എടാ... മോനേ; ഈഫൽ ടവറിന് മുന്നിൽ മുണ്ടുടുത്ത് മലയാളി ലുക്കിൽ പി.ആർ ശ്രീജേഷ്
ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ മനു ഭാക്കറിനൊപ്പം മലയാളി താരവും ഇന്ത്യൻ പതാകയേന്തും
പാരിസ്: തുടർച്ചയായി രണ്ടാം ഒളിമ്പിക്‌സിലും മെഡൽ നേട്ടവുമായാണ് ഇന്ത്യൻ ഹോക്കി ടീം നാട്ടിലേക്ക് യാത്രയായത്. പാരീസിൽ നിന്ന് സഹതാരങ്ങൾ മടങ്ങിയെങ്കിലും മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് അവിടെ തുടരുകയാണ്. സമാപന ചടങ്ങിൽ മനു ഭാക്കറിനൊപ്പം ഇന്ത്യൻ പതാകയേന്തുന്നത് ശ്രീജേഷാണ്.ഇന്ത്യക്കായി രണ്ട് പതിറ്റാണ്ടിലേറെയായി രക്ഷകന്റെ റോളിൽ അവതരിക്കുന്ന ഈ ഗോൾകീപ്പർ പാരീസ് ഒളിമ്പിക്‌സിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപനവും നടത്തിയിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്ത ഫോട്ടോ വൈറലായിരിക്കുകയാണ്.
ഏടാ മോനെ….😎 pic.twitter.com/tKG49RASgF
— sreejesh p r (@16Sreejesh) August 11, 2024
ഒളിംപിക്സ് വെങ്കലമെഡലും കഴുത്തിലണിഞ്ഞ് ഈഫൽ ടവറിന് മുന്നിൽ നിൽക്കുന്ന ചിത്രമാണ് ശ്രീജേഷ് പങ്കുവെച്ചത്. വെള്ളമുണ്ടും ഷർട്ടുമണിഞ്ഞ് തനി നാടൻ മലയാളി ലുക്കിലാണ് ശ്രീജേഷ് ഫോട്ടോക്ക് പോസ് ചെയ്തത്. പോസ്റ്റിന് ക്യാപ്ഷനായി ''എടമോനെ'' എന്നും രേഖപ്പെടുത്തി. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ചിത്രം വൈറലായി.
തിരുവനന്തപുരം ജിവി രാജ സ്‌പോർട്‌സ് സ്‌കൂളിലൂടെയായിരുന്നു തുടക്കം. 2004ൽ ഇന്ത്യൻ ജൂനിയർ ടീമിൽ ഇടംപിടിച്ചു. രണ്ടുവർഷത്തിനകം സീനിയർ ടീമിലേക്കുള്ള വിളിയെത്തി. 2006 മുതൽ സീനിയർ ടീമിൽ കളിക്കുന്ന ശ്രീ ഇതിനകം 335 മത്സരങ്ങളിൽ കളത്തിലിറങ്ങി. നാല് ഒളിംപിക്‌സിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ഗോൾകീപ്പറായ ശ്രീജേഷ് ലോകത്തിലെ ഏറ്റവും മികച്ച കാവൽക്കാരനായി രണ്ടുതവണ തെരഞ്ഞടുക്കപ്പെട്ടു. നിരവധി മത്സരങ്ങളിലാണ് ഇന്ത്യയുടെ രക്ഷകന്റെ റോളിൽ താരം അവതരിച്ചത്. രാജ്യം അർജുനയും പത്മശ്രീയും ഖേൽരത്‌നയും നൽകി ആദരിച്ചു. നിലവിൽ കേരള സർക്കാരിൽ ഹയർ എഡ്യുക്കേഷനലിൽ ജോയിന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്.