കിം കി ഡുക് ഒരേകാന്ത ദ്വീപാണ്
തൻറെ സിനിമകളിലെ ദൈവസാന്നിദ്ധ്യത്തെക്കുറിച്ച് കിം കി ഡുക് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്: ദൈവം എനിക്ക് പ്രകൃതി തന്നെയാണ്, നമ്മളറിയുകയും അനുഭവിക്കുകയും ചെയ്യുന്ന പ്രകൃതി...
മൗനം ചൂഴ്ന്നു നിൽക്കുന്ന ഏകാന്തദ്വീപുകളാണ് കിം കി ഡുക്കിൻറെ പല കേന്ദ്രകഥാപാത്രങ്ങളുടെയും മനസ്സുകൾ. ജീവിതസമുദ്രത്തിലെ ചില ഒറ്റത്തുരുത്തുകൾ. അതുകൊണ്ടാകണം, ജലവും ജലാശയങ്ങളും അദ്ദേഹത്തിൻറെ ചലച്ചിത്രലോകത്തിലെ ഒഴിച്ചു കൂടാനാകാത്ത സാന്നിദ്ധ്യങ്ങളാകുന്നത്. ആദ്യ ചിത്രമായ ക്രൊക്കഡൈലിൻറെ ലൊക്കേഷൻ ഹാൻസ് നദിയുടെ തീരമാണ്. ഒരാൾ വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്യുന്നതാണ് ആദ്യ സീൻ തന്നെ. സിനിമ അവസാനിക്കുന്നതും ജലസമാധിയിലാണ്. ചെലവു കുറഞ്ഞ ചിത്രങ്ങൾ അത്രയൊന്നും പ്രസിദ്ധരല്ലാത്ത അഭിനേതാക്കളെ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ഷൂട്ട് ചെയ്യുന്ന ദക്കിൻറെ ചലച്ചിത്ര രേഖയിൽ പൂർണ്ണമായും ഒറ്റ ലൊക്കേഷനിൽ മാത്രം ചിത്രീകരിച്ച സിനിമകളുണ്ട്. ആ സിനിമകളെല്ലാം ജലോപരിതലത്തിലെ വാസകേന്ദ്രങ്ങളിലായിരുന്നു എന്നു മാത്രമല്ല, അവയുടെ പ്രമേയങ്ങൾക്കും സാമ്യമുണ്ട്.
ഡുക്കിനെ അന്താരാഷ്ട്ര പ്രശസ്തനാക്കിയ ദി ഐൽ എന്ന വിവാദ ചിത്രമാണ് ഇക്കൂട്ടത്തിൽ ആദ്യത്തേത്. പരിപക്വമായ ശൈലിയിൽ ഒരുക്കിയ സ്പ്രിങ് സമ്മർ ഫോൾ വിൻറർ ആണ് രണ്ടാമത്തെ ചിത്രം. ദി ബോ ആണ് മറ്റൊരു ഒറ്റ ലോക്കേഷൻ ചിത്രം. ആദ്യ രണ്ടു ചിത്രങ്ങളും നിശ്ചലമായ തടാകങ്ങളിലാണെങ്കിൽ മൂന്നാമത്തെ ചിത്രം പൂർണ്ണമായും കടലിനുള്ളിലാണ്. വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന ഈ മൂന്നു വാസസ്ഥലങ്ങൾക്കും ചലനാത്മകതയുമുണ്ട്.
സംരക്ഷിക്കാനും സംഹരിക്കാനുമുള്ള ശേഷി ഈ മൂന്നു വാസസ്ഥലങ്ങളുടെയും ഉടമസ്ഥർക്ക് അമാനുഷിക പരിവേഷം നൽകുന്നു. (യഥാക്രമം ഫിഷിങ് കോട്ടേജ് സൂക്ഷിപ്പുകാരിയായ ഹി ജിൻ, ആശ്രമത്തിലെ വൃദ്ധസന്യാസി, കടലിൽ ഫിഷിങ് ബോട്ടിൽ താമസിക്കന്ന വൃദ്ധൻ). മൂവർക്കും ക്രാന്തദർശിത്വവുമുണ്ട്. അപകടങ്ങൾ മുൻകൂട്ടി കാണുന്നവളാണ് ഹി ജിൻ. വൃദ്ധഗുരു സിദ്ധനും വൈദ്യനുമാണ്. കടലിലെ കിഴവൻ ഭാവി പ്രവചിക്കുന്നയാളാണ്.
