മുസ്‍ലിം സിപിഎമ്മിനും അപരനാണ്
മുസ്‍ലിം കർതൃത്വത്തിൽ നടക്കുന്ന രാഷ്ട്രീയ മുന്നേറ്റങ്ങളെ ഭീകരവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നേതൃത്വത്തിൽ നടന്ന് കൊണ്ടിരിക്കുന്നത്
ലക്ഷണമൊത്ത ഒരു വംശീയ സംഘമാണ് ആർഎസ്എസ് എന്നത് നമ്മുടെ ബോധ്യവും അനുഭവവുമാണ്. അതിനാൽ മുസ്‍ലിം വിരോധം, മുസ്‍ലിം ഉന്മൂലനം അതിൻറെ ഒന്നാമത്തെ അജണ്ടയാണ്. മുസ്‍ലിം എന്ന അപരൻ അപ്പുറത്ത് നിലനിൽക്കുന്നില്ല എങ്കിൽ ആർഎസ്എസ് എന്നത് അപ്രസക്തമായ ഒരു ആശയമാണ്. അഥവാ ഇന്ത്യയിലെ മുസ്‍ലിമിനെ ഒരു അപരനായി പ്രതിസ്ഥാനത്ത് നിർത്തേണ്ടത് സംഘപരിവാറിന്റെ അനിവാര്യതയാണ് . ഈ അനിവാര്യത സിപിഎമ്മിന് ആവശ്യമില്ല എന്ന് നമുക്കറിയാം. പക്ഷേ സമീപകാല സിപിഎം ഇടപെടലുകൾ ഈ അർത്ഥത്തിൽ വികസിച്ചു വരുന്നതായി നമുക്ക് കാണാം. അഥവാ മുസ്‍ലിം വിരോധം ആന്തരികവൽക്കരിച്ച ഒരു ഹിന്ദു ഭൂരിപക്ഷ പാർട്ടിയായി പരിണമിക്കുന്ന പുതിയ സിപിഎമ്മിനെ നാം ഇവിടെ കാണുന്നു. എന്താണ് പാർട്ടിക്ക് സംഭവിച്ച പുതിയ പരിണാമം എന്നത് ഇപ്പോൾ സാമൂഹ്യശാസ്ത്രജ്ഞർ വിശകലന വിധേയമാക്കണം.
ചാനലുകളിൽ വന്നിരുന്നു നടത്തുന്ന ഗ്വാ ഗ്വാ വിളികൾക്കപ്പുറത്ത് പഠനവിധേയമാക്കേണ്ടുന്ന ഒന്നാണ് സിപിഎമ്മിന്റെ മുസ്‍ലിം അപരവത്കരണ പദ്ധതി. അഥവാ പാർട്ടി ഇപ്പോൾ നടത്തുന്ന മുസ്‍ലിം പൈശാചിക വൽക്കരണം പാർട്ടി തീരുമാനിച്ച നയത്തിന്റെ ഭാഗമാണോ അതോ നിലനിൽക്കുന്ന ഹിന്ദുത്വ സവർണ്ണബോധത്തെ അബോധപരമായി സ്വാംശീകരിച്ചതാണോ എന്ന ചോദ്യം ഇവിടെ ഉയരുകയാണ്. എന്തായിരുന്നാലും കേരളീയ സമൂഹത്തിന്റെ സെക്യുലർ ഫാബ്രിക്കിന് വലിയ പരിക്കുകൾ സമ്മാനിക്കുന്നു എന്നതോടൊപ്പം ഹിന്ദുത്വ പരിവാറിന് കേരളത്തിൽ മണ്ണൊരുക്കുന്നതിനുള്ള പദ്ധതിയായി ഇതിനെ മനസ്സിലാക്കണം. മുസ്‍ലിം പൈശാചിക വൽക്കരണം നടത്തുമ്പോൾ അവർ നടത്താറുള്ള ഒരു തന്ത്രപരമായ സമീപനം നാം ഇവിടെ അന്വേഷണ വിധേയമാക്കണം.
ഉദാഹരണമായി വ്യായാമ കൂട്ടായ്മയായ MEC 7നെ കുറിച്ച് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ ആദ്യം നടത്തിയ പ്രസ്താവന ഇങ്ങനെയാണ്. വ്യായാമ കൂട്ടായ്മ എന്ന പേരിൽ പുതിയൊരു സംഘടന രൂപീകരിക്കുകയും അതിന്റെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ മുസ്‍ലിം തീവ്രവാദം വളർത്തുകയും ചെയ്യുന്നു എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രസ്താവന. ചില പ്രദേശങ്ങളിൽ വ്യായാമ കൂട്ടായ്മയിൽ പങ്കെടുക്കുന്നവരിൽ മുസ്‍ലിംങ്ങളാണ് കൂടുതൽ എന്ന് ഒറ്റക്കാരണത്താൽ ഭീകരവൽക്കരിക്കാനുള്ള ഒരു ശ്രമം ആയിരുന്നു മോഹനൻ നടത്തിയത്.
