പി.എന്‍.ബി തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സിയെ കാണാതായെന്ന് കുടുംബം

ആന്‍റ്വിഗയിൽ അഭയാർഥിയായി കഴിയുന്ന മെഹുൽ ചോക്സിയെ ആന്‍റ്വിഗയിലെ ജോളി തുറമുഖത്തിന് അടുത്ത് നിന്നാണ് കാണാതായത്

Update: 2021-05-25 04:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

13,500 കോടിയുടെ പഞ്ചാബ് ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുൽ ചോക്സിയെ കാണാതായെന്ന് കുടുംബം. ആന്‍റ്വിഗയിൽ അഭയാർഥിയായി കഴിയുന്ന മെഹുൽ ചോക്സിയെ ആന്‍റ്വിഗയിലെ ജോളി തുറമുഖത്തിന് അടുത്ത് നിന്നാണ് കാണാതായത്.

ഞായറാഴ്ച (മെയ് 23) വൈകുന്നേരം 5.15 ന് വൈകിട്ട് കാറില്‍ പോകുമ്പോഴാണ് മെഹുൽ ചോക്‌സിയെ അവസാനമായി കണ്ടത്. റെസ്റ്റോറന്‍റില്‍ അത്താഴം കഴിക്കാൻ പോയ ചോക്സി തിരികെ എത്തിയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. അദ്ദേഹത്തിന്‍റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആന്‍റ്വിഗ പൊലീസ് അന്വേഷണം ആരംഭിച്ചതായി മെഹുൽ ചോക്സിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

മെഹുൽ ചോക്സിയെ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊതുജനങ്ങള്‍ പൊലീസിനെ അറിയിക്കണമെന്നും ആന്‍റ്വിഗ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൌണ്‍ പറഞ്ഞു. മെഹുല്‍ ചോക്സി ക്യൂബയിലേക്ക് കടന്നിരിക്കാമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ''മെഹുൽ ചോക്സി രാജ്യം വിട്ടു.മിക്കവാറും ക്യൂബയിലുള്ള ആഢംബര ഭവനത്തിലുണ്ടായിരിക്കുമെന്ന്'' മെഹുലിന്‍റെ സഹായി പറഞ്ഞു. പൗരത്വം റദ്ദാക്കാൻ ഇന്ത്യൻ സർക്കാർ അധികൃതരുടെ മേൽ സമ്മർദ്ദം ചെലുത്തിയതിനാൽ മെഹുൽ ചോക്സി ആന്‍റ്വിഗ വിട്ടുപോയതാകാമെന്നാണ് റിപ്പോര്‍ട്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളില്‍ നിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് മെഹുല്‍ ചോക്സിയും അനന്തരവന്‍ നീരവ് മോദിയും തിരിച്ചടക്കാതെ രാജ്യം വിടുകയായിരുന്നു. ചികിത്സക്കെന്നും പറഞ്ഞാണ് 2018 ജനുവരിയില്‍ യുഎസിലേക്ക് പോയത്. പിന്നീട് യുഎസില്‍ നിന്ന് ആന്‍റ്വിഗയിലേക്ക് കടന്ന് ആന്റിഗ്വ നിയമപ്രകാരം നിശ്ചിത തുക നല്‍കി പൗരത്വം നേടി. നീരവ് മോദി നിലവില്‍ ലണ്ടനിലാണുള്ളത്. മോദി സര്‍ക്കാരിന്‍റെ ഒത്താശയോടെയാണ് ഇരുവരും തട്ടിപ്പ് നടത്തിയതും രാജ്യം വിടരുതെന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News