എം.പി സ്ഥാനം രാജിവെച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി; തോറ്റതിന് പിന്നാലെ സ്വപന്‍ദാസിന് വീണ്ടും രാജ്യസഭാംഗത്വം
മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സ്വപന്‍ദാസ് ഗുപ്തയെ 2016-ലാണ് ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.
എം.പി സ്ഥാനം രാജിവെച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിയെ തോറ്റതിന് പിന്നാലെ വീണ്ടും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സ്വപന്‍ദാസ് ഗുപ്തയാണ് വീണ്ടും എം.പിയായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം എം.പി സ്ഥാനം രാജിവെച്ചത്.
മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സ്വപന്‍ദാസ് ഗുപ്ത 2016-ലാണ് ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. തുടര്‍ന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം താരകേശ്വര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി. നമനിര്‍ദേശം ചെയ്യപ്പെട്ട എം.പി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര അടക്കമുള്ളവര്‍ രംഗത്തെത്തി.
ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം നാമനിര്‍ദേശം ചെയ്യപ്പെടുന്ന എം.പിമാര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യത കല്‍പ്പിക്കുന്ന ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മഹുവ മൊയ്ത്രയുടെ വിമര്‍ശം. ഇതിനെ തുടര്‍ന്നാണ് സ്വപന്‍ദാസ് എം.പി സ്ഥാനം രാജിവെച്ചത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വപന്‍ദാസ് ഗുപ്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാമേന്ദു സിന്‍ഹാരേയോട് 9127 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് രാജ്യസഭയിലേക്ക് വ്യക്തികളെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുക. സാഹിത്യം, ശാസ്ത്രം, കായികം, കല, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വ്യക്തികളെയാണ് ഇത്തരത്തില്‍ നാമനിര്‍ദേശം ചെയ്യാറുള്ളത്. സ്വപന്‍ദാസ് ഗുപ്തയ്ക്ക് പുറമെ പ്രശസ്ത അഭിഭാഷകന്‍ മഹേഷ് ജഠ്മലാനിയേയും ഇന്ന് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.