ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചു
അൽതാവൂനിലെ ഫ്ളാറ്റിൽ രക്ഷിതാക്കളും ഇരട്ട സഹോദരി മെറിഷ് പോളും ഉറങ്ങുന്ന സമയത്തായിരുന്നു അപകടം
ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നു വീണ് 15 വയസുകാരി മരിച്ചു. എറണാകുളം പെരുമ്പാവൂർ വേങ്ങൂർ സ്വദേശി ബിനു പോള്‍–മേരി ദമ്പതികളുടെ മകൾ സമീക്ഷ പോളാണ് (15) മരിച്ചത്. അൽതാവൂനിലെ ഫ്ളാറ്റിൽ രക്ഷിതാക്കളും ഇരട്ട സഹോദരി മെറിഷ് പോളും ഉറങ്ങുന്ന സമയത്തായിരുന്നു അപകടം. കുട്ടി വീഴുന്നത് കണ്ടവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പാരാമെഡിക്കൽ വിഭാഗവുമായെത്തിയ പൊലീസ് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വീഴ്ച്ചയിൽ തന്നെ കുട്ടി മരിച്ചിരുന്നു. പൊലീസാണ് അപകടവിവരം രക്ഷിതാക്കളെ വിളിച്ചറിയിച്ചത്. കുട്ടിയുടെ മരണം സംബന്ധിച്ച് ഷാർജ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
അജ്മാനിലെ സ്കൂളിൽ പഠിക്കുന്ന സമീക്ഷ പത്താം ക്ലാസിലേക്ക് പ്രവേശനം നേടിയിരുന്നു. യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നും പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നുവെന്നും മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. ദുബൈയിലെ കമ്പനിയിൽ പ്രവർത്തിക്കുന്ന ബിനു പോളിെൻറ കുടുംബം അബൂദബിയിൽ നിന്ന് അടുത്തിടെയാണ് ഷാർജയിൽ താമസമാക്കിയത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു.