Year Ender 2023: വാഹന സുരക്ഷക്ക് പ്രാധാന്യം നൽകിയ വർഷം, വിപണി കീഴടക്കാൻ പുതിയ ഇന്ധനങ്ങളും

പെട്രോൾ, ഡീസൽ എന്നിവക്ക് പുറമെ പുതിയ ഇന്ധനങ്ങൾ കൂടി വാഹനങ്ങളിൽ ഇടംപിടിച്ച വർഷമാണ് കടന്നുപോകുന്നത്

Update: 2023-12-30 09:24 GMT
Advertising

വാഹന രംഗത്ത് വിപ്ലവകരമായ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന വർഷമാണ് 2023. കോവിഡിന് ശേഷം വാഹന വിൽപനയിൽ വലിയ കുതിച്ചുചാട്ടമാണ് പോയ വർഷം ഉണ്ടാകുന്നത്. പുതിയ ധാരാളം മോഡലുകൾ പുറത്തിറക്കി കമ്പനികൾ വിപണിയെ ചലിപ്പിക്കാൻ ശ്രമിച്ചു. 2023ൽ വാഹന രംഗത്തുണ്ടായ പ്രധാന സംഭവങ്ങളും നേട്ടങ്ങളും പരിശോധിക്കാം.

ഭാരത് എൻകാപ്പും സുരക്ഷ മാനദണ്ഡങ്ങളും

പുതിയ കാലത്ത് തങ്ങളുടെ വാഹനങ്ങളിലെ സുരക്ഷ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിൽ ഏറെ പ്രാധാന്യം നൽകുന്നുണ്ട് ഓരോ നിർമാതാക്കളും. ടാറ്റ പോലുള്ള കമ്പനികൾ സുരക്ഷ ഫീച്ചറുകളാണ് പ്രധാനമായും മാർക്കറ്റ് ചെയ്യാറ്. ഇതോടെ മാരുതി ഉൾപ്പെടെയുള്ള കമ്പനികളും സുരക്ഷയുടെ കാര്യത്തിൽ ​മുൻഗണന നൽകാൻ തുടങ്ങി. കോംപാക്ട് എസ്‍യുവിയായ ഫ്രോങ്സ് 50 തവണ ക്രാഷ് ടെസ്റ്റ് നടത്തിയാണ് മാരുതി തങ്ങളുടെ കരുത്ത് കാണിച്ചത്.

​​യുകെ ആസ്ഥാനമായുള്ള ഗ്ലോബൽ എൻകാപ്പിൽ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയാണ് വാഹനങ്ങൾക്ക് സുരക്ഷ റേറ്റിങ് നൽകാറുള്ളത്. ഇതിന് പകരം ഇന്ത്യയിൽ തന്നെ ക്രാഷ് ടെസ്റ്റിന് സൗകര്യമൊരുക്കുന്ന ഭാരത് എൻകാപ്പ് ​കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത് ഈ വർഷമാണ്. ഡിസംബറിൽ ടാറ്റയുടെ ഹാരിയറും സഫാരിയും ഇതിൽ ക്രാഷ് ടെസ്റ്റ് നടത്തി 5 സ്റ്റാർ നേടുകയും ചെയ്തു.

ലോകത്ത് വാഹനാപകടങ്ങളിൽ ആളുകൾ മരിക്കുന്നതിന്റെ എണ്ണത്തിൽ മുൻപന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ കേന്ദ്ര സർക്കാർ അപകടങ്ങൾ കുറക്കാൻ പല നടപടികളും സ്വീകരിക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഈ വർഷം മുതൽ പാസഞ്ചർ വാഹനങ്ങളിൽ നടപ്പാക്കിയ ആറ് എയർ ബാഗ് സംവിധാനം.

മാസാണ് അഡാസ്

ഡ്രൈവിങ് കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കുന്ന സംവിധാനമാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്). ചെറുകാറുകളിൽ പോലും അഡാസ് വന്ന വർഷമാണ് 2023. കോംപാക്റ്റ് എസ്‍യുവികളായ ഹ്യുണ്ടായ് വെന്യു, കിയ സോണറ്റ് പോലുള്ള മോഡലുകളിൽ വരെ അഡാസ് ലഭ്യമാണ്.

