ആറന്മുള സമരക്കാര്‍ക്ക് ഇതുവരെ ഭൂമി ലഭിച്ചില്ല
ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരം വിജയിച്ചാല്‍ ഭൂമി പതിച്ചു നല്‍കാമെന്നായിരുന്നു ഇവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ലഭിച്ച വാഗ്ദാനം.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറന്മുള വിമാനത്താവളത്തിനെതിരെ സമരം നടത്തിയ കുടുംബങ്ങള്‍ക്ക് ഇതുവരെ സ്വന്തമായി ഭൂമി ലഭ്യമായിട്ടില്ല. പ്രളയത്തില്‍ താല്‍ക്കാലിക കുടിലുകള്‍ തകര്‍ന്ന ഈ കുടുംബങ്ങള്‍ മുട്ടാത്ത വാതിലുകളില്ല. പുനരധിവാസം ആവശ്യപ്പെട്ട് സമരം നടത്തുകയാണ് ഇപ്പോള്‍ ആറന്മുളയിലെ 36 കുടുംബങ്ങള്‍.
ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരം വിജയിച്ചാല്‍ ഭൂമി പതിച്ചു നല്‍കാമെന്നായിരുന്നു ഇവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ലഭിച്ച വാഗ്ദാനം. സമരം വിജയിച്ച് ഒമ്പത് വര്‍ഷം പിന്നിടുമ്പോഴും ഭൂമി ലഭ്യമായിട്ടില്ല. വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ കുടില്‍ കെട്ടി കഴിയുമ്പോഴാണ് എല്ലാ രേഖകളും പ്രളയം കൊണ്ട് പോയത്. സ്വന്തമായി വീടും വസ്തുവും ഇല്ലാത്തതിനാല്‍ പ്രളയം സഹായമോ റേഷനോ ലഭിക്കുന്നില്ല.
അതേസമയം വിമാനത്താവളത്തിന് എതിരെയുള്ള സമരം നടന്ന കരുമാരം തോടും ആറന്മുള ചാലും സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിട്ടും ഇവര്‍ക്ക് ഭൂമി ലഭ്യമായില്ല. വിമാനത്താവള സമരം തുടങ്ങുമ്പോള്‍ ഇവിടെ 600 കുടുംബങ്ങള്‍ ഉണ്ടായിരുന്നു പലരും സമരം ഉപേക്ഷിച്ച് മടങ്ങി ശേഷിക്കുന്നവര്‍ക്ക് വേറെ നിര്‍വാഹങ്ങളില്ല. ചുട്ടുപൊള്ളുന്ന വേനലില്‍ കുടിവെള്ളമോ വൈദ്യുതിയോ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളോ ഇല്ലാതെ ദുരിതമനുഭവിക്കുന്ന ഈ പാവങ്ങളുടെ ജീവിതത്തെ ഇരകളുടെ മാനിഫെസ്‌റ്റോയെന്ന് കൂടി വിശേഷിപ്പിക്കണം.