ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിൽ ഹിജാബ് വിലക്ക്; ഫ്രഞ്ച് അത്‌ലറ്റിന് തൊപ്പിയണിഞ്ഞ് പങ്കെടുക്കാൻ അനുമതി

ഹിജാബ് വിലക്ക് വിവാദമായതോടെയാണ് ഫ്രഞ്ച് ഒളിംപിക്‌സ് കമ്മിറ്റി തീരുമാനമെടുത്തത്.

Update: 2024-07-26 10:33 GMT
Editor : Sharafudheen TK | By : Sports Desk
Advertising

പാരീസ്: പാരീസ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് അത്‌ലറ്റ് സൗങ്കമ്പ സില്ലയ്ക്ക് തൊപ്പിയണിഞ്ഞ് പങ്കെടുക്കാൻ അനുമതി നൽകി ഫ്രഞ്ച് ഒളിംപിക്‌സ് കമ്മിറ്റി. നേരത്തെ ഹിജാബണിഞ്ഞ് പങ്കെടുക്കാൻ അനുമതി നിഷേധിച്ച സംഭവം വിവാദമായിരുന്നു. പരേഡിൽ തൊപ്പിയണിഞ്ഞ് പങ്കെടുക്കാമെന്ന് താരത്തെ അറിയിക്കുകയും അവർ അംഗീകരിക്കുകയും ചെയ്തതായി ഒളിംപിക്‌സ് കമ്മിറ്റി അറിയിച്ചു. 400 മീറ്റർ, മിക്‌സഡ് റിലേ മത്സരങ്ങളിലാണ് 26 കാരി പങ്കെടുക്കുന്നത്. 'നിങ്ങളുടെ രാജ്യത്ത് സംഘടിപ്പിക്കുന്ന ഒളിംപിക്‌സിലേക്ക് നിങ്ങളെ തിരഞ്ഞെടുത്തു, പക്ഷേ നിങ്ങൾ ഹിജാബ് ധരിച്ചതിനാൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല''.

ഫ്രഞ്ച് ഒളിംപിക്‌സ് കമ്മിറ്റിയിൽ നിന്ന് ഇത്തരമൊരു അറിയിപ്പാണ് താരത്തിന് നേരത്തെ ലഭിച്ചത്. ഇതോടെ  ഉദ്ഘാടന ചടങ്ങിൽ ടീമിന്റെ ഭാഗമായി പരേഡിൽ പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. സൗങ്കമ്പ സില്ല സംഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിഷയത്തിൽ വ്യാപക ചർച്ചയുയർന്നു. ഇതോടെയാണ് ഭാഗികമായി അംഗീകരിക്കാൻ അധികൃതർ തയാറായത്. ''ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഒടുവിൽ ധാരണയിലെത്തിയിരിക്കുന്നു. തുടക്കം മുതൽ പിന്തുണച്ചവർക്ക് നന്ദി''-സൗങ്കമ്പ സമൂഹ മാധ്യമങ്ങളിൽ ഇങ്ങനെ കുറിച്ചു.

ഫ്രാൻസിലെ പൊതുമേഖല തൊഴിലാളികൾക്ക് ബാധകമാകുന്ന മതേതര തത്വങ്ങൾ രാജ്യത്തിനായി ഒളിംപിക്‌സിൽ പങ്കെടുക്കുന്നവർക്കും ബാധകമാണെന്ന് ഒളിംപിക്‌സ് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലപ്പാർഷ്യൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, മതപരമായ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ വിലക്കില്ലാത്തതിനാൽ മറ്റു രാജ്യങ്ങളിലെ അത്‌ലറ്റുകൾക്ക് ഇത് ബാധകമാകില്ല.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News