വിജയരാഘവന്‍ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ നടപടികൾ കൈക്കൊള്ളുകയാണെങ്കിൽ, മൂന്നാമത്തെ തരംഗം യഥാർത്ഥത്തിൽ എവിടെയും സംഭവിക്കാനിടയില്ല. പ്രാദേശിക തലത്തിലും സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരങ്ങളിലും എല്ലായിടത്തും മാർഗനിർദേശങ്ങൾ എത്രത്തോളം ഫലപ്രദമായി നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്. വൈറസിന്‍റെ വകഭേദങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗം എപ്പോള്‍ വരുമെന്ന് പ്രവചിക്കാനാവില്ല. അത് അനിവാര്യമാണ്. അതിനെ അഭിമുഖീകരിക്കാന്‍ നമ്മള്‍ എപ്പോഴും തയ്യാറായിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള 12 സംസ്ഥാനങ്ങളുണ്ടെന്നും ഏഴ് സംസ്ഥാനങ്ങളിൽ 50,000 മുതൽ 1 ലക്ഷം വരെയാണ് കേസുകൾ ഉള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 സംസ്ഥാനങ്ങളിൽ നിലവിൽ പോസിറ്റീവ് നിരക്ക് 15 ശതമാനത്തിന് മുകളിലാണെന്നും മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് കാണിക്കുമ്പോള്‍ കര്‍ണാടക, കേരളം, ബംഗാള്‍, തമിഴ്നാട്, ഒഡിഷ എന്നിവിടങ്ങളില്‍ കേസുകള്‍ ഉയരുന്ന പ്രവണതയാണ് കാണിക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News