പൂക്കുഞ്ഞ് സാഹിബ്; ഒരു സമുദായത്തിൻ്റെ ശബ്ദം
സംവരണ നിഷേധത്തിനെതിരെ സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങളിലും 80 കളുടെ ഒടുവിൽ രൂപം കൊണ്ട സംവരണ സമുദായ മുന്നണിയുടെ സംഘാടനത്തിലും നിർണായക പങ്കാളിത്തമാണ് അദ്ദേഹം വഹിച്ചത്.
മഹല്ല് ഏകോപന വേദിയായ കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ എന്ന പേരിന്റെ പര്യായമായി കേരളത്തിലറിയപ്പെട്ട നാമധേയമാണ് ഇന്ന് പേർപിരിഞ്ഞ അഡ്വ.എ.പൂക്കുഞ്ഞ് സാഹിബ് . അഭിഭാഷകൻ, പൊതുപ്രവർത്തകൻ, സമുദായ നേതാവ് , മികച്ച സംഘാടകൻ എന്നീ നിലകളിൽ ശോഭിച്ച പൂക്കുഞ്ഞ് സാഹിബ് മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് ശ്രദ്ധേയനാവുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് സോഷ്യലിസ്റ്റ് നേതാവായിരുന്ന ജനാബ് എസ്.എം നൂഹ് സാഹിബ് സ്ഥാപിച്ച ജമാഅത്ത് കൗൺസിൽ നേതൃത്വത്തിലേക്ക് ആലപ്പുഴ സ്വദേശിയായ പൂക്കുഞ്ഞ് സാഹിബ് കടന്ന് വരവോടെയാണ് പടർന്ന് പന്തലിച്ചത്. പിന്നീട് തന്റെ സംഘാടനപാടവത്തിലൂടെ ജമാ അത്ത് കൗൺസിലിനെ 13000 ഓളം മഹല്ല് ജമാഅത്തുകളുടെ എകോപന ശൃംഖലയായി വളർത്തുകയായിരുന്നു.
വഅ്തസിമൂ ബിഹബ് ലില്ലാഹി... (നിങ്ങൾ അല്ലാഹുവിന്റെ പാശത്തെ മുറുക്കിപ്പിടിക്കുക); മുസ്‌ലിം ഐക്യത്തിന് ആഹ്വാനം ചെയ്യുന്ന ഈ ഖുർആൻ വാക്യം കേട്ടാൽ ആദ്യമായി മനസിൽ തെളിയുന്നത് പൂക്കുഞ്ഞ് സാറിന്റെ സുന്ദര മുഖമാണ്. ഈ വാക്യം ഉദ്ധരിക്കാതെ സാറിന്റെ ഒരു പ്രസംഗവും അവസാനിച്ചിരുന്നില്ല. വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും നൂറ് ശതമാനം പ്രാവർത്തികമാക്കിയ നേതാവായിരുന്നു അഡ്വ.എ.പൂക്കുഞ്ഞ് സാഹിബ്.
തെക്കൻ കേരളത്തിൽ ഉദയം ചെയ്ത കേരള മുസ്‌ലിം ജമാഅത്ത് കൗൺസിലിനെ സ്വന്തം ജീവിതം നൽകി വളർത്തി വലുതാക്കി നിലനിർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.മുസ്‌ലിം സമുദായത്തിന്റെ ഹൃദയത്തുടിപ്പ് അറിഞ്ഞ് പ്രവർത്തിച്ചിരുന്ന പുക്കുഞ്ഞ് സാർ സമുദായത്തിന്റെ വിശാല നന്മ ലക്ഷ്യമാക്കിയ എല്ലാ മുന്നേറ്റങ്ങളോടും അടുപ്പവും ആഭിമുഖ്യവും പ്രകടിപ്പിച്ചിരുന്നു.
