ഡോക്ടറായ ഭര്‍ത്താവിന്‍റെ കൊലപാതകം: റിട്ടയേര്‍ഡ് പ്രൊഫസറായ ഭാര്യ അറസ്റ്റില്‍
ഭര്‍ത്താവിന് ഉറക്ക ഗുളിക നല്‍കി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു
ഡോക്ടറായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ 60കാരിയായ റിട്ടയേര്‍ഡ് കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി ഷോക്കടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. 63കാരനായ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയോട് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഛത്തര്‍പുരില്‍ ഗവണ്‍മെന്‍റ് മഹാരാജ കോളേജിലെ കെമിസ്ട്രി പ്രൊഫസറായിരുന്ന മമത പഥക് ആണ് അറസ്റ്റിലായിട്ടുള്ളത്. ഭര്‍ത്താവ് ഡോക്ടര്‍ നീരജ് പഥകിനെ മമത കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏപ്രില്‍ 29നാണ് കൊല നടന്നത്. അടുത്ത ദിവസം തന്നെ മമത വീട് വിട്ടുപോയി.. പിന്നീട് തിരിച്ചുവന്ന് മെയ് 1 നാണ് നീരജിന്‍റെ മരണം എല്ലാവരേയും അറിയിച്ചത്. താനും മകനും രണ്ടുദിവസം വീട്ടിലില്ലായിരുന്നുവെന്നും തിരിച്ചെത്തിയപ്പോള്‍ നീരജിനെ മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്നുമാണ് മമത ആദ്യം പൊലീസിനോട് പറഞ്ഞത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു എന്നതാണ് മരണത്തില്‍ സംശയമുണ്ടാക്കിയത്. പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞതും.
മാത്രമല്ല, ഭാര്യയും മകനും തന്നെ ഉപദ്രവിക്കുന്നു എന്ന് ഏപ്രില്‍ 28 ന് നീരജ് അയച്ച ഒരു ശബ്ദ സന്ദേശവും പൊലീസിന് ലഭിച്ചതും കേസ് അന്വേഷണത്തിന് തെളിവായി. വിശദമായ ചോദ്യം ചെയ്യലില്‍ മമത കുറ്റം സമ്മതിക്കുകയായിരുന്നു. ദമ്പതികളുടെ 28 വയസ്സുള്ള മകന്‍ നിതേഷിന് കൃത്യത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കെമിസ്ട്രി പ്രൊഫസറായതിനാല്‍ മരണം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് പോസ്റ്റ്മോര്‍ട്ടം നടന്നാല്‍ ശരീരത്തില്‍ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിയില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അവര്‍ മരണവിവരം രണ്ടുദിവസം മറച്ചുവെച്ചതെന്നും പൊലീസ് പറഞ്ഞു. ഏപ്രില്‍ 29ന് കൂടിയ അളവില്‍ ഉറക്കഗുളികകള്‍ നീരജിന് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയും ശേഷം ബെഡ്റൂമില്‍വെച്ച് ഇലക്ട്രിക് വയറുകള്‍ ശരീരത്തില്‍ ചുറ്റി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കോവിഡ് ടെസ്റ്റിന് എന്ന് പറഞ്ഞാണ് അടുത്ത ദിവസം മമതയും മകനും ഝാന്‍സിക്ക് പോയത്. അച്ഛനുറങ്ങാണ്, ഉണര്‍ത്തേണ്ട എന്നാണ് ആ സമയത്ത് മമത മകനോട് പറഞ്ഞത്. മെയ് 1 ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നീരജ് ഷോക്കടിച്ച് മരിച്ച് കിടക്കുന്നതാണ് കണ്ടത് എന്നായിരുന്നു മമതയുടെ ആദ്യ മൊഴി.
തന്‍റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമാണ് മമതയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. തനിക്ക് രാത്രിയില്‍ മരുന്നുകള്‍ തന്ന് മയക്കിക്കിടത്തി തന്‍റെ ഭര്‍ത്താവ് ആ സ്ത്രീയെ കാണാന്‍ പോകുന്നുണ്ടെന്ന് നേരത്തെ മമത പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തങ്ങളുടെ അന്വേഷണത്തില്‍ അത് അവരുടെ വെറും ആരോപണമാണെന്ന് തെളിഞ്ഞിരുന്നുവെന്നും പൊലീസ് പറഞ്ഞു.