വി.കെ. ഉമ്മറും സിറാജും പത്രപ്രവർത്തകനായ ഞാനും!
അങ്ങനെ ഒരദ്ധ്യായം. പത്രപ്രവർത്തന ചരിതത്തിലെ ഒരദ്ധ്യായം. അതിൻ്റെ കാരണക്കാരൻ ഉമ്മർക്കയാണ്. പിന്നീട് രണ്ടു തവണയായി സിറാജിൽ ജോലി ചെയ്തപ്പോഴും മലപ്പുറം മേധാവി ഉമ്മർക്ക തന്നെയായിരുന്നു
ആദ്യമായി ഒരു ദിനപത്രത്തിൽ ബൈലൈനോട് കൂടി വാർത്ത അച്ചടിച്ചു വരുന്നത് സിറാജിലാണ്. 1995 നും 2000 ത്തിനും ഇടയിലെപ്പോഴോ ആണത്. അതിന് കാരണക്കാരനായത് ഉമ്മർക്കയാണ്.
മൂപ്പരന്നും സിറാജിൻ്റെ മലപ്പുറം ബ്യൂറോ ചീഫാണ്. നമ്മൾ കേരളശബ്ദത്തിനു വേണ്ടി ഫീച്ചറുകളെഴുതിയും അഭിമുഖങ്ങൾ നടത്തിയും യാത്രയിലാണ്. മലബാർ ലേഖകൻ ആയിട്ടില്ല. അതിനും മുമ്പാണ്.
തങ്ങുന്നത് അധികവും മലപ്പുറത്താണ്. കെ.എ ആൻ്റണി അന്ന് ഇന്ത്യൻ എക്സ്പ്രസ്സിൻ്റെ മലപ്പുറം ബ്യൂറോവിലാണ്. മാധ്യമത്തിൽ ഇബ്രാഹിം കോട്ടക്കലുണ്ട്. പത്മനാഭൻ നമ്പൂതിരി കേരള കൗമുദിയിയിലും, ഹരിദാസ് ചെമ്മാണിയോട് മംഗളത്തിലും മുഹമ്മദലി മലയാളം എക്സ്പ്രസ്സിലും.
വീക്ഷണം മുഹമ്മദ്, ദേശാഭിമാനിയിൽ പാലോളി കുഞ്ഞയമ്മദാക്ക, ചന്ദ്രികയിൽ സി.പി. സൈതലവി തുടങ്ങിയ രാഷ്ട്രീയനിര വേറെ. മലപ്പുറത്തെത്തിയാൽ ഇരിപ്പ് ഇബ്രാഹിമിൻ്റെ മുന്നിലും രാത്രി കിടപ്പ് ആൻറണിയുടെ മുറിയിലുമാണ്.
അങ്ങനെ കാലം കഴിയുമ്പോഴാണ് താനൂരിൽ ഒരു കലാപം. ഉണ്ണ്യാൽ പ്രദേശത്ത്. വർഗീയ സ്വഭാവമുള്ള ഒരു കലാപം . പ്രാദേശിക ലേഖകർ എത്തിക്കുന്ന വാർത്തകളിൽ നിന്ന്, ഓരോ ദിവസവും അന്തരീക്ഷം മോശമായി വരികയാണെന്ന് മനസിലായി. നാട് രണ്ടായി തിരിഞ്ഞിട്ടുണ്ട്. ഒരു വിഭാഗം വീടുകൾ ഉപേക്ഷിച്ച് പോയിരിക്കുന്നു.
ഇത്രയുമായപ്പോൾ അങ്ങോട്ട് പോകേണ്ടത് ആവശ്യമായി വന്നു. അന്വേഷിച്ചപ്പോൾ പത്രമാപ്പീസുകളിൽ എല്ലാവരും ആ ആലോചനയിലാണ്. ഏറെത്താമസിയാതെ മലപ്പുറത്ത് പത്രക്കാരുടെ സംഘം രൂപം കൊണ്ടു. ടാക്സി കാറുകൾ ഏർപ്പാടാക്കി. പറയണ്ടല്ലോ, സംഘത്തിൽ ഒരംഗമായിച്ചേർന്നു.
കാറിൽ കയറാൻ നിൽക്കുമ്പോഴുണ്ട്. പുറത്ത് ഒരാൾ തടവുന്നു! തിരിഞ്ഞു നോക്കുമ്പോൾ ഉമ്മർക്ക. അങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് ഉമ്മർക്ക പറത്തു:
"നിങ്ങളേതായാലും പോണുണ്ടല്ലോ. ഞാനിവിടെ ഒറ്റക്കാ. താനൂരിൽ പോയാൽ തിരിച്ചു വന്ന് മറ്റു വാർത്തകളൊന്നും കൊടുക്കാനാവില്ല. അതു കൊണ്ട് നിങ്ങൾ ഇതൊരു റിപ്പോർട്ടാക്കി സിറാജിന് കൊടുക്കണം.''
ഒരിട നിർത്തി ബാക്കിയും പറഞ്ഞു: "ഇങ്ങള് അവ്ട്ന്ന് നേരെ കോഴിക്കോട് ഓഫീസിലേക്ക് പോയാമതി. ഞാനവടെ പറയും."
