'അവളുടെ അധിപനല്ല, പങ്കാളിയാണ് ഞാന്‍': വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ഇര്‍ഫാന്‍ പഠാന്‍
മകന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുടുംബ ചിത്രത്തെ ചൊല്ലിയാണ് സൈബര്‍ ആക്രമണം
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന്‍റെ പേരില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. ചിത്രത്തില്‍ ഭാര്യ സഫ ബെയ്ഗിന്റെ മുഖം മറച്ചതിനെ ചൊല്ലിയാണ് വിവാദങ്ങള്‍.
മകന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുടുംബ ചിത്രത്തെ ചൊല്ലിയാണ് സൈബര്‍ ആക്രമണം. പഠാന്‍ ഭാര്യയുടെ മുഖം കാണിക്കാൻ അനുവദിക്കുന്നില്ല, ഇടുങ്ങിയ ചിന്താഗതി, യാഥാസ്ഥിതികന്‍ എന്നിങ്ങനെയാണ് കമന്‍റുകളും ട്രോളുകളും.
പിന്നാലെ ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്- 'എന്‍റെ മകന്റെ അക്കൗണ്ടിൽ നിന്ന് ഭാര്യ തന്നെയാണ് ആ ചിത്രം പങ്കുവെച്ചത്. അതിന്റെ പേരിൽ വലിയ രീതിയിൽ വിദ്വേഷ പ്രചാരണം നടക്കുന്നു. ആ ചിത്രം ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു. സ്വന്തം മുഖം അവൾ അവ്യക്തമാക്കിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഞാൻ അവളുടെ അധിപനല്ല, പങ്കാളിയാണെന്ന് ഓർമിപ്പിക്കുന്നു'- അതേ ചിത്രം പോസ്റ്റ് ചെയ്താണ് ഇര്‍ഫാന്‍ പഠാന്‍റെ മറുപടി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പഠാന്‍ സഹോദരന്മാര്‍. പാവപ്പെട്ടവര്‍ക്ക് മരുന്നും ഭക്ഷണവും ഓക്സിജന്‍ സിലിണ്ടറുകളുമെല്ലാം എത്തിക്കാന്‍ സഹോദരന്മാര്‍ മുന്‍പിലുണ്ടായിരുന്നു. മറ്റ് സാമൂഹ്യ വിഷയങ്ങളിലും ഇര്‍ഫാന്‍ പഠാന്‍ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങള്‍ പറയാറുണ്ട്. കർഷക സമരത്തിനും ഫലസ്തീനികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പഠാനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുകയുണ്ടായി.
This picture is posted by my queen from my son's account. We are getting lot of hate.Let me post this here as well.She blurred this pic by her choice. And Yes,I'm her mate not her master;). #herlifeherchoice pic.twitter.com/Xy6CB2kKWA
— Irfan Pathan (@IrfanPathan) May 25, 2021