കോവിഡ്: ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി രാഹുൽ ഗാന്ധി, വക വെക്കാതെ മോദി ബംഗാളിൽ

റാലികളുണ്ടാക്കുന്ന പ്രത്യാഘാതം രാഷ്ട്രീയ പാർട്ടി നേതാക്കൾ മനസിലാക്കണമെന്നും രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികൾ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുൽ ഗാന്ധി

Update: 2021-04-18 08:25 GMT
Editor : rishad | By : Web Desk
Advertising

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്താനിരുന്ന എല്ലാ റാലികളും റദ്ദാക്കിയതായി രാഹുൽ ഗാന്ധി. റാലികളുണ്ടാക്കുന്ന പ്രത്യാഘാതം രാഷ്ട്രീയ പാർട്ടി നേതാക്കൾ മനസിലാക്കണമെന്നും രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികൾ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

പശ്ചിമ ബംഗാളിലെ അസാൻസോളിൽ പ്രധാനമന്ത്രി കൂറ്റൻ ബിജെപി റാലിയെ അഭിസംബോധന ചെയ്തിരുന്നു. ഇതാദ്യമായാണ് ഇത്രയും വലിയൊരു റാലി കാണുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇന്ന്, നിങ്ങള്‍ നിങ്ങളുടെ ശക്തി കാണിച്ചു. അടുത്ത ഘട്ടം കൂടുതല്‍ പ്രധാനമാണ്. ഇനി വോട്ടുചെയ്യുക. മറ്റുള്ളവരെയും അതില്‍ പങ്കെടുപ്പിക്കുക എന്നായിരുന്നു നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.  കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കവെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. രാജ്യത്താകെ 2.34 ലക്ഷം കോവിഡ് റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1,501 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയര്‍ന്നു. 18,01,316 സജീവ കേസുകളുണ്ട് രാജ്യത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേര്‍ കോവിഡ് മുക്തരായി.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News