കഫീല്‍ ഖാന്റെ സഹോദരൻ കാഷിഫ് ജമീലിന്റെ ആരോഗ്യനില വഷളായി
അടിയന്തര ചികിത്സയ്ക്കായി കാഷിഫിനെ ലക്നൌവിലെ ആശുപത്രിയിലേക്ക് മാറ്റി
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ആശുപത്രിയിലെ മുന്‍ ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരൻ കാഷിഫ് ജമീലിന്റെ ആരോഗ്യനില വഷളായി. അടിയന്തര ചികിത്സയ്ക്കായി കാഷിഫിനെ ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി 11 മണിയോട് കൂടി ബൈക്കിലെത്തിയ അജ്ഞാതസംഘം കാഷിഫ് ജമീലിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗോരഖ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കാഷിഫിന്റെ ആരോഗ്യനിലയിൽ തിങ്കളാഴ്ച നേരിയ പുരോഗതിയുണ്ടായിരുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ബൈക്കിലെത്തിയ രണ്ട് അംഗ മുഖംമൂടി സംഘം കാഷിഫിന് നേരെ വെടിയുതിർത്തത്
എന്നാൽ നെഞ്ചിലേറ്റ മുറിവിൽ നിന്നും അണുബാധ ഉണ്ടായതോടെയാണ് ആരോഗ്യ നില വീണ്ടും വഷളായത്. ഇതിന് പിന്നാലെ അദ്ദേഹത്തെ ലക്നൗവിലെ കെജിഎംസി ആശുപത്രിയിലേക് മാറ്റുകയായിരുന്നു.കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ബൈക്കിലെത്തിയ രണ്ട് അംഗ മുഖംമൂടി സംഘം കാഷിഫിന് നേരെ വെടിയുതിർത്തത്. നെഞ്ചിനും തോളിലും കൈക്കുമാണ് വെടിയേറ്റത്.
സംഭവത്തിന് പിന്നില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്ന് കഫീല്‍ ഖാന്‍ ആരോപിച്ചിരുന്നു. തന്റെ കുടുംബത്തിന് വധ ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും കഫീല്‍ ഖാന്റെ മാതാവും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഗോരഖ്പൂരിലെ ബി ആര്‍ ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡോ.കഫീല്‍ഖാന് ഈ വർഷം എപ്രിലിൽ ആണ് ജാമ്യം ലഭിച്ചത്. എട്ടുമാസമായിട്ടും കുറ്റം ചുമത്താൻ ഉത്തർപ്രദേശ്
പൊലീസിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.