ഡാനിഷ് സിദ്ദീഖി പകര്‍ത്താന്‍ ബാക്കിവെച്ച ഫ്രെയിമുകള്‍
ദില്ലി വംശഹത്യയുടെ സ്മാരകമായി മാറിയ ഫോട്ടോ എങ്ങനെ പകര്‍ത്തിയെന്ന് ചോദിച്ചപ്പോള്‍ സമൂഹത്തിനു നേരെ ഒരു കണ്ണാടി പിടിക്കുകയായിരുന്നു ഞാന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെയാണ് അത് ചെയ്യുന്നതെന്ന് വീണ്ടും ചോദിച്ചപ്പോള്‍ ആകാശത്തേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം നടന്നകന്നു.
ഡാനിഷ് സാറോട് ചോദിക്കാനാഗ്രഹിച്ച ചോദ്യങ്ങളെല്ലാം ഇപ്പോള്‍ എന്റെയുള്ളില്‍ ഒരു വിങ്ങലായി നില്‍ക്കുകയാണ്. ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹം ശ്രദ്ധയോടെ കേട്ടിരിക്കുകയും വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുമായിരുന്നു. പൊടുന്നനെയാണ് അദ്ദേഹം വിടവാങ്ങിയത്. ഞാനെടുത്ത ഫോട്ടോകൾ അദ്ദേഹത്തെ കാണിക്കാനും അഭിപ്രായങ്ങള്‍ അറിയാനും അദ്ദേഹം നടന്ന വഴിയെ നടക്കാനും ഞാൻ എന്നും കൊതിച്ചിരുന്നു. അതിജീവനത്തിനായി പൊരുതുന്ന മനുഷ്യരുടെ പടങ്ങള്‍ പകര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇന്ന് അഫ്ഗാനിസ്ഥാനില്‍ ആ ജീവിതം നിലച്ചു. പൊടുന്നനെ, മുന്നറിയിപ്പുകളൊന്നുമില്ലാത്ത ഒരര്‍ദ്ധ വിരാമം. കൊല്ലപ്പെടുമ്പോള്‍ അദ്ദേഹം റോയിട്ടേഴ്സിനായി ഡ്യൂട്ടിയിലായിരുന്നു.
രണ്ട് ദിവസം മുമ്പ്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോൾ, അദ്ദേഹം സുരക്ഷിതനാണല്ലോയെന്ന് ഞാൻ ആശ്വസിച്ചു. അദ്ദേഹത്തിനു മാത്രമായി ഞാന്‍ പ്രാര്‍ഥിക്കുന്നതില്‍ ശരികേടില്ലേയെന്ന് എന്‍റെ ഒരു സുഹൃത്ത് പകുതി കളിയായും പകുതി കാര്യമായും ചോദിച്ചിരുന്നു. എന്‍റെ വഴികാട്ടിക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനയായിരുന്നു അത്. ഉത്തരം കിട്ടാതെ പോയ പ്രാര്‍ഥന.
ആദ്യമായി പുലിറ്റ്‌സർ സമ്മാനം ലഭിച്ചതിനു ദിവസങ്ങൾക്ക് ശേഷം ജാമിഅ മില്ലിയ ഇസ്ലാമിയയിൽ സിദ്ദിഖി ഞങ്ങളുടെ ഒന്നാം വർഷ ഓറിയന്‍റേഷൻ സെഷൻ നടത്തി. താനെടുത്ത ഫോട്ടോകള്‍ അദ്ദേഹം ഞങ്ങളെ കാണിച്ചു. പല കഥകള്‍ പേശുന്ന പടങ്ങള്‍ സ്ക്രീനില്‍ ഖനീഭവിച്ചു കിടന്നു. ഇത്തരം ദുരന്തങ്ങൾ ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ പോലുമറിയാതെ അദ്ദേഹം ഞങ്ങളുടെയുള്ളില്‍ കൂടുകെട്ടുകയായിരുന്നു.