മൂന്നു ചിത്രങ്ങളിലും സംരക്ഷിതരായ കഥാപാത്രങ്ങളുടെ ജീവിതം മാറ്റി മറിക്കുന്നത് പുറത്തുനിന്ന് പ്രണയവുമായി വരുന്ന വ്യക്തികളാണ്. ആദ്യത്തേതിൽ സംരക്ഷിതകഥാപാത്രമായ പൊലീസുകാരനെ പ്രണയിക്കുന്ന അഭിസാരികയാണ് ഈ മാറ്റം ഉണ്ടാക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ ആശ്രമത്തിൽ ചികിത്സയ്‌ക്കെത്തുന്ന യുവതിയിൽ അനുരക്തനായ ശിഷ്യൻ അവൾക്കൊപ്പം ഓടിപ്പോകുകയും കൊലപാതകിയായി തിരിച്ചുവരികയും ചെയ്യുന്നു. കടൽ വൃദ്ധൻറെ സംരക്ഷണയിലുള്ള കന്യകയാകട്ടെ ബോട്ടിൽ താമസിക്കാനെത്തുന്ന യുവാവിൽ പ്രണയം കണ്ടെത്തുകയും അവനൊപ്പം പോകുകയും ചെയ്യുന്നു.
കഥാപാത്രങ്ങൾ നടത്തുന്ന ആത്മഹത്യാശ്രമങ്ങളും ഈ സിനിമകളുടെ പൊതുഘടകമാണ്. പൊലീസുകാരനും ഹീ ജിനും ആത്മഹത്യാശ്രമം നടത്തുന്നുണ്ട്. ആത്മഹത്യ ചെയ്യാനാണ് ഒരു കൊലപാതകം ചെയ്ത് ഒളിച്ചോടി വന്ന പൊലീസുകാരൻ അവിടെയെത്തിയതെന്ന് തോന്നിപ്പോകും. സ്പ്രിങ് സമ്മറിലെ ശിഷ്യനും കൊലപാതകത്തിനു ശേഷം ആശ്രമത്തിൽ തിരിച്ചെത്തി ജീവനൊടുക്കാൻ ശ്രമിക്കുന്നുണ്ട്. കടലിലെ കിഴവൻറെയും ആത്മഹത്യാ ശ്രമങ്ങൾ നഷ്ടപ്പെട്ടു പോകുമെന്നു തോന്നിയ പ്രണയം തിരിച്ചെടുക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണ്.
ജലോപരിതലത്തിലെ ഏകാന്തസ്ഥലങ്ങളിൽ വെച്ച് ചിത്രീകരിച്ച ഈ സിനിമകളിലെല്ലാം ദക് അസ്തിത്വദർശനത്തെക്കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യുന്നുമുണ്ട്. ഉദാഹരണത്തിന് മൂന്നു സിനിമകളിലെയും സംരക്ഷക കഥാപാത്രങ്ങൾ ഒടുവിൽ ജീവൻ വെടിയുകയാണ്. മൂവരും സ്വച്ഛന്ദമൃത്യുക്കളാണ്. ഹി ജിൻ ഒരു തോണിക്കുള്ളിൽ ജലസമാധിയിലെന്നോണം ശയിക്കുന്നു. അവളുടെ സംരക്ഷണയിലായിരുന്ന കാമുകൻ അവളുടെ ഉപസ്ഥത്തിനുള്ളിൽ വിലയം പ്രാപിക്കുന്നു. ജീവിതസായാഹ്നത്തിൽ ബുദ്ധസന്യാസി സ്വയം ചിത കൂട്ടി അതിലിരുന്ന് ചാമ്പലായി ജലത്തിൽ ലയിക്കുന്നു. കടലിലെ വൃദ്ധനാകട്ടെ താൻ സംരക്ഷിച്ച കന്യകയെ വിവാഹം ചെയ്ത ശേഷം കടലിൽ ചാടി അപ്രത്യക്ഷനാകുകയും ഒരസ്ത്രത്തിൻറെ രൂപത്തിൽ അവളിൽ പ്രവേശിച്ച് ഇണചേരുകയും ചെയ്യുന്നു.
ഈ സംരക്ഷകരെല്ലാം ആത്യന്തികമായി സർവ്വംസഹയായ പ്രകൃതി തന്നെയാണെന്നുള്ള സൂചനയാണ് സംവിധായകൻ നൽകുന്നത്. തൻറെ സിനിമകളിലെ ദൈവസാന്നിദ്ധ്യത്തെക്കുറിച്ച് കിം കി ഡുക് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്: ദൈവം എനിക്ക് പ്രകൃതി തന്നെയാണ്, നമ്മളറിയുകയും അനുഭവിക്കുകയും ചെയ്യുന്ന പ്രകൃതി...