യാത്രാവിലക്ക് നീണ്ടേക്കും; പ്രവാസികൾ ആശങ്കയിൽ
നാട്ടിൽ കുടുങ്ങിയത് ആയിരങ്ങൾ
യാത്രാവിലക്ക് പ്രഖ്യാപിച്ചതോടെ നാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ നിർബന്ധിതരായി പ്രവാസികൾ. യാത്രാവിലക്കിനെ തുടർന്ന് യുഎഇയിൽ തിരിച്ചെത്താതെ ആയിരങ്ങൾ നാട്ടിലും കുടുങ്ങിയിട്ടുണ്ട്. പ്രതിസന്ധി എത്രകാലം നീണ്ടുനിൽക്കും എന്ന ആശങ്കയും ശക്തമാണ്. പുതിയ പ്രഖ്യാപനങ്ങളോടെ ആയിരങ്ങളാണ് നാട്ടിൽ കുടുങ്ങിയത്.
മെയ് അഞ്ചു വരെയാണ് യുഎഇയുടെ യാത്രാവിലക്ക്. എന്നാൽ ഇന്ത്യയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരും. അതേസമയം നയതന്ത്ര, ആരോഗ്യ ഉഗ്യോഗസ്ഥർ, ഗോൾഡൻ വിസക്കാർ എന്നിവർക്ക് വിലക്കില്ല. ഇന്ത്യയിൽനിന്ന് നേരിട്ടും അല്ലാതെയുമുള്ള കാർഗോ സർവീസുകൾക്ക് ഇളവുണ്ട്.
ഒമാൻ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലെ യാത്രാവിലക്കും എത്രകാലം നീണ്ടുനിൽക്കും എന്ന കാര്യം വ്യക്തമല്ല. പ്രതിസന്ധി തുടർന്നാൽ പലരുടെയും ജോലിയെയും അതു ബാധിക്കും. തിരികെവരാൻ വൈകിയാൽ ജോലിക്കാര്യം പ്രശ്‌നമാകുമെന്ന് ചില കമ്പനികൾ അറിയിച്ചതായി ജീവനക്കാർ പറയുന്നു. ഈ സാഹചര്യം കൂടി മുൻനിർത്തിയാണ് പലരും ഇപ്പോൾ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കുന്നത്. അതേസമയം ആയിരങ്ങളാണ് യുഎഇയിൽ എത്താൻ പറ്റാതെ നാട്ടിൽ കുടുങ്ങിയിരിക്കുന്നതെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ പറയുന്നു. മെയ് അഞ്ചിനുശേഷവും പ്രതിസന്ധി തുടർന്നാൽ പ്രത്യാഘാതം വലുതായിരിക്കും.
കൂടുതൽ രാജ്യങ്ങൾ ഇന്ത്യക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ട്രാൻസിറ്റ് യാത്രയും ബുദ്ധിമുട്ടാകും. നേപ്പാൾ, മാലി എന്നിവ മുഖേന സൗദിയിലേക്ക് പുറപ്പെട്ടവരും ഈ ഉത്കണ്ഠയാണ് പങ്കുവയ്ക്കുന്നത്.