എസ്.എന്‍.ഡി.പി യോഗത്തിൽ വീണ ജോര്‍ജിന് സ്വീകരണം, സുരേന്ദ്രന് അവഗണന; പ്രതിഷേധം
ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടകനായ പരിപാടിയിൽ വീണയ്ക്ക് വേദിയിൽ സ്ഥാനം നൽകിയെന്നും എന്‍.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന് അർഹമായ പരിഗണന നൽകിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
എസ്.എന്‍.ഡി.പി കൺവൻഷനിലെത്തിയ പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിനെതിരെ പ്രതിഷേധം. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടകനായ പരിപാടിയിൽ വീണക്ക് വേദിയിൽ സ്ഥാനം നൽകിയെന്നും എന്‍.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന് അർഹമായ പരിഗണന നൽകിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാൽ ശരിദൂരമാണ് നയമെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.
കൺവൻഷനിൽ വെള്ളാപ്പള്ളി നടേശന്റെ പ്രസംഗ ശേഷം വേദിയിലെത്തിയ വീണാ ജോർജ് പരിപാടിയുടെ ഭാഗമായി നടന്ന അനുമോദന ചടങ്ങിൽ പങ്കെടുത്തു. ഇതിനു ശേഷം വേദിയിൽ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു ഒരു വിഭാഗം പ്രവർത്തകർ വീണയ്ക്കതിരെ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ കുറിച്ച് വെള്ളാപ്പള്ളി പ്രതികരിച്ചില്ല. എന്നാൽ പത്തനംതിട്ടയിൽ മത്സരം കടുത്തതാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. പരിപാടിയുടെ തുടക്കത്തിൽ എന്‍.ഡി.എ സ്ഥാനാർഥി വേദിയിലെത്തിയിരുന്നു. അൽപ സമയം വേദിയിൽ ചെലവഴിച്ച ശേഷം സുരേന്ദ്രൻ പെട്ടന്ന് മടങ്ങിയിരുന്നു.