അദ്ദേഹത്തിന്‍റെ ഓരോ ഫോട്ടോകളും ഞങ്ങളുടെ വൃത്തത്തില്‍ വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്‍റെ സൃഷ്ടികളുടെ ഭിന്നഭാവങ്ങളെ കുറിച്ച് ഞങ്ങള്‍ സൂക്ഷ്മാവലോകനങ്ങള്‍ നടത്തി. എന്നെങ്കിലുമൊരിക്കല്‍ ഞങ്ങളും അദ്ദേഹത്തെ പോലെയാവുമെന്ന് ഞങ്ങള്‍ സ്വപ്നം കണ്ടു. ഞങ്ങളുടെ സ്ഥാപനവുമായുള്ള ബന്ധം കാരണം ഡാനിഷ് ഞങ്ങളുടെ ഒരു ഇൻ ഹൗസ് ഹീറോ ആയിരുന്നു. അദ്ദേഹത്തിന്‍റെ ഫോട്ടോകളെ അൽതാഫ് ഖാദ്‍രിയുടെയും അദ്‌നാൻ അബിദിയുടെയും ചിത്രങ്ങളുമായി ഞങ്ങൾ താരതമ്യം ചെയ്യാറുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും. പക്ഷെ ഞങ്ങളുടെ ഹീറോകള്‍ ഇവരായിരുന്നു .
ചിത്രങ്ങള്‍ പകര്‍ത്താനായി അദ്ദേഹം നിലയുറപ്പിച്ചിരുന്ന ഇടങ്ങള്‍ ഞങ്ങളെ അദ്ഭുതപ്പെടുത്തിയിരുന്നു. സംഘര്‍ഷങ്ങള്‍ക്കിടയില്‍ ശാന്തനായി കാമറയും കയ്യിലേന്തി, ആള്‍കൂട്ടത്തില്‍ നിന്ന് തെന്നിമാറി പടം പകര്‍ത്തി പൊടുന്നനെ അപ്രത്യക്ഷമായിരുന്ന അദ്ദേഹം ഞങ്ങള്‍ക്ക് വിസ്മയമായിരുന്നു. അദ്ദേഹം ഇതങ്ങനെ സാധിച്ചെടുക്കുന്നുവെന്ന് ഇടക്കിടെ ഞങ്ങള്‍ ഒളിഞ്ഞു നോക്കി.
പരീക്ഷണങ്ങള്‍ അദ്ദേഹത്തിന് ഹരമായിരുന്നു. അതില്‍ പ്രത്യേകം എടുത്തുപറയേണ്ടതാണ് ശ്രീലങ്കയില്‍ ബോംബുസ്ഫോടന ഇരകളെക്കുറിച്ചുള്ള ഫോട്ടോ സിരീസ്. കോവിഡില്‍ പൊലിഞ്ഞു പോയ ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികള്‍, കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിന്റെ മറുപുറങ്ങള്‍.... ദൃശ്യഭാഷയുടെ അകവും പുറവും ആഴത്തിലറിഞ്ഞ ഒരു ദേശാടകനായിരുന്നു ഡാനിഷ്.
ജാമിഅ പോലീസ് അതിക്രമത്തിന് ഒരാഴ്ച കഴിഞ്ഞപ്പോൾ, ഞങ്ങളുടെ പോരാട്ടത്തിന് പിന്തുണ അറിയിക്കാൻ സിദ്ദീഖി സന്ദേശമയച്ചു. അഭിമുഖങ്ങൾക്കും കോൺടാക്റ്റുകൾക്കുമായി തള്ളിക്കയറ്റം നടത്തുന്നവരില്‍ നിന്ന് വ്യത്യസ്തമായി, അദ്ദേഹം ഞങ്ങളോടൊന്നും ആവശ്യപ്പെട്ടില്ല. അദ്ദേഹം ഞങ്ങളുടെ സുഖവിവരം അന്വേഷിക്കുക മാത്രം ചെയ്തു. ഞങ്ങില്‍ അത് ആവേശം നിറച്ചു. ഞങ്ങളുടെ വഴി ശരിയാണെന്ന് അത് ഞങ്ങളെ ബോധ്യപ്പെടുത്തി.
