ഹറമൈന്‍ ട്രെയിന്‍ സര്‍വീസ്; വെബ് സൈറ്റിലൂടെ ടിക്കറ്റ് നേടാം
വര്‍ഷത്തില്‍ 60 മില്ല്യണ്‍ യാത്രക്കാര്‍
മക്ക-മദീന അതിവേഗ ട്രെയിന്‍ സര്‍വീസ് സെപ്തംബര്‍ 24 ന് ആരംഭിക്കുമെന്ന് സൂചന. പ്രതിദിനം എട്ട് സര്‍വീസുകള്‍ വീതം ഇരു ഭാഗത്തേക്കും ഉണ്ടാകും. മക്കയില്‍ നിന്നും മദീനയിലേക്കുള്ള നാല് മണിക്കൂര്‍ യാത്ര അതിവേഗ ട്രെയിന്‍ സര്‍വീസോടെ പകുതിയാകും.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള 35 അതിവേഗ ട്രൈനുകള്‍, ഓരോ ട്രൈനിലും 13 കാബിനുകള്‍, ഓരോ കാബിനിലും 2 കണ്‍ട്രോള്‍ ചേംബറുകള്‍, 417 സീറ്റുകള്‍ എന്നിങ്ങനെയാണ് സജ്ജീകരണം. ഈ വര്‍ഷം മക്കയില്‍ നിന്ന് മദീനയിലേക്കും തിരിച്ചും ദിനംപ്രതി 8 സര്‍വ്വീസുകളാണുണ്ടാകുക. അടുത്ത വര്‍ഷം മുതല്‍ ഇത് 12 ആക്കി ഉയര്‍ത്തും. ആവശ്യാനുസരണം ട്രൈനുകളുടെ എണ്ണം വീണ്ടും വര്‍ദ്ധിപ്പിക്കും. വര്‍ഷത്തില്‍ 60 മില്ല്യണ്‍ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. മക്ക,ജിദ്ദ,റാബിഗ്,മദീന എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍,ഹജ്ജിന് മുന്പ് തന്നെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രൈന്‍ ഓടുക. ഇതനുസരിച്ച് 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മക്ക-മദീന സെക്ടറില്‍ യാത്ര ചെയ്യാന്‍ വേണ്ടത് രണ്ട് മണിക്കൂറാണ്. 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ജിദ്ദ-മക്ക സെക്ടറില്‍ യാത്ര ചെയ്യാന്‍ വേണ്ടത് 21 മിനുട്ട്. മക്കയിലെ പ്രധാന കവാടമായ അല്‍-റുസൈഫയിലാണ് സ്റ്റേഷന്‍. വിശുദ്ധ ഹറമില്‍ നിന്ന് 3 കി.മീ മാത്രം ദൂരം. മദീനയില്‍ നോളേജ് എകണോമിക് സിറ്റിയിലാണ് സ്റ്റേഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. ടിക്കറ്റുകളുടെ വിതരണം വെബ് സൈറ്റ് വഴിയുമുണ്ടാകും. ഇക്കഴിഞ്ഞ ജൂണ്‍ മാസം മുതലായിരുന്നു പരീക്ഷണയോട്ടം ആരംഭിച്ചത്. 200 പേര്‍ക്ക് സൗജന്യമായിട്ടായിരുന്നു യാത്ര.