പട്ടയം ലഭിച്ചില്ല; ഗിരിജന്‍ കോളനി നിവാസികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും
91 കുടുംബങ്ങളിലായി 400 ഓളം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. സര്‍ക്കാരുകള്‍ മാറി വരുന്നുണ്ടെങ്കിലും പട്ടയത്തിന്റെ പേരില്‍ ആദിവാസികളെ വഞ്ചിക്കുകയാണെന്നാണ് ഇവരുടെ പരാതി.
പത്തനംതിട്ട റാന്നി കരിക്കുളം ഗിരിജന്‍ കോളനിയിലെ 91 കുടുംബങ്ങള്‍ ഇത്തവണ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. പട്ടയം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബഹിഷ്‌കരണം. റാന്നി താലൂക്ക് ഓഫീസില്‍ പട്ടയം ഊരുകൂട്ടം കൂടി ഊരുമൂപ്പന്റെ നേതൃത്വത്തില്‍ ആണ് വോട്ട് ബഹിഷ്‌കാന്‍ തീരുമാനം എടുത്തത്.
91 കുടുംബങ്ങളിലായി 400 ഓളം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. സര്‍ക്കാരുകള്‍ മാറി വരുന്നുണ്ടെങ്കിലും പട്ടയത്തിന്റെ പേരില്‍ ആദിവാസികളെ വഞ്ചിക്കുകയാണെന്നാണ് ഇവരുടെ പരാതി. പട്ടയം എന്ന ഇവരുടെ ആവശ്യത്തിന് അദ്യം വനം വകുപ്പായിരുന്നു തടസം നിന്നത്. എന്നാല്‍ പിന്നീട് വനം വകുപ്പിന്റെ അനുമതി ലഭിച്ചതോടെ പട്ടയ ആവശ്യം നടക്കുമെന്ന് കരുതിയതാണ്. കഴിഞ്ഞ വര്‍ഷം ഓണസമ്മാനമായി കരികുളം ഗിരിജന്‍ കോളനി നിവാസികള്‍ക്ക് പട്ടയം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.
കോന്നി താലൂക്കില്‍ പട്ടയ വിതരണത്തിലെ അപാകതകളെ തുടര്‍ന്ന് പുതിയ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചതാണ് ഇവരുടെ പട്ടയം ലഭിക്കാതിരിക്കുവാന്‍ കാരണം. എന്നാല്‍ സര്‍ക്കാരിന്റെ 1000 ദിന പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ജനുവരി 18ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നേരിട്ടെത്തി പട്ടയം നല്‍കുവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീടത് ഉപേക്ഷിച്ചു.
കരികുളം ഗിരിജന്‍ കോളനിയുടെ വികസനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഭരണാനുമതി ലഭിക്കാതിരുന്നതിനാല്‍ ഇതും നഷ്ടമായി.