ട്രാഫിക് സിഗ്നൽ തിരിച്ചറിയുക, ഓട്ടോണമസ് എമർജൻസി ബ്രേക്കിങ്, ലെയിൻ ഡിപ്പാർച്ചർ വാർണിങ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹൈബീം അസിസ്റ്റ്, ബ്ലൈൻഡ് സ്​പോട്ട് കണ്ടെത്തുക, സ്പീഡ് അസിസ്റ്റ് സംവിധാനം, മുന്നിലെ കൂട്ടിയിടിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുക, പാർക്കിങ് അസിസ്റ്റൻസ് തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളാണ് അഡാസിന്റെ വിവിധ വകഭേദങ്ങളിലുള്ളത്. റോഡിലുള്ള മറ്റു വാഹനങ്ങളുടെ വേഗതയെല്ലാം കണക്കുകൂട്ടിയാണ് ഇവ പ്രവർത്തിക്കുന്നത്. വാഹനങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്ന സംവിധാനവും അഡാസിലുണ്ട്.


ഡ്രൈവറില്ലാത്ത ഓട്ടോണോമസ് വാഹനങ്ങളിലാണ് അഡാസിന്റെ ഉയർന്ന വകഭേദമായ ലെവൽ 5 ഉള്ളത്. എന്നാൽ, ഇന്ത്യയിൽ ഡൈവറില്ലാ വാഹനങ്ങൾ ഉടൻ അനുവദിക്കില്ലെന്നാണ് കഴിഞ്ഞദിവസം കേന്ദ്രം വ്യക്തമാക്കിയത്. 80 ലക്ഷത്തിനടുത്ത് ഡ്രൈവർമാരുടെ ജോലി നഷ്ടമാകുമെന്നതിനാലാണ് ഈ തീരുമാനം.

ഹരിത വിപ്ലവം

വാഹനലോകം ഇലക്ട്രിക്കിലേക്കാണ് പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചന തന്ന വർഷമായിരുന്നു 2023. ഇന്ത്യയിൽ നിരവധി ഇലക്ട്രിക് കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് പുതുതായി വന്നത്. 2023ൽ ഒല 2.5 ലക്ഷം സ്കൂട്ടറുകൾ വിറ്റ് ചരിത്രം സൃഷ്ടിച്ചു. അതുപോലെ ടാറ്റ തങ്ങളു​ടെ ഇലക്ട്രിക് കാറുകൾക്ക് മാത്രമായി ഗുഡ്ഗാവിൽ ഷോറൂം ആരംഭിച്ചുകഴിഞ്ഞു.

ഷവോമി പോലുള്ള മൊബൈൽ ഫോൺ നിർമാണ കമ്പനികളും ഇലക്ട്രിക് വാഹന നിർമാണ രംഗത്തേക്ക് ഈവർഷം കടന്നുവന്നിട്ടുണ്ട്. തങ്ങളുടെ ആദ്യ വാഹനമായ എസ്‍യു7 കഴിഞ്ഞദിവസമാണ് ചൈനയിൽ അവതരിപ്പിച്ചത്. 800 കിലോമീറ്റർ വരെയാണ് ഇതിന്റെ റേഞ്ച്. 1200 കിലോമീറ്റർ റേഞ്ചുള്ള മറ്റൊരു വാഹനവും ഇവർ പുറത്തിറക്കുന്നുണ്ട്. മിനിറ്റുകൾക്കുള്ളിൽ മുഴുവാനായും റീചാർജ് ആകുന്ന ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററികളും വിവിധ നിർമാതാക്കൾ 2023ൽ അവതരിപ്പിച്ച് കഴിഞ്ഞു. അതുപോലെ നിരവധി വാഹനങ്ങളിൽ ഹൈബ്രിഡ് ടെക്നോളജിയും കമ്പനികൾ ഉൾപ്പെടുത്താൻ തുടങ്ങി.

ഇലക്ട്രിക് - ഓട്ടോണോമസ് വാഹന നിർമാണ രംഗത്തെ മുൻനിരക്കാരായ അമേരിക്കൻ കമ്പനി ടെസ്‍ല ഇന്ത്യയിലേക്ക് വരികയാണെന്ന വാർത്തയും 2023ൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള കമ്പനി ഗുജറാത്തിൽ പ്ലാൻറ് തുടങ്ങാൻ സാധ്യതയു​ണ്ടെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ട്.