കാറിലേക്ക് കയറുന്നതിനിടെ, ചുമലിൽ തട്ടിക്കൊണ്ട് ചെവിയിൽ പറഞ്ഞു: "നല്ല ഫോട്ടോ മാണട്ടോ, മോശാകരുത്"
- ഒരു ബ്യൂറോ ചീഫ് സഹപ്രവർത്തകനെ യാത്രയാക്കും പോലെ ഉമ്മർക്ക താനൂരിലേക്ക് യാത്രയാക്കി. ഭാഗ്യത്തിന് കയ്യിൽ ഒരു ഓട്ടോഫോക്കസ് കാമറയുണ്ട്. താനൂരിലെ കറക്കം കഴിഞ്ഞ് എല്ലാവരും മലപ്പുറത്തേക്ക് തിരിച്ചു.
നമ്മൾ കൂട്ടം വിട്ട് കോഴിക്കോട്ടേക്ക് ബസ്സ് കയറി. നടക്കാവിലെ സിറാജ് ഓഫീസിലെത്തുമ്പോൾ രാത്രി. ന്യൂസ് എഡിറ്റർ ഗഫൂർ മാഷും മാനേജിംഗ് എഡിറ്റർ അലി അബ്ദുള്ളയും കാത്തു നിൽക്കുന്നു. ഇരുന്നെഴുതാൻ സ്ഥലം തയ്യാറാക്കിയിട്ടുണ്ട്. കാമറ കൊണ്ടുപോയി ഡാർക്ക് റൂമിൽ നിന്ന് ഫിലിം വാഷ് ചെയ്ത് പ്രിൻ്റടിക്കാൻ ഒരു ജീവനക്കാൻ കാത്തുനിൽപ്പുണ്ട്.
"വേഗം എഴുതിക്കോളീ " - എന്നു പറഞ്ഞ് ഗഫൂർ മാസ്റ്റർ പോയി. എഴുതാനുള്ള കടലാസിലേക്ക് തലതാണു. എഴുതിക്കഴിഞ്ഞ് തല പൊക്കിയപ്പോൾ അഞ്ചാറ് ഫോട്ടോകളുമായി ഗഫൂർ മാഷ്. " ഇത് കൊടുക്കാം " - എന്നു പറഞ്ഞ് എഴുതിപൂർത്തിയാക്കിയ കടലാസുകളും ഫോട്ടോയുമായി മാഷ് പോയി.
അലി അബ്ദുള്ള വന്ന് ഓഫീസ് മുറിയിലേക്ക് ക്ഷണിച്ചു. ഏറെ നേരം സംസാരിച്ചിരുന്നു. വിഷയം താനൂർ തന്നെയായിരുന്നു. അതിനിടെ പത്രത്തിൻ്റെ ഫസ്റ്റ് എഡിഷൻ അടിച്ചുവന്നു.
അഞ്ചാറ് ചിത്രങ്ങൾ സഹിതം അരപ്പേജോളം പോന്ന സ്പെഷ്യൽ റിപ്പോർട്ട്. സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു. സിറാജിൻ്റെ പഴയ ഓഫീസ് കെട്ടിടത്തിൻ്റെ മച്ചിൻ പുറത്ത് ജീവനക്കാരുടെ വിശ്രമമുറിയിൽ!
പിറ്റേ ദിവസം വൈകുന്നേരമാണ് അറിഞ്ഞത് - സിറാജിലെ വാർത്തയോടൊപ്പം വന്ന ചിത്രങ്ങൾ മാധ്യമത്തിൽ ചെറിയൊരു വിവാദത്തിന് കാരണമായെന്ന്.
മാധ്യമത്തിൻ്റെ ഫോട്ടോഗ്രാഫർ കോഴിക്കോട് ഓഫീസിൽ നിന്ന് വന്നയാളായിരുന്നു. അദ്ദേഹം സിറാജിന് ഫോട്ടോ പങ്കുവെച്ചോ എന്ന് അവരുടെ ഓഫീസിൽ അമിതശ്രദ്ധയാലുവായ ആരോ സംശയിച്ചതാണ്. ഇത് സംസാരമായപ്പോൾ പാവം, ഫോട്ടോഗ്രാഫർ ബേജാറായി.
ഒടുവിൽ ഇബ്രാഹിം കോട്ടക്കലാണ് അവരുടെ സംശയം തീർത്തത്. "ആ കേരളശബ്ദത്തിലെ ഇവൻ ഒരു ചെറിയ കാമറയുമായിട്ടാണ് വന്നത്''.
അങ്ങനെ ഒരദ്ധ്യായം. പത്രപ്രവർത്തന ചരിതത്തിലെ ഒരദ്ധ്യായം. അതിൻ്റെ കാരണക്കാരൻ ഉമ്മർക്കയാണ്. പിന്നീട് രണ്ടു തവണയായി സിറാജിൽ ജോലി ചെയ്തപ്പോഴും മലപ്പുറം മേധാവി ഉമ്മർക്ക തന്നെ.
തിരൂരിലെ പ്രാദേശിക ലേഖകനായിരുന്ന കെ.എം ബഷീറിനെ ജില്ലാ ലേഖകനാക്കി വലുതാക്കാൻ അയച്ചത് ഉമ്മർക്കാൻ്റെ അടുത്തേക്കാണ്.
ഇനിയൊരിക്കൽ ആ വഴി പോവുകയാണെങ്കിൽ അത്രമേൽ അടുപ്പമുള്ള ആ ജ്യേഷ്ഠന്‍ ഉണ്ടാകില്ല. പക്ഷേ, ആ സ്നേഹം എന്നുമുണ്ടാകും.
ആ ഓർമകൾ എന്നുമുണ്ടാകും...