എന്നെയെന്തിന് ജനിക്കാൻ അനുവദിച്ചു; അമ്മയുടെ ഡോക്ടർക്കെതിരെ പരാതി നൽകി യുവതി
നഷ്ടപരിഹാരമായി കോടികൾ വിധിച്ച് കോടതി
ജന്മനാ ഗുരുതര രോഗങ്ങളുമായി പിറന്നുവീഴുന്നവർ ഏറെയാണ്. ജീവിതകാലം മുതൽ ആ രോഗത്തിന്റെ വേദനകൾ സഹിച്ചുജീവിച്ചുതീർക്കുക മാത്രമാണ് അവരുടെ മുന്നിലുള്ള ഏകവഴി. എന്നാൽ ഗുരുതര രോഗങ്ങളുമായി ജനിക്കേണ്ടിയിരുന്നില്ലെന്ന് ഒരാൾക്ക് തോന്നിയാൽ എന്തുചെയ്യും. പൊലീസിൽ പരാതിപ്പെടാനാകുമോ. ചിരിച്ചു തള്ളേണ്ട.
ഗർഭിണിയായിരിക്കുന്ന വേളയിൽ അമ്മയെ ശരിയായ രീതിയിൽ ഉപദേശിക്കുന്നതിൽ വീഴ്ച പറ്റിയ ഡോക്ടർക്കെതിരെ ബ്രിട്ടനിലാണ് യുവതി പരാതി നൽകിയത്. താൻ ഇപ്പോഴനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് ഉത്തരവാദിയായ ഡോ. ഫിലിപ്പ് മിച്ചെല്ലിനെതിരെ എവി ടൂംബ്‌സ് എന്ന ഇരുപതുകാരിയാണ് കോടതിയെ സമീപിച്ചത്. നട്ടെല്ലിനെ ബാധിക്കുന്ന സ്‌പൈന ബിഫിഡ എന്ന അസുഖവുമായാണ് എവി ജനിച്ചത്. എവി അറിയപ്പെടുന്ന കുതിര സവാരിക്കാരിയാണ്.
ന്യൂറൽ ട്യൂബുകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് സ്‌പൈന ബൈഫിഡ. നാഡികൾ ബലഹീനമാകുന്നതിനും പ്രവർത്തനരഹിതമാകുന്നതിനും ഈ രോഗം കാരണമാകും. സ്‌പൈന ബിഫിഡ മൂലം എവിക്ക് ചില ദിവസങ്ങളിൽ 24 മണിക്കൂറും ട്യൂബുകൾ ഘടിപ്പിച്ച് കഴിയേണ്ടി വരുന്നുണ്ട് ദ സൺ റിപ്പോർട്ട് ചെയ്യുന്നു.
സ്‌പൈനൽ ബിഫിഡയുടെ അപകടസാധ്യത കുറക്കുന്നതിനായി ഫോളിക് ആസിഡ് സപ്ലിമെന്റുകൾ കഴിക്കണമെന്ന് ഡോ.മിച്ചൽ നിർദേശിച്ചിരുന്നെങ്കിൽ ഒരു പക്ഷേ അമ്മ ഗർഭധാരണം നീട്ടിവെക്കുമായിരുന്നു എന്നാണ് എവിയുടെ വാദം. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എവി ജനിക്കുക പോലുമുണ്ടാകില്ല.
ബുധനാഴ്ച ലണ്ടൻ ഹൈകോടതി കേസ് പരിഗണിക്കുകയും എവിയുടെ പരാതിയിൽ ന്യായമുണ്ടെന്ന് ജഡ്ജി റോസലിൻഡ് കോ ക്യുസി വിലയിരുത്തുകയും ചെയ്തു. എവിയുടെ അമ്മക്ക് തക്ക സമയത്ത് ശരിയായ ഉപദേശം നൽകിയിരുന്നെങ്കിൽ ഗർഭധാരണത്തനുള്ള ശ്രമങ്ങൾ നീട്ടിവെക്കുമായിരുന്നെന്നും ജഡ്ജി വിധിച്ചു. ഒരുപക്ഷേ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ആരോഗ്യമുള്ള കുട്ടിക്ക് അവർ ജന്മം നൽകുമായിരുന്നെന്നും ജഡ്ജി നിരീക്ഷിച്ചു. എവി ടൂംബ്‌സിന് വൻതുക നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു.
തുക എത്രയാണെന്ന് കൃത്യമായി തിട്ടപ്പെടുത്തിയില്ലെന്നും എവിയുടെ ആജീവാനന്ത പരിചരണങ്ങൾക്ക് വൻതുക ആവശ്യമായി വരുന്നതിനാൽ അതിനുതകുന്ന തുക തന്നെയായിരിക്കും കിട്ടുകയെന്നും എവിയുടെ അഭിഭാഷകൻ പറഞ്ഞു.
ഡോ. മിച്ചൽ തന്നോട് ശരിയായ ഉപദേശം നൽകിയിരുന്നെങ്കിൽ ഗർഭിണിയാകാനുള്ള തീരുമാനം മാറ്റിവെക്കുമായിരുന്നുവെന്ന് എവി ടൂംബ്‌സിന്റെ അമ്മ നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു. സമീകൃതവും പോഷകവുമടങ്ങിയ ആഹാരങ്ങൾ കഴിച്ചിരുന്നതിനാൽ ഫോളിക് ആസിഡ് സപ്ലിമെന്റുകൾ കഴിക്കേണ്ടെന്നാണ് ഡോക്ടർ ഉപദേശിച്ചതെന്നും ജഡ്ജിയോട് പറഞ്ഞു.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങൾ ജനിക്കുന്ന കേസുകളിൽ ഗർഭധാരണത്തിന് മുമ്പായി ആരോഗ്യപ്രവർത്തകർ ശരിയായ ഉപദേശം നൽകുന്നതിന്റെ പ്രാധാന്യവും കടമയും ചൂണ്ടിക്കാട്ടുന്നതാണ് ഈ വിധിയെന്നാണ് വിലയിരുത്തപ്പെടുന്നത്.