കോവിഡ് വ്യാപനം: കുവൈത്തിലേക്ക് തിരിച്ചുവരവ് കാത്തിരിക്കുന്ന പ്രവാസികള്‍ ആശങ്കയില്‍
വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കിയാലും നാട്ടിലെ കോവിഡ് വ്യാപനം കാരണം ഇന്ത്യൻ പ്രവാസികൾക്ക് അവസരം നഷ്ടപ്പെടുമോ എന്നാണ് ആശങ്ക
ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നത് കുവൈത്തിലേക്ക് തിരിച്ചുവരവ് കാത്തിരിക്കുന്ന പ്രവാസികളെ ആശങ്കയിലാക്കുന്നു. വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കിയാലും നാട്ടിലെ കോവിഡ് വ്യാപനം കാരണം ഇന്ത്യൻ പ്രവാസികൾക്ക് അവസരം നഷ്ടപ്പെടുമോ എന്നാണ് ആശങ്ക. യുഎഇ കൂടി ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയത് ആശങ്കയുടെ തോത് ഉയർത്തുന്നു.
അവധിക്ക് നാട്ടിൽ പോയി കുടുങ്ങിയ ആയിരങ്ങളാണുള്ളത്. ജോലിയുമായും വിസ പുതുക്കലുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തിൽ എത്തേണ്ടതുള്ളവരാണ് ഇവരിലേറെയും. പെരുന്നാളിന് ശേഷം കുവൈത്ത് പ്രവേശന വിലക്ക് പിൻവലിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇവർ. കോവിഡ് വ്യാപനം കൂടുതലുള്ള ചില രാജ്യങ്ങൾക്ക് വിലക്ക് നിലനിർത്തുമെന്നാണ് സൂചന. ഇതാണ് ഇന്ത്യൻ പ്രവാസികളുടെ ആശങ്കയുടെ അടിസ്ഥാനം.
ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിനടുത്താണ്. കുവൈത്തിലും കോവിഡ് കേസുകൾ കൂടുതലാണ്. 1400നടുത്താണ് പ്രതിദിന കേസുകൾ. 15000ത്തിന് മുകളിൽ ആളുകൾ ചികിത്സയിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ 250 ഓളം പേർ ഉണ്ട്. വൈറസ് വ്യാപനം പരിധി വിട്ടാൽ കാര്യങ്ങൾ കുഴയും. അതുകൊണ്ടുതന്നെ തൽക്കാലം കൂടുതൽ ആളുകൾ രാജ്യത്ത് എത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ശിപാർശ ചെയ്തതായാണ് വിവരം.
അതിനിടെ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കാനായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്.