'സ്വർണം നേടിയ അർഷാദ് നദീമും എന്റെ മകൻ തന്നെ'; ഹൃദയം കവർന്ന് നീരജിന്റെ അമ്മയുടെ വാക്കുകൾ
കഴിഞ്ഞ എട്ട് വർഷത്തിനിടെ ആദ്യമായാണ് നീരജ് പാക് താരത്തിന് മുന്നിൽ കീഴടങ്ങുന്നത്.
ന്യൂഡൽഹി: ഒളിമ്പിക്‌സ് ജാവലിൻ ത്രോ മത്സരത്തിന് പിന്നാലെ പ്രതികരണവുമായി നീരജ് ചോപ്രയുടെ മാതാവ് സരോജ് ദേവി. സ്വർണ മെഡൽ നേടിയ പാകിസ്താൻ താരം അർഷാദ് നദീമും തനിക്ക് മകനെപോലെയാണെന്ന് അവർ പറഞ്ഞു. പാരീസിൽ നീരജിന് ലഭിച്ചത് വെള്ളിമെഡലാണെങ്കിലും അതിന് സ്വർണതിളക്കമുണ്ടെന്നും സരോജ് ദേവി പ്രതികരിച്ചു. ഒളിമ്പിക്‌സ് റെക്കോർഡ് പ്രകടനം നടത്തിയാണ് പാക് താരം ജാവലിനിൽ സ്വർണം സ്വന്തമാക്കിയത്.
#WATCH | Haryana: On Neeraj Chopra winning a silver medal in men's javelin throw at #ParisOlympics2024, his mother Saroj Devi says, "We are very happy, for us silver is also equal to gold...he was injured, so we are happy with his performance..." pic.twitter.com/6VxfMZD0rF
— ANI (@ANI) August 8, 2024
'' വെള്ളി മെഡൽ നേട്ടത്തിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്, സ്വർണത്തിന് തുല്യമായാണ് ഇതിനെ കാണുന്നത്. പരിക്കിന്റെ പിടിയിലായിരുന്നു അവൻ. അതിൽ നിന്ന് തിരിച്ചുവന്നാണ് ഈ നേട്ടം. സ്വർണം നേടിയ കുട്ടിയും ഞങ്ങളുടെ മകൻ തന്നെയാണ്'' -നീരജിന്റെ മാതാവ് പറഞ്ഞു.
സ്വർണമെഡൽ നേടിയ അർഷാദ് നദീമിനെ നീരജ് ചോപ്രയും അഭിനന്ദിച്ചു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ആദ്യമായാണ് നീരജ് പാക് താരത്തിന് മുന്നിൽ കീഴടങ്ങുന്നത്. പാകിസ്താന്റെ 32 വർഷമായുള്ള ഒളിമ്പിക് മെഡൽ വരൾച്ചക്കാണ് നദീം ജാവലിനിലൂടെ അറുതി വരുത്തിയത്. ചരിത്രത്തിൽ പാകിസ്താൻ നേടുന്ന ആദ്യ വ്യക്തിഗത മെഡലും ഇതുതന്നെയാണ്. ഫൈനലിൽ രണ്ട് തവണയാണ് നദീം 90 മീറ്ററിന് മുകളിൽ എറിഞ്ഞത്. 92.97 എന്ന ഒളിമ്പിക് റെക്കോർഡും കരിയർ ബെസ്റ്റും പാരീസിൽ സ്വന്തമാക്കി.