ഒരിക്കല്‍ ജനുവരിയിലെ ഒരു തണുത്തുറഞ്ഞ ദിവസം സിദ്ധീഖിയെ മുസാഫര്‍ നഗറില്‍ വെച്ച് കണ്ടതോര്‍ക്കുന്നു. പൊലീസ് അതിക്രമങ്ങളുടെ നേര്‍ചിത്രങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു അദ്ദേഹം. പലരും പകര്‍ത്താന്‍ മറന്ന പൊലീസ് ഭീകരത ഒപ്പിയെടുക്കാന്‍ ഡാനിഷ് അവിടെയെത്തിയത് മനസ്സില്‍ പ്രതീക്ഷ നിറച്ചു. ഡാനിഷ് ഒരിടത്തെത്തിയാല്‍ സത്യം ലോകമറിയുമെന്ന ദൃഢവിശ്വാസമായിരുന്നു ആ പ്രതീക്ഷക്കു പിന്നില്‍.
Watching Dilwale Dulhania Le Jayenge at the Maratha Mandir theatre in Mumbai. One of my favourite Danish Siddiqui pictures for Reuters. #danishsiddiqui pic.twitter.com/6XfOQ5ZRgE
— Soutik Biswas (@soutikBBC) July 16, 2021
ലോകത്തിന്‍റെ നെറുകയിലേക്ക് കാമറയും കൈയ്യിലേന്തി നടന്നപ്പോഴും വിനയം കൈവിടാതെ പുഞ്ചിരിയുമായി അടുപ്പക്കാരെ വരവേറ്റ നിര്‍മ്മലഹൃദയനായിരുന്നു ഡാനിഷ്. ഞാനും സഹപാഠികളും അദ്ദേഹത്തിന്‍റെ ഓരോ ചിത്രങ്ങളും എനിക്കും സഹപാഠികള്‍ക്കും പാഠപുസ്കമായിരുന്നു. സി.എ.എക്ക് എതിരായി പ്രതിഷേധിക്കുന്ന ആള്‍കൂട്ടത്തിനു നേരെ വലതുപക്ഷഭീകരന്‍ വെടിയുതിര്‍ത്തപ്പോള്‍ ഞൊടിയിയടയില്‍ ദൃശ്യം പകര്‍ത്തുന്ന ഡാനിഷിനെ ഞാന്‍ കണ്ടു. എല്ലാവരും തരിച്ചു നിന്ന നിമിഷമാണിതെന്നോര്‍ക്കണം. ഒരു മനുഷ്യന് എത്രത്തോളം ധീരനാവാന്‍ കഴിയുമെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. തോക്കിന്മുനയില്‍ നിന്ന് ആ നിമിഷത്തിന്‍റെ ഭീകരതയദ്ദേഹം ഒപ്പിയെടുത്തു. ശേഷം ഞ്ഞെട്ടല്‍ വിട്ടുമാറാതെ നില്‍ക്കുന്ന എന്‍റെ മുഖത്തുനോക്കി അദ്ദേഹം പുഞ്ചിരിച്ചു.
അതേ ദിവസം തന്നെ പോലീസ് നടപടികളിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ ഒരു പ്രക്ഷോഭകനെ ഞാൻ ചുമന്നുകൊണ്ടുപോകുമ്പോൾ കാമറ മാറ്റി വെച്ച് വെള്ളക്കുപ്പിയുമായി എന്‍റെ അടുത്തേക്ക് ഓടിയെത്തി. അദ്ദേഹവുമായുള്ള ഓരോ കൂടിക്കാഴ്ചകളും എന്‍റെയുള്ളില്‍ അദ്ദേഹത്തെ കൂടുതല്‍ വലിയവനാക്കി. അദ്ദേഹം നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു കഥപറയാനായി ഞാന്‍ എന്‍റെ കൂട്ടുകാരുടെയടുത്തേക്ക് മടങ്ങിയെത്തി.
ചിത്രങ്ങള്‍ പകര്‍ത്താനായി അദ്ദേഹം നിലയുറപ്പിച്ചിരുന്ന ഇടങ്ങള്‍ ഞങ്ങളെ അദ്ഭുതപ്പെടുത്തിയിരുന്നു. സംഘര്‍ഷങ്ങള്‍ക്കിടയില്‍ ശാന്തനായി കാമറയും കയ്യിലേന്തി, ആള്‍കൂട്ടത്തില്‍ നിന്ന് തെന്നിമാറി പടം പകര്‍ത്തി പൊടുന്നനെ അപ്രത്യക്ഷമായിരുന്ന അദ്ദേഹം ഞങ്ങള്‍ക്ക് വിസ്മയമായിരുന്നു. അദ്ദേഹം ഇതങ്ങനെ സാധിച്ചെടുക്കുന്നുവെന്ന് ഇടക്കിടെ ഞങ്ങള്‍ ഒളിഞ്ഞു നോക്കി.