തുടർന്ന് കേരളീയ സമൂഹത്തിൽ നിന്നു ഉയർന്നുവന്ന പ്രതിഷേധത്തിൽ അദ്ദേഹത്തിന് അത് തിരുത്തേണ്ടി വന്നു. പിന്നീട് പ്രസ്താവന തിരുത്തുന്നത് ഇങ്ങനെയാണ്. വ്യായാമ കൂട്ടായ്മയിൽ തീവ്രവാദികൾ നുഴഞ്ഞുകയറാൻ സാധ്യതയുണ്ട് അതിനാൽ ജാഗ്രത വേണം എന്ന്. എന്താണ് ഈ സഖാവ് പറയുന്നത് എന്ന് അന്വേഷിക്കുമ്പോൾ ഒരു കാര്യം വ്യക്തമാവും. ആദ്യം ഏത് സംഘത്തെയും ഏത് സാമൂഹ്യ പ്രതിനിധാനത്തെയും മുസ്‍ലിംകളാണ് ഭൂരിപക്ഷമെങ്കിൽ അതിനെ വർഗീയതയുടെ തീവ്രവാദത്തിന്റെ ചാപ്പയടിക്കുക. പിന്നീട് സമൂഹത്തിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരു മ്പോൾ ഏതെങ്കിലും ഒരു മുസ്ലിം സംഘടനയെ നാട്ടക്കുറിയാക്കി രക്ഷപ്പെടുന്ന ഒരു സ്ഥിതിവിശേഷമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ്ഇപ്പോൾ വിജയരാഘവൻ നടത്തിക്കൊണ്ടിരിക്കുന്നത്. അഥവാ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് മുസ്‍ലിം തീവ്രവാദികളുടെ വോട്ട് കൊണ്ടാണ് എന്ന് ആദ്യം പ്രസ്താവന നടത്തുക പിന്നീട് പ്രതിഷേധം ഉയർന്ന് വരുമ്പോൾ ഏതെങ്കിലും സംഘടനയെ ചാരി രക്ഷപ്പെടുക. ഇത്തരത്തിൽ മുസ്‍ലിംകളെ തീവ്രവാദികൾ ആക്കുന്ന ഒരു സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. ഇതുതന്നെയാണ് സംഘപരിവാർ ഇത്രയും കാലം ഇന്ത്യ ഭൂഖണ്ഡത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്‍ലിംകളെല്ലാം തീവ്രവാദികളല്ല എന്നാൽ എല്ലാ തീവ്രവാദികളും മുസ്‍ലിംകളാണ് എന്ന ആർഎസ്എസ് നരേഷനെ ഏറ്റെടുക്കുകയാണ് സിപിഎം ചെയ്യുന്നത്. ഈ യാഥാർത്ഥ്യം സിപിഎമ്മിന് അറിയാഞ്ഞിട്ടല്ല പുതിയ കാലത്തെ പുതിയ ലോകത്തെ പുതിയ കേരളത്തിൽ സിപിഎം എന്ന പാർട്ടിക്ക് പിടിച്ചുനിൽക്കണമെങ്കിൽ ഹിന്ദു കൺസോളിഡേഷൻ അനിവാര്യമാണെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഇത്തരമൊരു നിലപാടിലേക്ക് പാർട്ടി മാറിയത്. ഈ മുസ്‍ലിം വിരോധത്താൽ ഉറഞ്ഞു തുള്ളുന്നത് എന്തായിരുന്നാലും സിപിഎമ്മു പോലുള്ള ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിന് സംഗത്യമാണൊ എന്ന ചോദ്യം പാർട്ടി അഭിമുഖികരിക്കേണ്ടതുണ്ട്.