പുതിയ ഇന്ധനങ്ങൾ

പരമ്പരാഗത ഇന്ധനങ്ങളായ പെട്രോൾ, ഡീസൽ എന്നിവക്ക് പുറമെ പുതിയ ഇന്ധനങ്ങൾ കൂടി വാഹനങ്ങളിൽ ഇടംപിടിച്ച വർഷമാണ് കടന്നുപോകുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് ഫ്ലെക്സ് ഫ്യുവൽ. പെട്രോളിൽ മെഥനോളോ എത്തനോളോ ചേർത്താണ് ഇത് തയാറാക്കുന്നത്. പൂർണമായും ഫ്ലെക്സ് ഫ്യുവലിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വാഹനമായ ടൊയോട്ട ഇന്നോവ പുറത്തിറങ്ങിയത് 2023ൽ ഇന്ത്യയിലാണ്.

ഇന്ധന ഇറക്കുമതി കുറക്കുക, മലിനീകരണം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേ​ന്ദ്ര സർക്കാർ ഫ്ലക്സ് ഫ്യുവലിനെ പ്രോത്സാഹിപ്പിക്കുന്നത്. ഫ്ലെക്സ് ഫ്യുവലിൽ മാത്രം ഓടുന്ന കാറുകളും ഇരുചക്ര വാഹനങ്ങളും ഇന്ത്യയിൽ ഉടൻ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. 2025 ഏപ്രിൽ മുതൽ 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ പൂർണമായും നടപ്പാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം.


ഈ വർഷമാണ് ജപ്പാനിൽ സുസുക്കി വാഗൺ ആറിന്റെ കംപ്രസ്ഡ് ബയോഗ്യാസിൽ ഓടുന്ന മോഡൽ അവതരിപ്പിച്ചത്. മലിനീകരണം കുറക്കുകയാണ് ഇതിന്റെയും ലക്ഷ്യം. ബയോഗ്യാസ് മോഡലുകളുടെ പ്രധാന വിപണിയായി ഇന്ത്യയെ ആണ് സുസുക്കി കാണുന്നത്.

സിഎൻജിയിൽ ഓടുന്ന നിരവധി വാഹനങ്ങളും ഈ വർഷം കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങളുടെ ഗവേഷണവും നിർമാണവും മറുഭാഗത്ത് നടക്കുന്നുണ്ട്.

എല്ലാം ഓൺലൈനിൽ

പുതിയൊരു വാഹനം വാങ്ങുന്നതിന് മുമ്പായി അതിനെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും എല്ലാവരും സാധാരണ ഷോറൂമിലാണ് പോകാറ്. എന്നാൽ, വിർച്വൽ റി​യാലിറ്റി സംവിധാനങ്ങൾ വന്നതോടെ എല്ലാം വീട്ടിലിരുന്ന് അടുത്തറിയാനാകും. ഒട്ടുമിക്ക വാഹന കമ്പനികളും ഓൺലൈനിൽ വിആർ ഷോറൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.

അതുപോലെ വാഹനങ്ങൾ ഓൺലൈൻ വഴി വാങ്ങാനുള്ള സംവിധാനങ്ങളും വ്യാപകമായിട്ടുണ്ട്. അമേരിക്കയിൽ ആമസോൺ വഴി ഹ്യുണ്ടായ് കാറുകൾ വാങ്ങാനുള്ള സൗകര്യം ഉടൻ വരുമെന്ന പ്രഖ്യാപനവും 2023ലാണ് വരുന്നത്.

ഇന്ത്യയിലെ ദേശീയപാതകളിലൂടെ സഞ്ചരിക്കുമ്പോൾ ഫാസ്ടാഗ് ഉപയോഗിച്ചാണ് നിലവിൽ ടോൾ ഈടാക്കുന്നത്. ഇത് ഇനി ജിപിഎസ് വഴിയായിരിക്കും ഈടാക്കുക എന്ന പ്രഖ്യാപനം കേന്ദ്രത്തിൽനിന്ന് ഈ വർഷം വന്ന് കഴിഞ്ഞു. പ്രത്യേക നമ്പർ ​പ്ലേറ്റ് ഇതിനായി വേണ്ടി വരും. ഇത് സ്കാൻ ചെയ്താണ് ടോൾ ഈടാക്കുക. യാത്ര ചെയ്ത അത്രയും ദൂരത്തിന് മാത്രം ടോൾ നൽകിയാൽ മതിയെന്ന സൗകര്യവും ഇതിനുണ്ടാകും.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - വി.കെ. ഷമീം

Senior Web Journalist

Similar News