ഞങ്ങളുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥകള്‍ പറഞ്ഞതായിരിക്കണം ഡാനിഷ് നമ്മുടെയുള്ളില്‍ വളര്‍ന്നു വികസിക്കാനുണ്ടായ ഒരു കാരണം. ദല്‍ഹിയിലെ നരനായാട്ടിനിടയില്‍ അദ്ദേഹം പകര്‍ത്തിയെടുത്ത ചിത്രങ്ങള്‍ മുസ്‍ലിംകള്‍ അനുഭവിച്ച ഭീകരമായ അതിക്രമങ്ങള്‍ തുറന്നു കാട്ടി. താന്‍ ഫോട്ടോയെടുക്കുന്നവരുടെ അന്തസിനെ അദ്ദേഹം വിലമതിച്ചു. പടം പകര്‍ത്തിയ ഇടങ്ങളിലേക്കെല്ലാം അദ്ദേഹം തിരിച്ചു ചെന്നു ഫോളോ അപ് സ്റ്റോറികള്‍ ചെയ്തു.
ദില്ലി വംശഹത്യയുടെ സ്മാരകമായി മാറിയ ഫോട്ടോ എങ്ങനെ പകര്‍ത്തിയെന്ന് ചോദിച്ചപ്പോള്‍ സമൂഹത്തിനു നേരെ ഒരു കണ്ണാടി പിടിക്കുകയായിരുന്നു ഞാന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെയാണ് അത് ചെയ്യുന്നതെന്ന് വീണ്ടും ചോദിച്ചപ്പോള്‍ ആകാശത്തേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം നടന്നകന്നു.
സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളുമെല്ലാം എവിടെയുണ്ടോ അവിടെ സിദ്ദീഖിയെത്തി. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ മാത്രമല്ല ദക്ഷിണേഷ്യ മുഴുവനും തന്‍റെ കാമറയുമായി അദ്ദേഹം അലഞ്ഞു. ഡാനിഷില്ലാത്ത ഒരു ലോകത്ത് സത്യത്തിന് മീതെ നിഴല്‍ ചാഞ്ഞു കിടക്കും. മറ്റുള്ളവര്‍ അദ്ദേഹത്തിന്‍റെ വിടവ് നികത്തുമെന്ന് നമുക്കാശിക്കാം. പക്ഷെ അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ അടുത്ത് നിന്ന് കണ്ട് ദൃശ്യങ്ങള്‍ കഥപറയുന്നയിടങ്ങളിലേക്ക് കാമറയും കൊണ്ട് ചെല്ലാനാഗ്രഹിച്ച ഞങ്ങളില്‍ പലര്‍ക്കും അദ്ദേഹം നികത്താനാവാത്ത ഒരു നഷ്ടമായി തുടരും. കുറഞ്ഞ കാലത്തിനിടയില്‍ സംഭവിച്ച ഞങ്ങളുടെ ആത്മബന്ധം ആ നോവിന്‍റെ ആഴം വര്‍ധിപ്പിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ദിവസങ്ങളില്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ലോകത്തോട് ഞങ്ങളുടെ കഥപറഞ്ഞു. മനുഷ്യത്വത്തിന്‍റെ മണമുള്ള അദ്ദേഹത്തിന്‍റെ ഇടപെടല്‍ അദ്ദേഹത്തെ ഞ്ഞങ്ങളുടെ സഹോദരനാക്കി. ഡാനിഷ് എങ്ങനെയായിരിക്കും ആ സംഭവം പകര്‍ത്തുകയെന്ന് ആലോചിച്ച് ഞങ്ങള്‍ പരസ്പരം തലപുകക്കും. കുറച്ചു വര്‍ഷങ്ങളെങ്കിലും. അതിനുമപ്പുറം ഡാനിഷ് സിദ്ധീഖി ഞങ്ങളുടെ ഹൃദയത്തില്‍ നിത്യസാന്നിധ്യമായിരിക്കും. വിട, ഡാനിഷ്...