മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇതുവരെ ‘കൈ’ വിടാതെ പത്തനംതിട്ട
പത്തനംതിട്ടയിൽ ഹാട്രിക് വിജയം നേടി യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആൻറണി. 44,674 വോട്ടിന്റെ ലീഡ് നേടിയാണ് ആന്റോ ആന്റണിയുടെ ജയം. മോദി വിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും യുഡിഎഫിന് തുണയായി. മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കാൻ കഴിഞ്ഞുവെന്നതാണ് യു.ഡി.എഫിന്റെ ഏറ്റവും മികച്ച നേട്ടം.
പത്തനംതിട്ടയിലെ ആറ് നിയമസഭ മണ്ഡലങ്ങളിലും ആന്റോ ആന്റണി ഭൂരിപക്ഷം നേടി. അടൂരിൽ മാത്രമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിന് ലീഡ് നേടാനായത്.
ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി ഉണ്ടാക്കിയെങ്കിലും വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ആന്റോക്ക് വെല്ലുവിളി ഉയർത്താൻ വീണ ജോർജിനും കെ സുരേന്ദ്രനും കഴിഞ്ഞില്ല. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനുള്ള വിജയമാണ് ജനങ്ങള്‍ നല്‍കിയതെന്ന് ആന്റോ ആന്റണി പറഞ്ഞു.
ആറന്മുള എം.എൽ.എയായ വീണാ ജോർജിന് സ്വന്തം മണ്ഡലത്തിലും ലീഡ് നേടാനായില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വര്‍ധിപ്പിക്കാനായി എന്നത് മാത്രമാണ് ബി.ജെ.പിയുടെ ആശ്വാസം.