സൗദിയില്‍ കാലാവധി അവസാനിച്ച റീ-എന്‍ട്രി വിസ പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം  

പ്രതിമാസം നൂറ് റിയാല്‍ നല്‍കി ഒരു വര്‍ഷം വരെ റീ എന്‍ട്രി പുതുക്കാം

Update: 2018-10-13 18:35 GMT
Advertising

സൗദിയില്‍ കാലാവധി അവസാനിച്ച റീ-എന്‍ട്രി വിസ ദീര്‍ഘിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ സേവനമേര്‍പ്പെടുത്തി. മാസം തോറും നൂറ് റിയാല്‍ എന്ന തോതില്‍ 12 മാസം വരെ കാലാവധി പുതുക്കി നിശ്ചയിക്കുന്നതാണ്. പുതിയ മാറ്റം ഈ മാസം മുതല്‍ പ്രാബല്യത്തിലായതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടം, രോഗം തുടങ്ങി വിവിധ കാരണങ്ങളാല്‍ റീ എന്‍ട്രി കാലാവധിക്കുള്ളില്‍ സൗദിയിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്തവര്‍ക്ക് ഗുണകരമാണ് പുതിയരീതി. 2 ആഴ്ചത്തേക്ക് മാത്രം സൗജന്യമായി റീ എന്‍ട്രി കാലാവധി നീട്ടി നല്‍കുന്ന രീതിയാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. പുതിയ മാറ്റമനുസരിച്ച് ഒരു മാസത്തേക്ക് 100 റിയാല്‍ എന്ന തോതില്‍ നല്‍കിയാല്‍ 12 മാസം വരെ റീ-എന്‍ട്രി കാലാവധി നീട്ടി നിശ്ചയിക്കാം. സൗദി വിദേശകാര്യമന്ത്രാലയത്തിന്‍റെ വെബ് സൈറ്റ് വഴിയാണ് ഈ സേവനത്തിനായി അപേക്ഷിക്കേണ്ടതും ഫീസടക്കേണ്ടതും. ഇത് നാട്ടില്‍ വെച്ച് തന്നെ ഓണ്‍ലൈനായി ചെയ്യാവുന്നതാണ്. തുടര്‍ന്ന് പാസ്പോര്‍ട്ടും അനുബന്ധ രേഖകളും കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കണം. ഇഖാമയുടെ കാലാവധി പരിശോധിച്ച ശേഷം പ്രത്യേക വിസ പാസ്പോര്‍ട്ടില്‍ സ്റ്റാന്‍പ് ചെയ്യും. ഇഖാമ കാലാവധിയുടെ നേര്‍ പകുതി കാലം വരെ മാത്രമേ ഇവ്വിധം നീട്ടി നിശ്ചയിക്കാനാവുകയുള്ളൂ. ഇഖാമയില്‍ ഒരുമാസത്തില്‍ താഴെ കാലാവധിയുള്ളവരുടെ അപേക്ഷ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. നിലവിലെ റീ-എന്‍ട്രി കാലവധി അവസാനിച്ച ശേഷമാണ് പുതുക്കി നിശ്ചയിക്കുന്നതിനായി അപേക്ഷിക്കേണ്ടത്.

Tags:    

Similar News