ഭാസുരേന്ദ്ര ബാബു ധീരതയുള്ള മതേതര ശബ്ദം

മതേതര നിലപാടിലുറച്ച് നിന്ന് മനുഷ്യാവകാശത്തിന് വേണ്ടി ഭരണകൂട വേട്ടയുടെ ഇരകൾക്ക് വേണ്ടി സധൈര്യം ശബ്ദിച്ചു എന്നതാണ് അദ്ദേഹത്തി​ന്റെ ഏറ്റവും വലിയ പ്രത്യേകത

Update: 2024-03-07 16:03 GMT
Advertising

ഭാസുരേന്ദ്ര ബാബു വിടവാങ്ങുമ്പോൾ കേരളക്കരയ്ക്ക് നഷ്ടമാകുന്നത് ധീരതയുള്ള മതേതര ശബ്ദമാണ്. അദ്ദേഹം മുതിർന്ന മാധ്യമ പ്രവർത്തകനായിരിക്കാം, ഇടതുപക്ഷ നിരീക്ഷികനായിരിക്കാം ഇതെല്ലാം ആയിരിക്കെ തന്നെ മതേതര നിലപാടിലുറച്ച് നിന്ന് മനുഷ്യാവകാശത്തിന് വേണ്ടി ഭരണകൂട വേട്ടയുടെ ഇരകൾക്ക് വേണ്ടി സധൈര്യം ശബ്ദിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പറയാനുള്ളത്.

അബ്ദുൽ നാസർ മഅദനിയുടെ കോയമ്പത്തുർ-സേലം തടവറ കാലം. ആ സന്ദർഭത്തിൽ മഅദനിക്കു വേണ്ടി ശബ്ദിക്കുക എന്നത് കൊടിയ പാതകമായാണ് കേരളീയ മുഖ്യധാര ആദ്യം വിലയിരുത്തിയിരുന്നത്. ആ സന്ദർഭത്തിൽ രൂപപ്പെട്ട മഅദനി മോചന കർമ സമിതിയുടെ സജീവ സംഘാടകരിലൊരാളായി രംഗത്ത് വരാൻ അദ്ദേഹം കാട്ടിയ ആർജ്ജവം മാത്രം മതി അദ്ദേഹത്തിൻ്റെ നിലപാട് തിരിച്ചറിയാൻ.

അന്ന് അദ്ദേഹം കൈരളി ചാനലിലൂടെ അറിയപ്പെടുന്ന മാധ്യമ നിരൂപകനാണ്. ആ നിലയ്ക്ക് അദ്ദേഹത്തിന് കേരളത്തിൻ്റെ മുന്നിൽ മോശമല്ലാത്ത ഇമേജുണ്ട്. ആ ഇമേജിന് കോട്ടം തട്ടുമോ എന്ന ചെറിയ ഭയം മാത്രം മതി മഅ്ദനിയുടെ മോചനം പോലെ മുഖ്യധാര പുറംതള്ളിയിരുന്ന ഒരു കാര്യത്തിൽ നിന്ന് അദ്ദേഹത്തിന് പിൻ വാങ്ങാൻ. പക്ഷേ അദ്ദേഹം സധൈര്യം ഉറച്ചു നിന്നു. എന്നു മാത്രമല്ല മഅ്ദനിയുടെ മോചനം കേരളത്തിന്റെ പൊതു ആവശ്യമായി വരാനുള്ള നീക്കങ്ങളിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ് എന്ന് എക്കാലവും ഓർമിക്കപ്പെടും.

കോയമ്പത്തൂരിൽ നിന്ന് ജയിൽ മോചിതനായ ശേഷം വീണ്ടും മഅ്ദനിയെ ബാംഗ്ലൂർ കേസിൽ കുടുക്കാനുള്ള ഗൂഢാലോചനകൾ പുറത്തു വരുന്ന സമയത്താണ് വീണ്ടും വലിയൊരു മനുഷ്യാവകാശ പ്രശ്നമായി മഅ്ദനി കേരളത്തിൽ ചർച്ചയാകുന്നത്. വീണ്ടും മഅ്ദനിയുടെ അറസ്റ്റിന് ശേഷം കൊല്ലത്ത് ചേർന്ന യോഗത്തിലാണ് ജസ്റ്റിസ് ഫോർ മഅ്ദനി ഫോറം രൂപപ്പെടുന്നത്. സെബാസ്റ്റ്യൻ പോളായിരുന്നു അതിൻ്റെ ചെയർമാൻ. ഫോറത്തിന് ആ പേര് നിർദ്ദശിച്ചത് ഭാസുരേന്ദ്ര ബാബു ആയിരുന്നു.

പിന്നീട് ബാഗ്ലൂരിലും ഡൽഹിയിലും നടന്ന ഇന്ത്യയിലെ വ്യത്യസ്ത സാമൂഹ്യ പ്രവർത്തകരുടെയും ജനകീയ സമര നേതൃത്വങ്ങളുടെയും കൺവെൻഷനുകളിൽ സെബാസ്റ്റ്യൻ പോൾ, കെ.പി ശശി തുടങ്ങിയവരോടൊപ്പം മഅ്ദനി നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച് രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും അദ്ദേഹം വലിയ പങ്ക് വഹിച്ചു.

യു.എ.പി.എ പോലെയുള്ള കരിനിയമങ്ങൾക്കെതിരെയും അദ്ദേഹം കൃത്യമായ നിലപാടെടുത്തിരുന്നു. ഇസ്ലാമോഫോബിയയ്ക്കെിരെയും ഭരണകൂട വേട്ടകൾക്കെതിരെയും അദ്ദേഹം വ്യക്തതയാർന്ന നിലപാട് എന്നും കൈക്കൊണ്ടിരുന്നു. ഇടതുപക്ഷ സഹയാത്രികനായിരെക്കെ പ്രത്യേകിച്ച് സിപിഎം സഹയാത്രികനായിരിക്കെ തന്നെ ഇടതു ഭരണകൂടം അടക്കമുള്ള ഭരണകൂടങ്ങളിൽ നിന്നുണ്ടാകുന്ന നീതിനിഷേധങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും എതിർക്കാൻ അദ്ദേഹത്തിന് തരിമ്പും സംശയമുണ്ടായിരുന്നില്ല.

അവസാനകാലത്ത് ആരോഗ്യം തീരെ ക്ഷയിച്ചിരുന്ന സന്ദർഭത്തിലും അബ്ദുൽ നാസർ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യണമെന്നുള്ള ആവശ്യത്തിൽ നടന്ന പ്രക്ഷോഭങ്ങളിലും അദ്ദേഹം വിറയ്ക്കുന്ന കൈകളോടെയും പങ്കെടുത്തിരുന്നു.

ഇസ്ലാമോഫോബിയയ്ക്കെിരെ കൃത്യമായ കാഴ്ചപ്പാടുള്ള അദ്ദേഹം പല വേദികളിലും ഇടതുപക്ഷ സഹയാത്രികരെയടക്കം ഇക്കാര്യത്തിൽ തിരുത്തുന്നതിന് സാക്ഷിയായിട്ടുണ്ട്. പതിരില്ലാതെ മതേതര നിലപാട് വെച്ചു പുലർത്തുന്നവർ അപൂർവ്വമായ ഇക്കാലത്ത് അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടം തന്നെയാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - സജീദ് ഖാലിദ്

contributor

Similar News