കോവിഡ് കേസുകള്‍ കുറഞ്ഞു; ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ച് തെലങ്കാന

രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Update: 2021-06-19 11:37 GMT
Advertising

കോവി‍ഡിന്‍റെ രണ്ടാം തരംഗം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കാൻ തീരുമാനിച്ച് തെലങ്കാന. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റാന്‍ വിവിധ വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 

കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞുവെന്നും രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ ഓഫീസ് അറിയിച്ചു. 

6,10,834 പേർക്കാണ് തെലങ്കാനയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3546 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 1417 പേർക്കാണ്. 12 പേരാണ് മരിച്ചത്. ജൂണ്‍ ഒമ്പതിനായിരുന്നു തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ പത്തു ദിവസത്തേക്ക് കൂടി നീട്ടിയത്. ഇത് അവസാനിക്കവെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനമായത്. 

കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ട്. എന്നാല്‍  ലോക്ക്ഡൗണ്‍ ഇളവുകളില്‍ കരുതല്‍ വേണമെന്നാണ് കേന്ദ്രത്തിന്‍റെ നിര്‍ദേശം. കോവിഡ് പ്രൊട്ടോക്കോള്‍ ഉറപ്പാക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന- കേന്ദ്ര ഭരണപ്രദേശങ്ങളിലെ എല്ലാ ചീഫ്‌ സെക്രട്ടറിമാര്‍ക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല കത്തയച്ചിരുന്നു.

ഇളവുകള്‍ അനുവദിച്ചതോടെ പലയിടത്തും ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ടെന്നും ഇതൊഴിവാക്കണമെന്നും ആഭ്യന്തര സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നിവയ്ക്കൊപ്പം വാക്സിനേഷന്‍ വേഗത്തിലാക്കാനുളള നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News