യുപിയില്‍ മൃതദേഹം കൊണ്ടുപോകാന്‍ എത്തിയത് മാലിന്യവണ്ടി
കോവിഡ് മൂലമാണ് സഹോദരി മരിച്ചതെന്ന സംശയത്തില്‍ അയല്‍ക്കാര്‍ ആരും തന്നെ സഹായത്തിനെത്തിയില്ല.
ഉത്തര്‍പ്രദേശില്‍ സ്ത്രീയുടെ മൃതശരീരം കൊണ്ടുപോകാന്‍ എത്തിയത് കോര്‍പ്പറേഷന്റെ മാലിന്യ വാഹനം. ഉത്തര്‍പ്രദേശിലെ ശാംലിയിലാണ് ക്രൂരമായ മനുഷ്യാവകാശ ലംഘനം നടന്നത്. കോവിഡ് മൂലമാണ് സ്ത്രീ മരിച്ചതെന്ന് പറഞ്ഞ് ആരും സഹായത്തിന് എത്തിയില്ലെന്നും, മൃതദേഹം കൊണ്ടുപോകാന്‍ കോര്‍പ്പറേഷന്‍ മാലിന്യവണ്ടി അയക്കുകയായിരുന്നെന്നും സഹോദരന്‍ പ്രഭാസ് സര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പശ്ചിമ ബംഗാളില്‍ നിന്നുള്ള 65 കാരിയുടെ മൃതദേഹമാണ് മാലിന്യവണ്ടിയില്‍ കയറ്റി സംസ്‌കരിക്കാന്‍ കൊണ്ടുപോയത്. ബംഗാളിലെ വീട്ടില്‍ ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന സ്ത്രീയെ സഹോദരന്‍ യു.പിയിലുള്ള തന്‍റെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു. എന്നാല്‍ ശനിയാഴ്ച്ചയോടെ മരണം സംഭവിച്ചു.
കോവിഡ് മൂലമാണ് സഹോദരി മരിച്ചതെന്ന സംശയത്തില്‍ അയല്‍ക്കാര്‍ ആരും തന്നെ സഹായത്തിനെത്തിയില്ല. ഒടുവില്‍ മുന്‍സിപാലിറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ മാലിന്യവണ്ടി കൊടുത്തയക്കുകയായിരുന്നു. മൃതദേഹം കോര്‍പ്പറേഷന്‍ വാഹനത്തില്‍ കയറ്റിയുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
സംഭവം വാര്‍ത്തയായതോടെ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. സ്ത്രീ വീട്ടില്‍ വെച്ചുതന്നെയാണ് മരിച്ചതെന്നും, മരണ കാരണം കോവിഡല്ല എന്ന സ്ഥിരീകരിച്ചതായും മജിസ്‌ട്രേറ്റ് മാധ്യമങ്ങളെ അറിയിച്ചു.