ഗുരു സോമസുന്ദരത്തെ മിന്നൽ മുരളിയിലെത്തിച്ച ആൾ ഇവിടെയുണ്ട് !

ഗുരു സോമസുന്ദരത്തെ ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്ത അസോസിയേറ്റ് ഡയറക്ടറർ ശിവപ്രസാദ് ചിത്രത്തിന്റെ വിശേഷങ്ങളും ഓർമ്മകളും പങ്കുവെക്കുന്നു

Update: 2022-02-05 06:06 GMT
Advertising

മലയാളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ സിനിമയാണ് ടൊവിനോ തോമസിന്റെ മിന്നൽ മുരളി. ഹോളിവുഡ് ചിത്രങ്ങളിൽ മാത്രം കണ്ടു ശീലിച്ച സൂപ്പർ ഹീറോ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നാട്ടിൻ പുറത്തുകാരനായ സൂപ്പർ ഹീറോയെയാണ് സിനിമയിൽ സംവിധായകൻ ബേസിൽ ജോസഫ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ ഹീറോ കഥാപാത്രങ്ങൾക്ക് കൈയടി കിട്ടുന്നത് പുതിയ സംഭവമായിരിക്കില്ല, എന്നാൽ വില്ലനെ പ്രേക്ഷകരെല്ലാം ഒരുപോലെ ഇഷ്ടപ്പെട്ട ചിത്രമായിരുന്നു മിന്നൽ മുരളി. വില്ലൻ കഥാപാത്രത്തെ നമ്മൾക്ക് മുന്നിലെത്തിച്ച ഗുരു സോമസുന്ദരത്തെ ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്ത അസോസിയേറ്റ് ഡയറക്ടറർ ശിവപ്രസാദ് ചിത്രത്തിന്റെ വിശേഷങ്ങളും ഓർമ്മകളും പങ്കുവെക്കുന്നു.

മിന്നൽ മുരളിയിൽ വില്ലനായി ഗുരു സോമസുന്ദരത്തെ സജസ്റ്റ് ചെയ്തത് താങ്കളാണെന്ന് കേട്ടിരുന്നു. അതേക്കുറിച്ച്

തിരക്കഥ വായിക്കുമ്പോൾ തന്നെ അറിയാമായിരുന്നു ഈ കഥാപാത്രത്തിന് പല സവിശേഷതകളുമുണ്ടെന്ന്. പല വൈകാരിക സന്ദർഭങ്ങളും കൈകാര്യം ചെയ്യേണ്ട കഥാപാത്രമായിരുന്നു മിന്നൽ മുരളിലെ വില്ലൻ കഥാപാത്രമായ ഷിബുവിന്റേത്. കഥാപാത്രത്തിന്റെ രൂപവും മറ്റ് സവിശേഷതകളുമെല്ലാം പരിഗണിച്ചപ്പോൾ ആദ്യം മനസിലേക്ക് വന്നത് ഗുരു സോമസുന്ദരത്തിന്റെ മുഖമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രം മുതൽ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് ഞാൻ സജസ്റ്റ് ചെയ്തപ്പോൾ എല്ലാവരും അംഗീകരിച്ചു. അങ്ങനെയാണ് ഗുരു സോമസുന്ദരം ചിത്രത്തിലെത്തിയത്.


 ഷൂട്ടിങ് സമയത്ത് ചിത്രം തരംഗമാകുമെന്ന് കരുതിയിരുന്നോ?

ഇങ്ങനെ ഒരു സിനിമ മലയാളത്തിൽ ചിത്രീകരിക്കുന്നത് തന്നെ വളരെ വിരളമായിരിക്കും. സിനിമ ചെയ്യുമ്പോൾ തന്നെ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നു. സിനിമയിൽ ചെറിയ വേഷത്തിൽ എത്തിയ പല നടൻമാരോടും വേഷം ചെറുതാണെങ്കിലും നിങ്ങൾ ശ്രദ്ധിക്കപ്പെടുമെന്ന് പറഞ്ഞിരുന്നു. ഇത്തരമൊരു സിനിമ മലയാളത്തിൽ എത്താത്തതുകൊണ്ട് റിലീസിങ്ങ് മുമ്പ് തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്ന് പൂർണവിശ്വാസമുണ്ടായിരുന്നു.



മൂന്ന് സിനിമകളാണ് ബേസിലിന്റേതായി പുറത്തുവന്നത്, മൂന്നും ഹിറ്റ്. സ്‌ക്രീനിൽ കാണുന്നത് പോലെ കൂൾ ആണോ സംവിധായകൻ ബേസിൽ ?

