കുറിക്കു കൊള്ളുന്ന ചിരികൾ, സംഘർഷഭരിതമായ കരിയർ... അങ്ങനെ വിവേകും മടങ്ങിയിരിക്കുന്നു

പിന്നീട് തഴയപ്പെടലുകളുടെ ചരിത്രം ആരംഭിക്കുന്നു. വിവേകിനായി രൂപകല്പന ചെയ്യപ്പെട്ട വേഷങ്ങളിലൂടെയാണ് സന്താനം തമിഴ് സിനിമയിൽ ഒരു ശ്രദ്ധേയമായ സാനിധ്യമായി മാറുന്നത്. പതിയെ പതിയെ തമിഴ് തിറൈ ഉലകിൽ നിന്നും വിവേക് അപ്രത്യക്ഷമായി.

Update: 2021-04-17 05:54 GMT
Advertising

സെന്തിൽ - ഗൗണ്ടമണിമാർ തമിഴ് സിനിമ കോമഡിയുടെ മുഖമായിരുന്ന കാലത്താണ് വടിവേലുവും വിവേകും ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് സെന്തിൽ - ഗൗണ്ടമണി യുഗം അവസാനിക്കുകയും ഏകാങ്കമായി വടിവേലുവും വിവേകും ആ നഗചുവൈ പാതകളെ രണ്ടായി തിരിച്ചു മുന്നോട്ട് പോകയും ചെയ്തു. അതിൽ ഏറെ ഹൃദ്യമായി തോന്നിയിട്ടുള്ളത് വിവേകിന്റ ആക്ഷേപഹാസ്യങ്ങളാണ്.

കുറിക്കു കൊള്ളുന്ന, ചിന്തിപ്പിക്കുന്ന ചിരികൾ നൽകിയ വിവേക്! ജാതി-മതം, ലിംഗം, അമസമത്വം മുതലായ വിവേചനങ്ങളെ പലപ്പോഴും രൂക്ഷമായ ഭാഷയിൽ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച വിവേകിന് കയ്യടി മാത്രമല്ല,
സിനിമക്കകത്തും പുറത്തും കഠിനമായ പ്രതിഷേധങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
വിവേകിന്റ കോമഡികൾക്ക് വിമർശിക്കാൻ വിശാലമായ ചുറ്റുപാടുകൾ തമിഴ് മണ്ണിൽ ഉണ്ടായിരുന്നു. സംസ്‌കാരത്തിലെ, പാരമ്പര്യത്തിലെ ജീർണതകളും ന്യൂനതകളും, രാഷ്ട്രീയത്തെയും-ജാതി രാഷ്ട്രീയത്തെയും കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ, അങ്ങനെ വിമർശിക്കാൻ സമ്പന്നമായ ചുറ്റുപാടുകളിൽ നിന്ന് കൗണ്ടർ അടിക്കാൻ അദ്ദേഹത്തിനുള്ള കഴിവുകളെ പറ്റി സംവിധായകർക്ക് ഉണ്ടായിരുന്ന മതിപ്പാണ് വിവേകിനെ തമിഴ് സിനിമയിലെ വിലപിടിപ്പുള്ള കോമേഡിയനാക്കിയത്.
എൺപതുകളിൽ തുടങ്ങി, തൊണ്ണൂറുകളിൽ വളർന്ന്, രണ്ടായിരങ്ങളിൽ ഏറ്റവും ഉയരത്തിൽ എത്തിയ വിവേകിന്റ കരിയർ ഗ്രാഫ് പെട്ടന്ന് നിശ്ചലമാവുകയും, ഒരു സമയം അപ്രത്യക്ഷമാവുകയും ചെയ്തതിൽ സിനിമക്കകത്തും പുറത്തും അദ്ദേഹത്തിനെതിരെ നടന്ന ഉപജാപങ്ങൾക്ക് കൃത്യമായ പങ്ക് ഉണ്ടായിരുന്നു. കഴിയുന്നത്ര വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും, കരിയറിൽ ശ്രദ്ധികേന്ദ്രീകരിച്ചിരുന്ന കാലത്ത് അദ്ദേഹത്തേ പാപ്പരാസികൾ വേട്ടയാടിക്കൊണ്ടേയിരുന്നു.
പിന്നീട് തഴയപ്പെടലുകളുടെ ചരിത്രം ആരംഭിക്കുന്നു. വിവേകിനായി രൂപകല്പന ചെയ്യപ്പെട്ട വേഷങ്ങളിലൂടെയാണ് സന്താനം തമിഴ് സിനിമയിൽ ഒരു ശ്രദ്ധേയമായ സാനിധ്യമായി മാറുന്നത്. പതിയെ പതിയെ തമിഴ് തിറൈ ഉലകിൽ നിന്നും വിവേക് അപ്രത്യക്ഷമായി.ആ ഇടയ്ക്കുണ്ടായ മകന്റെ അകാലമരണവും അദ്ദേഹത്തെ കൂടുതൽ തളർത്തി. ഈ കാലയളവിൽ ചില സിനിമകളുടെ ഭാഗമായെങ്കിലും അദ്ദേഹം പിന്നീട് ഒരിക്കലും അത്രകണ്ട് സിനിമയിൽ സജീവമായില്ല.
ഒരു കാലഘട്ടത്തെ വെള്ളിത്തിരയിലൂടെ കുടുകുടെ ചിരിപ്പിച്ച വിവേക് ക്യാമറകൾക്ക് പുറത്ത് പലപ്പോഴും മുനിയെപ്പോലെ മൗനം ആചരിച്ചു. സംഘർഷഭരിതമായ കരിയർ, ജീവിതം... ഏറ്റവും ഒടുവിൽ എല്ലാ ജീവിതഭാരങ്ങളേയും താങ്ങിയ ആ ഹൃദയം നിലച്ചിരിക്കുന്നു.
Tags:    

Editor - André

contributor

Byline - വിപിൻദാസ് ജി

contributor

Similar News