ഇരിക്കൂർ സ്ഥാനാർഥി തർക്കത്തിൽ വൻ ട്വിസ്റ്റ്; സോണി സെബാസ്റ്റ്യനെതിരെ സോഷ്യൽ മീഡിയ പ്രചാരണം നടത്തിയത് മുതിർന്ന കോൺഗ്രസ് നേതാവ്

Update: 2021-04-21 13:38 GMT
Advertising

ഇരിക്കൂറിലെ സ്ഥാനാർഥി നിർണയത്തെത്തുടർന്ന് അത്യന്തം നാടകീയമായ സംഭവവികാസങ്ങൾക്ക് സാക്ഷിയായ കണ്ണൂർ കോൺഗ്രസിനെ ഞെട്ടിച്ച് വിവാദത്തിൽ ആന്റി ക്ലൈമാക്സ്. സീറ്റ് നിഷേധിക്കപ്പെട്ട കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെതിരെ നടന്ന സോഷ്യൽ മീഡിയ ആക്രമണത്തിന് പിന്നിൽ മുതിർന്ന കോൺഗ്രസ് നേതാവാണെന്നാണ് പുതിയ കണ്ടെത്തൽ. സോണി സെബാസ്റ്റ്യന്റെ പരാതി അന്വേഷിച്ച പൊലീസ് നേതാവിനെ ഒരുവട്ടം ചോദ്യം ചെയ്തതായാണ് വിവരം.

കെ.സി ജോസഫ് മത്സര രംഗത്ത് നിന്ന് ഒഴിവായതോടെ ഇരിക്കൂറില്‍ യു.ഡി.എഫ് സ്ഥാനാര്ത്ഥി യായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ പേരാണ് ഉയർന്നത്. സോണിയുടെ പേര് പരിഗണനാ പട്ടികയിലിടംപിടിച്ചതിനൊപ്പം സോണിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത അഴിമതി ആരോപണങ്ങളും പ്രത്യക്ഷപ്പെട്ടു. സോണി പ്രസിഡണ്ടായ ആലക്കോട് റബ്ബര്‍ മാര്ക്കുറ്റിങ് സഹകരണ സംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റുകൾ. ഫെയ്സ് ബുക്കില്‍ ജോണ്‍ ജോസഫ് എന്നയാളുടെ പ്രൊഫൈല്‍ ഐ.ഡിയില്‍ നിന്നായിരുന്നു ഈ ആരോപണങ്ങളില്‍ ഭൂരിഭാഗവും പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതേ തുടര്ന്ന് സോണി സെബാസ്റ്റ്യന്‍ സൈബര്‍ സെല്ലില്‍ പരാതി നൽകി. സ്ഥാനാർഥി ചർച്ചയുടെ അവസാനഘട്ടത്തിൽ സോണി സെബാസ്റ്റ്യനെ തഴഞ്ഞ് കെ.സി വേണുഗോപാലിന്റെ് വിശ്വസ്തനായ സജീവ് ജോസഫിനെ കോൺഗ്രസ് നേതൃത്വം ഇരിക്കൂറില്‍ സ്ഥാനാർഥിയാക്കി. തീരുമാനം വന്നതോടെ സോണിക്കെതിരായ സൈബര്‍ ആക്രമങ്ങളും അവസാനിച്ചു.

സോണി സെബാസ്റ്റ്യന്റെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസ് ജോണ്‍ ജോസഫ് എന്നത് വ്യാജ ഫേസ്ബുക്ക് അക്കൌണ്ടാണന്ന് കണ്ടെത്തി. പിന്നീട് ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നുനിന്നത് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ വീട്ടിൽ. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ പേജ് നടത്തിയിരുന്നത്  ഈ കോൺഗ്രസ് നേതാവിന്റെ വീട്ടിലെ ലാന്ഡ് ഫോണ്‍ നമ്പറിലെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചായിരുന്നു. വിവരം സ്ഥിരീകരിച്ചതോടെ നേതാവിനെ ആലക്കോട് പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലിനോട് നേതാവ് കൃത്യമായി പ്രതികരിച്ചിട്ടില്ലന്നാണ് വിവരം. സോണി സെബാസ്റ്റ്യന്റെ് മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം നേതാവിനെതിരെ കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.

സോണിക്ക് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ എ ഗ്രൂപ്പ് നേതാക്കള്‍ തെരുവിലിറങ്ങുകയും പാർട്ടിയിലെ സ്ഥാനമാനങ്ങള്‍ രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടിയടക്കമുള്ള മുതിർന്ന നേതാക്കൾ പലവട്ടം പരിശ്രമിച്ചാണ് പ്രശ്നങ്ങള്‍ ഏതാണ്ട് ഒത്തുതീർപ്പാക്കിയത്. ഇങ്ങനെ ജില്ലാ നേതൃസ്ഥാനം രാജിവെക്കുകയും പരസ്യ പ്രതിഷേധങ്ങളില്‍ മുന്‍ നിരയില്‍ നില്ക്കുകയും ചെയ്ത നേതാവാണ് ഇപ്പോള്‍ ആരോപണ വിധേയനായിരിക്കുന്നത്. ഇത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ പേരില്‍ സോണിക്ക് സീറ്റ് നിഷേധിക്കപ്പെട്ടാല്‍ ഒരു പക്ഷെ പകരം പരിഗണിക്കാന്‍ സാധ്യതയുളള എ വിഭാഗത്തിലെ പ്രമുഖനാണ് ഈ നേതാവ്. സോണിക്കെതിരെ വ്യാജ ഫ്രൊഫൈല്‍ ഉണ്ടാക്കി പ്രചാരണം നടത്താന്‍ നേതാവിനെ പ്രേരിപ്പിച്ചതും ഈ സാധ്യതയാണെന്നാണ് സൂചന.

സുനില്‍ ഐസക്


Tags:    

Editor - André

contributor

Byline - സുനില്‍ ഐസക്

contributor

Similar News