Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മരിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി (സിഡബ്ല്യുസി) യോഗം ചേരാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ത മുഖര്‍ജി. പ്രണബ് മുഖര്‍ജിയുടെ മരണത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം വിളിക്കണമെന്ന ചിന്ത ആര്‍ക്കും ഉണ്ടായിട്ടില്ലെന്ന് ശര്‍മിഷ്ത പറഞ്ഞു. എക്‌സിലൂടെയായിരുന്നു ശര്‍മിഷ്തയുടെ വിമര്‍ശനം.
2020ലായിരുന്നു പ്രണബ് മുഖര്‍ജി അന്തരിച്ചത്. 'പിതാവ് മരിച്ചപ്പോള്‍ അനുശോചനം അറിയിക്കാനായി ആരും യോഗം വിളിച്ചില്ല. രാജ്യത്തിന്റെ നാല് പ്രസിഡന്റുമാര്‍ മരിച്ചപ്പോഴും അതുണ്ടായില്ല. മുമ്പ് കെ.ആര്‍ നാരായണന്‍ മരിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം വിളിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു എന്ന് പിതാവിന്റെ ഡയറിയില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചു' എന്ന് ശര്‍മിഷ്ത പറഞ്ഞു.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെ ആയിരുന്നു ശര്‍മിഷ്തയുടെ വിമര്‍ശനം. എന്നാല്‍ മന്‍മോഹന്‍ സിങ്ങിന് വേണ്ടി മെമ്മോറിയല്‍ എന്നത് നല്ലൊരു ആശയമാണ് എന്ന് ശര്‍മിഷ്ത പറഞ്ഞു. 'ഭാരതരത്‌ന പുരസ്‌കാരം കൂടി മന്‍മോഹന്‍ സിങ് അര്‍ഹിക്കുണ്ട്. തന്റെ പിതാവും മന്‍മോഹന്‍ സിങ്ങിന് ഭാരതരത്‌ന നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നു' എന്നും അവര്‍ എക്‌സില്‍ കുറിച്ചു.