ഈ വിജയം ചരിത്രമാകുന്നത് ഇങ്ങനെയും!
അതിന്യൂനപക്ഷത്തിന്റെ കൂടി പ്രാതിനിധ്യം സഭയിൽ ഉണ്ടാകുന്നിടത്ത് ജനാധിപത്യത്തിന്റെ തിളക്കമാണ് വർദ്ധിക്കുന്നത്
"ആപ്പിൾ കഴിക്കൂ; ഡോക്ടറെ ഒഴിവാക്കൂ" എന്നാണ് പ്രമാണം.
തൃക്കാക്കരക്കാർ ആപ്പിൾ കഴിച്ചാലും ഇല്ലെങ്കിലും ഡോക്ടറെ ഒഴിവാക്കി. ഈ ഒഴിവാക്കലിന്റെ നേട്ടം യു.ഡി.എഫിനാണ്; ഉമാ തോമസിനാണ്. ചരിത്രം വിജയം എന്നൊക്കെ ഉമയുടെ നേട്ടത്തെ വിശേഷിപ്പിക്കുന്ന പലർക്കും, ഈ വിജയം ചരിത്രം തിരുത്തുന്നതിന്റെ ഒരു പ്രധാന കാരണം അറിയില്ല.
കേരളത്തിലെ സാമുദായിക ബലാബലത്തിനപ്പുറത്തുള്ള ഒരു വിജയമാണ് ഉമയുടേത്. വ്യക്തമായി പറഞ്ഞാൽ കേരളത്തിലെ അതിന്യൂനപക്ഷമായ തമിഴ് ബ്രാഹ്മണ സമുദായത്തിൽനിന്ന് പതിറ്റാണ്ടുകൾക്കു ശേഷം ഒരു ജനപ്രതിനിധി നിയമസഭയിൽ എത്തുന്നു.
ഇതിൽ എന്താണ് അതിശയം എന്ന് ചിന്തിക്കുന്നവർ, എം.എൻ.കാരശ്ശേരി മുൻപ് പറഞ്ഞ ചില വാക്കുകൾ ഓർക്കേണ്ടതാണ്. ഇടത് - വലത് മുന്നണികൾ വിജയ സാദ്ധ്യത കണക്കാക്കി പ്രബല സമുദായങ്ങളിൽപ്പെട്ടവർക്ക് സീറ്റ് നൽകുന്ന പശ്ചാത്തലത്തിലാണ് കാരശ്ശേരി ചോദ്യമെറിഞ്ഞത്.
"എത്ര ബ്രാഹ്മണ സമുദായക്കാർ നിയമസഭയിലുണ്ട്?"
ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന, വിലപേശൽ ശേഷിയില്ലാത്ത ബ്രാഹ്മണ സമുദായ പ്രതിനിധിക്ക് പ്രമുഖ മുന്നണികൾ സീറ്റ് നൽകാനിടയില്ല എന്ന കാരശ്ശേരിയുടെ ഊഹം 2021ലെ തിരഞ്ഞെടുപ്പിൽ കൃത്യമായി ഭവിച്ചു. കഴിഞ്ഞ നിയമസഭയിൽ സി.പി.എമ്മിലെ ഐഷാ പോറ്റി ഉണ്ടായിരുന്നു. ഇത്തവണ ഐഷയ്ക്കും സീറ്റ് ലഭിച്ചില്ല. അങ്ങനെ ബ്രാഹ്മണ പ്രാതിനിധ്യം പൂജ്യമായ നിയമസഭയിലേക്കാണ് ഉമ ഹരിഹരയ്യർ എന്ന ഉമ തോമസ് ജയിച്ചു വരുന്നത്. നേരിയ വോട്ട് ബാങ്ക് പോലുമില്ലാത്ത തമിഴ് ബ്രാഹ്മണരുടെ പ്രതിനിധിയായി ജനം ഉമയെ കണ്ടില്ലായിരിക്കാം. പി.ടി.തോമസിന്റെ പത്നി ഉമ തോമസ് എന്ന ചിന്തയാകാം വോട്ടർമാരെ ഭരിച്ചത്. എന്നിരുന്നാലും അതിന്യൂനപക്ഷത്തിന്റെ കൂടി പ്രാതിനിധ്യം സഭയിൽ ഉണ്ടാകുന്നിടത്ത് ജനാധിപത്യത്തിന്റെ തിളക്കമാണ് വർദ്ധിക്കുന്നത്. അപ്പോഴാണ് പ്രബുദ്ധ കേരളം എന്ന പ്രയോഗം അർത്ഥപൂർണ്ണമാകുന്നത്.
ഈ വിജയം കോൺഗ്രസിന് ഭാവിയിൽ നേട്ടമാകും
പ്രബല സമുദായത്തിൽപ്പെടാത്ത ഒരു ജനപ്രതിനിധിയെ ബൈ ഇലക്ഷനിൽ മത്സരിപ്പിച്ച കോൺഗ്രസിന്റെ തീരുമാനം, ആദ്യ ഘട്ടത്തിൽ ഗ്രൂപ്പ് തല മുറുമുറുപ്പുകൾക്ക് കാരണമായി. ഉമയുടെ മികച്ച വിജയത്തോടെ തൃക്കാക്കര പോലെ ഒരു നഗര മണ്ഡലത്തിൽ സമുദായം ഒരു വലിയ ഘടകമല്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. അതിനപ്പുറം കോൺഗ്രസിന് നഷ്ടമായ ചില സ്വാധീന മേഖലകളിലേക്ക് തിരികെ വരാനുള്ള സുവർണ്ണാവസരമാണിത്.
