ശക്തമായ മഴ; ഒമാനിലെ വടക്കന്‍ ഗവർണറേറ്റുകളിൽ ഗതാഗതം തടസപ്പെട്ടു
ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ ഇന്നു ശക്തമായ മഴ പെയ്തു. ഇടിയോടെയുള്ള മഴക്ക് ഒപ്പം ശക്തമായ കാറ്റും പലയിടങ്ങളിലായി ഉണ്ടായി. വാദികൾ കരകവിഞ്ഞ് ഒഴുകിയതിനെ വിവിധ മേഖലകളിൽ ഗതാഗതം തടസപ്പെട്ടു.
ഖാബൂറയിൽ വാദിയിൽ കുടുങ്ങിയ വാഹനത്തിൽ നിന്ന് രണ്ട് പേരെ രക്ഷിച്ചതായി റോയൽ ഒമാൻ പൊലിസ് അറിയിച്ചു. സഹം വിലായത്തിലെ വാദി സീഹിൽ ഞായറാഴ്ച രാത്രി വാഹനം വെള്ളപ്പാച്ചിലിൽ കുടുങ്ങി. വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും വെള്ളം നിറഞ്ഞൊഴുകുന്ന വാദികൾ മുറിച്ചുകടക്കരുതെന്നും അധികൃതർ നിർദേശിച്ചു.
അൽ ഹജർ പർവത നിരകളിലും പരിസരങ്ങളിലും മുസന്ദമിലുമാണ് മഴ പെയ്തത്. ബാത്തിന ഗവർണറേറ്റിൽ ലിവ, സുഹാർ, സഹം, നഖൽ, റുസ്താഖ്, അവാബി, സുവൈഖ് എന്നിവിടങ്ങളിൽ ഞായറാഴ്ച ഉച്ചക്ക് ശേഷം കനത്ത മഴയാണ് പെയ്തത്. മല പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു.
മസ്കത്തിൽ വൈകുന്നേരം മൂടികെട്ടിയ അവസ്ഥയായിരുന്നെങ്കിലും രാത്രി വരെ മഴ പെയ്തിട്ടില്ല. ന്യൂനമർദ പാത്തി രൂപപ്പെട്ടതിന്റെ ഫലമായി ചൊവ്വാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി നേരത്തേ അറിയിച്ചിരുന്നു.