മൂന്ന് ഹിറ്റ് ബേസിൽ നേടിയെങ്കിൽ മൂന്നും ബേസിൽ നന്നായി അധ്വാനിച്ച് നേടിയെടുത്തത് തന്നെയാണ്.എന്റെ ജീവിതത്തിൽ ഇത്രയും കഠിനാധ്വാനിയായ ഒരു സംവിധായകനെ കണ്ടിട്ടില്ല. അത്രയും ആത്മാർത്ഥതയോടെ തന്റെ പ്രൊഫഷനെ കാണുന്ന ആളാണ് ബേസിൽ. ബേസിൽ മനസിൽ കാണുന്ന ഒരു സിനിമ ചിത്രീകരിക്കാൻ അദ്ദേഹത്തിന് പല നിർബന്ധങ്ങളുമുണ്ട്. ഒരു നല്ല സിനിമ ചിത്രീകരിക്കുന്നതിനായി പലകാര്യങ്ങൾ ചെയ്യുന്നതിനിടെ നമ്മൾ ഇന്റർവ്യൂകളിൽ കാണുന്ന 'കൂൾ' ബേസിലായി അദ്ദേഹത്തിന് ഇരിക്കാൻ സാധിക്കണമെന്നില്ല. എന്നാൽ ചിത്രത്തിൽ അഭിനയിക്കുന്നവരോടും മറ്റ് അണിയറ പ്രവർത്തകരോടും വളരെ കൂളായാണ് അദ്ദേഹം ഇടപെടാറുള്ളത്.


മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച സംഭവം വലിയ വാർത്തയായിരുന്നു.ആ സമയത്ത് സെറ്റിലെ പ്രതികരണം എങ്ങനെയായിരുന്നു

സെറ്റ് പൊളിച്ചത് എല്ലാവരെയും സങ്കടപ്പെടുത്തുന്ന വാർത്ത തന്നെയായിരുന്നു. ഒരു സിനിമയ്ക്ക് വേണ്ടി സെറ്റിട്ടത് കുറച്ച് ഹിന്ദു തീവ്രവാദികളെത്തി പൊളിച്ചു കളയുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. പ്രത്യേകിച്ച് കേരളത്തിൽ. മനു ജഗത്ത് എന്ന ആർട്ട് സംവിധായകനാണ് സിനിമയിലെ സെറ്റെല്ലാം ഒരുക്കിയത്. സിനിമ കണ്ട എല്ലാവർക്കും അറിയാം സിനിമയിലെ സെറ്റുകളുടെ ഭംഗി. ഇത്രയും കഠിന്വാധാനം ചെയ്ത് അദ്ദേഹം ഒരുക്കിയ അതിഗംഭീരമായ ഒരു സെറ്റ് കുറച്ചുപേർ എത്തി പൊളിച്ചു കളഞ്ഞതിൽ രോഷവും പ്രതിഷേധവും ഉണ്ടായിരുന്നു.



സിനിമ മാത്രം തലയിൽ കയറ്റിയ ഫ്രണ്ട്സ്, അങ്ങനെ ഉണ്ടായ ഷോർട്ട് ഫിലിംസ്. സിനിമ സ്വപ്നം കാണുന്നവരുടെ ആദ്യപടിയല്ലേ ഷോർട്ട് ഫിലിംസ്?

സിനിമ സ്വപ്നം കാണുന്നവരുടെ ആദ്യപടി തന്നെയാണ് ഷോർട്ട് ഫിലിംസ്. ഒരു വിഷ്വൽ മീഡിയം എന്ന നിലയിൽ പരീക്ഷണങ്ങൾ നടത്താനും നമ്മുടെ മനസ്സിലുള്ള കഥകൾ അവതരിപ്പിച്ചാൽ ആളുകൾ എങ്ങനെ ഏറ്റെടുക്കുമെന്നും മനസ്സിലാക്കി തരുന്നതിൽ ഷോർട്ട് ഫിലിംസ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ നല്ല ഷോർട്ട് ഫിലിം ചെയ്യുന്നവർക്ക് നല്ല സിനിമ ചെയ്യാൻ സാധിക്കുമെന്ന് പറയാൻ സാധിക്കില്ല. ഇതൊരു മീഡിയമാണ്, ഒരേ ക്യാമറ വെച്ചാണ് സിനിമയും ഷോർട്ട് ഫിലിംസും പരസ്യങ്ങളുമെല്ലാം ചിത്രീകരിക്കുന്നതെങ്കിലും ഈ മൂന്നും ഒന്നാണെന്ന് പറയാൻ സാധിക്കില്ല.