ഒരു കാലത്ത് ബ്രാഹ്മണ സമുദായം അടക്കമുള്ള മുന്നാക്ക വിഭാഗങ്ങളുടെ വോട്ടുകൾ കോൺഗ്രസിന്റെ പെട്ടിയിലാണ് വീണിരുന്നത്. പിൽക്കാലത്ത് ബി.ജെ.പി ആ വോട്ടുകളിൽ ഏറെയും കയ്യാളി. കൽപ്പാത്തി അഗ്രഹാരങ്ങളിൽ ഇത്തവണ ഷാഫി പറമ്പിലിന് വോട്ട് കുറയുന്നതും കേരളം കണ്ടു. തൃപ്പൂണിത്തുറയിൽ വേണു രാജാമണിയെ സ്ഥാനാർത്ഥിയായി പരിഗണിച്ചതൊഴിച്ചാൽ ഈ സമുദായത്തിന്റെ പ്രാതിനിധ്യം കോൺഗ്രസ് അത്രകണ്ട് ഗൗനിച്ചതുമില്ല. വേണു രാജാമണി പിന്നിൽ ഇടതു സർക്കാരിന്റെ വിദേശകാര്യ പ്രതിനിധിയായി ഡൽഹിയിലേക്ക് പോയി. പുതിയ സാഹചര്യത്തിൽ ബി.ജെ.പിയുടെ വോട്ട് ഷെയർ കുറയുക കൂടി ചെയ്തതോടെ, നഷ്ടപ്പെട്ട ഭൂരിപക്ഷ വോട്ടുകൾ യു.ഡി.എഫിലേക്ക് മടങ്ങിയെത്തിയെന്ന് അനുമാനിക്കാം. ഉമയുടെ സാമാജികത്വം ആ നിലയ്ക്ക് വരും തിരഞ്ഞെടുപ്പുകളിൽ ഐക്യമുന്നണിക്ക് ഗുണം ചെയ്യും.
തമിഴ് ബ്രാഹ്മണ പ്രാതിനിധ്യ ചരിത്രം
ഐക്യ കേരളരൂപികരണത്തിനു മുൻപ് തിരുവിതാംകൂറിലും മറ്റും സർ സി.പിയെപോലെ സുപ്രധാന പദവികളിൽ തമിഴ് ബ്രാഹ്മണർ ഉണ്ടായിരുന്നു. ആദ്യ മൂന്ന് നിയമസഭകളിലും ഈ പ്രാതിനിധ്യം കാണാൻ കഴിയും. ഒന്നും രണ്ടും നിയമസഭകളിൽ ഇടത് പ്രതിനിധിയായി വി.ആർ.കൃഷ്ണയ്യരും രണ്ടാം നിയമസഭയിൽ കോൺഗ്രസ് പ്രതിനിധിയായി ടി.എ.ധർമ്മരാജ അയ്യരും ജയിച്ചു വന്നു.
മൂന്നാം നിയമസഭയിൽ വടക്കാഞ്ചേരിയിൽനിന്ന് എൻ.കെ.ശേഷനും അംഗമായി. 1977മുതൽ അഞ്ച് തവണ പാലക്കാട് മത്സരിച്ച് വിജയിച്ച സി.എം.സുന്ദരമാണ് തമിഴ് ബ്രാഹ്മണ സമൂഹത്തിത്തിൽ നിന്ന് കൂടുതൽ കാലം നിയമസഭാംഗമായിരുന്നത്. ഇവരിൽ കൃഷ്ണയ്യരും സി.എം.സുന്ദരവും മന്ത്രിമാരായി. പിൽക്കാലത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം ശക്തിപ്പെട്ടതോടെ അതിന്യൂനപക്ഷ സമുദായങ്ങളുടെ പ്രാതിനിധ്യം നേർത്തുവന്നു. തന്മൂലം ഇത്തരം സമുദായത്തിൽപ്പെട്ടവർ പൊതുപ്രവർത്തന രംഗത്തു നിന്ന് പിൻവലിയുന്ന സാഹചര്യവും വന്നു ചേർന്നു.
പതിറ്റാണ്ടുകൾക്കിപ്പുറം അത്തരം ഒരു സമുദായത്തിൽ നിന്ന് ഒരു വനിത സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്നത് ചരിത്രമാണ്. പത്ത് ശതമാനത്തിനു മുകളിൽ ജനസംഖ്യയുള്ള പ്രബല സമുദായങ്ങളുടെ പ്രതിനിധികൾ മാത്രമാണ് ജനറൽ സീറ്റിൽ ജയിക്കുക എന്ന രാഷ്ട്രീയ പൊതുബോധത്തെയും ഉമ അട്ടിമറിച്ചിരിക്കുന്നു.
എത്ര ബ്രാഹ്മണ എം.എൽ.എമാർ നിയമസഭയിലുണ്ട് എന്ന ചോദ്യത്തിന് മറുപടിയായി ഒരാൾ ഉണ്ട് എന്ന് പറയാൻ യു.ഡി.എഫ് നേതൃത്വത്തിന് ഇനി കഴിയും. പി.ടി.യുടെ പത്നിയാണ് ഉമ എന്ന വിവക്ഷ, ഈ ചരിത്രനേട്ടത്തിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കുന്നുമില്ല