കേരളത്തിലെ സംവരണ നയത്തിൽ നിലനിന്നിരുന്ന മാപ്പിള - മുസ്‌ലിം വിവേചനത്തിനെതിരെ നടന്ന സമരത്തിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സംവരണ നിഷേധത്തിനെതിരെ സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങളിലും 80 കളുടെ ഒടുവിൽ രൂപം കൊണ്ട സംവരണ സമുദായ മുന്നണിയുടെ സംഘാടനത്തിലും നിർണായക പങ്കാളിത്തമാണ് അദ്ദേഹം വഹിച്ചത്.
1982 ൽ ആലപ്പുഴയിൽ നബിദിന റാലിക്ക് നേരെ നടന്ന പോലീസ് വെടിവെപ്പിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ തെക്കൻ കേരളത്തിലുടനീളം പോലീസും RSS ഉം അക്രമങ്ങൾ അഴിച്ചു വിടുകയും തിരുവനന്തപുരം ചാല ബസാർ അഗ്നിക്കിരയാക്കുകയും ചെയ്ത നാളുകളിൽ ആലപ്പുഴയിലെ വ്രണിത മുസ്‌ലിം യുവതക്ക് താങ്ങും തുണയുമായത് സാറിന്റെ നേതൃത്വമായിരുന്നു.
മഅ്ദനിയുടെയും നിരപരാധികളായ മുസ്‌ലിം യുവാക്കളുടെയും മോചനമാവശ്യപ്പെട്ടു ആദ്യമായി സംഘടിപ്പിക്കപ്പെട്ട പാർലമെന്റ് മാർച്ച് പൂക്കുഞ്ഞ് സാറിന്റെ നേതൃത്വത്തിലായിരുന്നു.മാർച്ച് ഉദ്ഘാടനകനായ ഇടി മുഹമ്മദ് ബഷീർ സാഹിബ് പാർലമെന്റിൽ പ്രശ്നമുന്നയിച്ചു ഉജ്വല പ്രഭാഷണം നടത്തിയതും അതേ ദിവസം തന്നെയായിരുന്നു.
പ്രതികരണങ്ങളിൽ എപ്പോഴും സത്യസന്ധത പുലർത്തിയിരുന്ന അഡ്വ.പൂക്കുഞ്ഞ് സാഹിബ് സമുദായത്തിന്റെ വൈകാരിക പ്രശ്നങ്ങളിൽ ഇടപെടുന്നതിന്റെ പേരിൽ ഒപ്പം നില്ക്കുന്നവർ പലപ്പോഴും തള്ളിപ്പറയുകയും ഒറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ബാബരിമസ്ജിദ് അന്യായമായി സ്വന്തമാക്കിയും പൗരത്വ നിഷേധ നിയമവും ഏകസിവിൽ കോഡു മടക്കം മുസ്‌ലിംകളെ അടിച്ചമർത്താൻ ലക്ഷ്യമിട്ടു തുടങ്ങിയ മോദിയുടെ രണ്ടാം വരവിനെതിരെ അന്നദ്ദേഹം കരിദിനം പ്രഖ്യാപിച്ചത് സംഘ് പരിവാറിനെ വല്ലാതെ അസ്വസ്ഥരാക്കി. സമുദായ നേതാക്കളിൽ പലരെയും സംഘ്പരിവാർ പ്രലോഭിപ്പിച്ചും സ്വാധീനിച്ചും നിശ്ശബ്ദമാക്കിയപ്പോൾ ആ നിശബ്ദത നിർഭയം ഭേദിച്ചത് പൂക്കുഞ്ഞ് സാർ മാത്രമായിരുന്നു.
രാഷ്ട്രീയ ഭേദമില്ലാതെ ഭരണപ്രതിപക്ഷ നേതാക്കളോടും ഇതര സമുദായ നേതാക്കളോടും വ്യക്തിബന്ധം കാത്ത് സൂക്ഷിക്കുമ്പോഴും സമുദായ പ്രശ്നങ്ങൾ മുഖം നോക്കാതെ പറയുന്ന സത്യസന്ധനായ നേതാവിന്റെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണ്.