മിന്നൽ മുരളിയുടെ കാസ്റ്റിംഗ് എങ്ങനെയായിരുന്നു?

സിനിമയിലെ കാസ്റ്റിംഗ് കുറച്ച് എക്സൈറ്റിങ് ആയിരുന്നു. കുറുക്കൻമൂല എന്നൊരു സാങ്കൽപ്പിക ഗ്രാമം ചെയ്യുമ്പോൾ സ്ഥിരം കണ്ട മുഖങ്ങൾ ഒഴിവാക്കുവാൻ പരമാവധി ശ്രമിച്ചിരുന്നു. അത്കൊണ്ട് തന്നെ നാടകക്കാരെയും മറ്റ് പുതുമുഖങ്ങളെയും ഉൾകൊള്ളിക്കാനാണ് ശ്രമിച്ചത്. മലയാളത്തിൽ പരിചയമില്ലാത്ത ഒരു സിനിമ അവതരിപ്പിക്കുമ്പോൾ ഒരു പ്രത്യേകത കാസ്റ്റിംഗിലും ഉണ്ടാകണമെന്ന് കരുതിയിരുന്നു. അത് ഫലം പൂർണമായും വിജയിച്ചു എന്ന സംതൃപ്തിയുണ്ട്.



പുതിയ പ്രൊജക്ടുകൾ ഏതൊക്കെയാണ്. എന്നാണ് ഡയറക്ടർ കെ.വി ശിവപ്രസാദ് എന്ന് സ്‌ക്രീനിൽ കാണാനാവുക

തുടർച്ചയായി സിനിമയിൽ വർക്ക് ചെയ്യുന്ന ആളല്ല ഞാൻ. കൂടുതൽ പരസ്യങ്ങളാണ് ചെയ്യാറുള്ളത്. അടുത്തിടെ തന്നെ രണ്ട് പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. അതിലൊന്നിൽ ബേസിലായിരുന്നു അഭിനയിച്ചത്. സിനിമ എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഒരു വികാരം തന്നെയാണ്. ചില എഴുത്തുകളും ചിന്തകളുമെല്ലാം നടക്കുന്നുണ്ട്, എന്നാൽ സിനിമയിലേക്കെത്തി എന്ന് പറയാറായിട്ടില്ല.



ശിവപ്രസാദ് എന്ന സിനിമ മോഹിയെ വളർത്തിയതിന് പിന്നിലെ കൂട്ടുകാരുടെ സാന്നിധ്യം

കേരളവർമ്മ കോളേജിൽ ചേർന്നതാണ് ജീവിതത്തിൽ ഇങ്ങനെയൊരു വാതിൽ തുറക്കാൻ കാരണമായതെന്ന് കരുതുന്നു. സിനിമയിലേക്ക് എത്തുക, വർക്ക് ചെയ്യുക എന്നതൊക്കെ അതുവരെ ചിന്തിക്കാൻ സാധിക്കുന്ന കാര്യങ്ങളല്ലായിരുന്നു. എന്നാൽ കേരളവർമ്മ കോളേജിൽ എത്തിയതിന് ശേഷം അവിടെയുള്ള നാടകവും സിനിമാ ക്യാമ്പുകളും പുതിയ കൂട്ടുകാരുമെല്ലാം എവിടെയോ ഒളിച്ചിരുന്ന എന്നിലെ സിനിമാ മോഹിയെ വിളിച്ചുണർത്തുകയായിരുന്നു.കേരളവർമ്മ കോളേജ് തന്നെയാണ് ജീവിതത്തിലെ ഒരു വഴിത്തിരിവായത്.



മിന്നൽ മുരളി 2 എന്ന് എത്തും ?

മിന്നൽ മുരളി 2 നെക്കുറിച്ചുള്ള ആലോചനകളെല്ലാം നടക്കുന്നുണ്ട്.എന്നാൽ, പറയാനുള്ള സ്റ്റേജിലേക്കൊന്നും അത് എത്തിയിട്ടില്ല. മിന്നൽ മുരളി ഹിറ്റ് സിനിമ ആയതിനാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമായിരിക്കും. സമയമെടുത്താണെങ്കിലും നല്ല ഒരു സിനിമ സ്‌ക്രീനിൽ എത്തിക്കുകയെന്നത് തന്നെയാണ് പ്രധാനമായി കാണുന്നത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - ദിബിൻ രമ ഗോപൻ

contributor

Similar News