യൂറോ കേന്ദ്രീകൃത മാർക്സിസത്തിന്റെ വിശകലന യുക്തിയെയും വരേണ്യ ബോധത്തെയും പ്രശ്നവൽക്കരിച്ച് കൊണ്ട് ബി.രാജീവൻ ഇങ്ങനെ എഴുതുന്നു.‘ഉദാഹരണത്തിന് മലബാർ കലാപം എടുക്കുക അപരിഷ്കൃതമായ ഒരു പ്രാകൃത സമൂഹം ആധുനിക പരിഷ്കൃത ലോകത്തിന്റെ പ്രതിനിധികൾക്കും അവരുടെ ഭരണ വ്യവസ്ഥയ്ക്കും എതിരെ നടത്തിയ ഒരു പ്രാകൃത ലഹളയായിട്ടാണ് ഇംഗ്ലീഷുകാർ മലബാർ കലാപത്തെ കണ്ടത്. എന്നാൽ ലഹളയെ സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന കലാപമായി അംഗീകരിച്ച ദേശീയവാദികളായ ചരിത്രകാരന്മാരോ, കോളനിവാഴ്ചക്കും ജന്മിത്വത്തിനും എതിരെ സംഭവിച്ച ചൂഷിതരുടെ ഉയർത്തെണീപ്പായി കണ്ട ഇടതുപക്ഷ ചരിത്രകാരന്മാരോ ഇംഗ്ലീഷുകാരുടെ സമീപനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളെ കൈയൊഴിഞ്ഞവരായിരുന്നില്ല. ഇന്നും കൈ വെടിഞ്ഞിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം ആധുനിക പൗരനിലേക്കുള്ള മനുഷ്യന്റെ വികാസത്തെ തടയുന്ന പൂർവ്വാധുനികമായ ബന്ധങ്ങളിലും ബോധങ്ങളിലും
തളർന്നുകിടക്കുന്നവരായിരുന്നു മലബാറിലെ മാപ്പിളമാർ. പടിപടിയായി കയറുന്ന സാമൂഹ്യ വികാസത്തെ സംബന്ധിച്ചുള്ള പാശ്ചാത്യ ആധുനികതയുടെ അളവ് പോലും മാറ്റിവെച്ച് കോളനിവാഴ്ചയ്ക്കും അതിന്റെ ഏജന്റുമാർക്കും എതിരെ കലാപം ചെയ്ത ഒരു സമൂഹത്തിൻറെ സാമുദായിക ജീവിതഘടനയിൽ പ്രവർത്തിച്ച ശക്തികളുടെ രാഷ്ട്രീയത്തെ തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല. ആ കലാപത്തിൽ പ്രവർത്തിച്ച സ്നേഹത്തിന്റെയും യുദ്ധത്തിന്റെയും രൂപങ്ങൾ മാറിമാറി കൈക്കൊള്ളാൻ കഴിയുന്ന സാമുദായികതയുടെ ജീവിത യന്ത്രത്തെ (Love war machine ) അവർക്ക് കാണാൻ കഴിഞ്ഞില്ല . മതത്തിലോ ജാതിയിലോ ഒതുങ്ങി നിൽക്കാത്ത സാമുദായിക ജീവിതഘടനയുടെ രാഷ്ട്രീയ കർത്വത്തെ അവർ തിരിച്ചറിഞ്ഞില്ല. അതിനാൽ രാഷ്ട്രീയമായ കർതൃത്വം ആർജിക്കാത്ത ഗോത്രപരമായ വൈകാരികതയുടെ ആത്മഹത്യാപരവും പ്രാകൃതമായ പൊട്ടിത്തെറി മാത്രമായാണ് അവർ കലാപത്തെ തിരിച്ചറിഞ്ഞത്. (ജൈവ രാഷ്ട്രീയവും ജന സഞ്ചയവും). ഇത് തന്നെയാണ് രാഹുൽ ഗാന്ധിയുടെ വിജയത്തിന്മേൽ പ്രവർത്തിച്ചത് മുസ്‍ലിം തീവ്രവാദികളാണ് എന്ന സമീപനത്തിലൂടെ സിപിഎം എത്തിച്ചേരുന്നത്. അഥവാ മലബാർ കലാപത്തെ മാത്രമല്ല ഇന്ത്യൻ സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട ജനതയുടെ പോരാട്ടത്തെ പ്രത്യേകിച്ച് മുസ്‍ലിം കർതൃത്വത്തിൽ നടക്കുന്ന രാഷ്ട്രീയ മുന്നേറ്റങ്ങളെ ഭീകരവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള ഒരു സമീപനം സിപിഎം സ്വീകരിച്ചു. സംഘ്പരിവാറിന്റെ പരാജയം ഉറപ്പ് വരുത്താൻ ഒരു സമുദായം എന്ന നിലയിൽ വിജയ സാധ്യതയുള്ള ഒരു മതേതര സ്ഥാനാർഥിക്ക് വോട്ട് നൽകിയാൽ അതിനെ മുസ്‍ലിം വർഗീയതയായി ചിത്രീകരിക്കുന്ന നിലപാട് പാർട്ടി തുടർന്ന് കൊണ്ടിരിക്കുകയാണ്. എന്ന് മാത്രമല്ല പാർട്ടി ഇപ്പോൾ അതിൽ നിന്നും ഏറെ മുന്നോട്ടു പോയിരിക്കുകയാണ്. ഇത്തരത്തിലുള്ള മുസ്‍ലിം ഗ്രൂപ്പുകൾ അധികാരത്തിൽ വന്നാൽ ഇവിടുത്തെ ഹിന്ദു ജീവിതം ദുരിത പൂർണമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കൊണ്ടാണ് ചില പാർട്ടി നേതാക്കൾ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത്. സമ്പൂർണ്ണ ഹിന്ദു പാർട്ടിയായി മാറാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണോ സിപിഎം ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന സമീപനം എന്നത് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.