'ഗുരുദ്വാരയും ക്ഷേത്രവുമുള്ള നാട്ടിൽ പള്ളിയും വേണം'; മസ്ജിദ് നിര്‍മാണത്തിനായി ഒന്നിച്ച് പഞ്ചാബ് ഗ്രാമം

നാട്ടുകാരുടെ പങ്കാളിത്തത്തില്‍ ഇപ്പോൾ അവിടെയൊരു മസ്ജിദ് ഉയരുകയാണ്. പള്ളിയുടെ ഓരോ തൂണിലും തുരുമ്പിലും മനുഷ്യസൗഹൃദത്തിന്റെ വിയർപ്പും പറ്റിക്കിടക്കുമെന്നുറപ്പാണ്. നൂറുരൂപ മുതൽ ഒരു ലക്ഷം വരെയാണ് മതജാതി വ്യത്യാസമില്ലാതെ അവര്‍ പള്ളി നിർമാണ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തത്

Update: 2021-06-15 05:05 GMT
Editor : Shaheer | By : Web Desk
Advertising

പഞ്ചാബിലെ മോഗയ്ക്കടുത്തുള്ള ഭൂലാർ ഗ്രാമത്തിൽ മനുഷ്യർക്കെല്ലാം ഏക മനസാണ്. സിഖ് മതവിശ്വാസികൾക്കു ഭൂരിപക്ഷമുള്ള ഗ്രാമത്തിൽ വെറും നാല് മുസ്‍ലിം കുടുംബങ്ങൾ മാത്രമാണുള്ളത്. എന്നാൽ, അതിന്റെ കുറവോ അല്ലലോ ഒന്നും അവർക്ക് ഇത്രയും കാലം അനുഭവിക്കേണ്ടിവന്നിട്ടില്ല. സിഖ്, ഹിന്ദു, മുസ്‍ലിം വേർതിരിവുകളൊന്നുമില്ലാതെ നാട്ടിലെ ഓരോ കുടുംബങ്ങളുടെയും സന്തോഷവും ദുഃഖവുമെല്ലാം എല്ലാവരുടേതുമാണ്.

ഏഴ് ഗുരുദ്വാരകളും രണ്ട് ഹിന്ദു ക്ഷേത്രങ്ങളുമുണ്ട് ഗ്രാമത്തിൽ. എന്നാൽ, കാലങ്ങളായി തങ്ങളുടെ മുസ്‍ലിം സഹോദരങ്ങൾക്ക് ഒന്നിച്ചിരുന്നു പ്രാർത്ഥിക്കാനൊരു ഇടമില്ലെന്നതു കാലങ്ങളായി ഗ്രാമീണരെ അലട്ടുന്നു. അങ്ങനെയാണ് പള്ളി നിർമാണത്തിന് ഗ്രാമമൊന്നടങ്കം ഒന്നിച്ചിറങ്ങുന്നത്. നാട്ടുകാരുടെ ഒന്നിച്ചുള്ള സഹായത്തിൽ ഇപ്പോൾ അവിടെയൊരു മസ്ജിദ് ഉയരുകയാണ്. പള്ളിയുടെ ഓരോ തൂണിലും തുരുമ്പിലും മനുഷ്യസൗഹൃദത്തിന്റെ വിയർപ്പും പറ്റിക്കിടക്കുമെന്നുറപ്പാണ്. നൂറുരൂപ മുതൽ ഒരു ലക്ഷം വരെ പലരും പള്ളിയുടെ നിർമാണ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തു. ഇതിനുപുറമെ വഖഫ് ബോർഡിന്റെ സഹായവും ചേർത്താണ് നിർമാണം ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യ-പാക് വിഭജനത്തിനുമുൻപ് ഗ്രാമത്തിലൊരു പള്ളിയുണ്ടായിരുന്നുവെന്നാണ് ഗ്രാമമുഖ്യൻ പാല സിങ് പറയുന്നത്. എന്നാൽ, കാലക്രമേണ പള്ളി തകർന്നുപോയി. വിഭജനകാലത്ത് ഇവിടെത്തന്നെ നിൽക്കാൻ തീരുമാനിച്ച നാല് മുസ്‍ലിം കുടുംബത്തിലെ പിന്മുറക്കാരാണ് ഇപ്പോൾ ഗ്രാമത്തിലുള്ളത്. ഹിന്ദു, മുസ്‍ലിം, സിഖ് കുടുംബങ്ങളെല്ലാം സാഹോദര്യത്തോടെയാണ് ഇവിടെ കഴിയുന്നത്. ഇതിനിടയിൽ മുസ്‍ലിം വിശ്വാസികൾക്കും ഒരു ആരാധനാലയം വേണമെന്ന ചിന്തയിലാണ് നേരത്തെ പള്ളി നിന്നിരുന്ന സ്ഥലത്തുതന്നെ അതു പുനർനിർമിക്കാൻ നാട്ടുകാർ തീരുമാനിച്ചതെന്നും പാല സിങ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു പള്ളിയുടെ ശിലാസ്ഥാപന ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാൽ, കനത്ത മഴയെ തുടർന്ന് ചടങ്ങ് മാറ്റിവയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു ബന്ധപ്പെട്ടവർ. വിവരമറിഞ്ഞ നാട്ടുകാർ ഉടൻതന്നെ ഇടപെട്ടു. തൊട്ടടുത്തുള്ള ശ്രീ സത്സംഗ് സാഹിബ് ഗുരുദ്വാരയിൽ ചടങ്ങ് നടത്താമെന്നായി. അങ്ങനെ ഗ്രാമമൊന്നടങ്കം ഗുരുദ്വാരയിൽ ഒന്നിച്ചുചേർന്ന് മുസ്‍ലിം പള്ളിക്ക് ശിലയിട്ടു.

പ്രാർത്ഥനകളിലും ആരാധനാ ചടങ്ങുകളിലുമെല്ലാം എല്ലാവരും ഭാഗമായി. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഗ്രാമത്തിന്റെ മൊത്തം സഹായമുണ്ടാകുമെന്ന് മുൻ ഗ്രാമമുഖ്യൻ ബോഹർ സിങ് ശിലാസ്ഥാപന ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ അറിയിച്ചു. ഈ മഹാമനസ്‌കതയ്ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നു പറഞ്ഞുകൊണ്ടാണ് നാഇബ് ഷാഹി ഇമാമായ മൗലാന മുഹമ്മദ് ഉസ്മാൻ റഹ്‌മാനി ലുധിയാനവി ചടങ്ങുകൾ അവസാനിപ്പിച്ചത്. ഒടുവിൽ ഗുരുദ്വാരയിലെ ലംഗാറിൽ വച്ച് തന്നെ തയാറാക്കിയ ജിലേബിയുടെ മധുരവും പങ്കിട്ടാണ് എല്ലാവരും പിരിഞ്ഞത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News