കലാപ ഭൂമിയായ യമനിലേക്ക് സൗദിയുടെ സഹായ ഹസ്തങ്ങൾ
യമനില്‍ നടപ്പിലാക്കുന്ന വിവിധ സഹായ പദ്ധതികളുടെ ഭാഗമായാണ് ഭക്ഷ്യ വസ്തുക്കളുമായി വാഹനങ്ങള്‍ പുറപ്പെട്ടത്
സൌദിയില്‍ നിന്നും സഹായവുമായി യമനിലേക്കുള്ള കണ്ടെയ്നര്‍ ലോറികള്‍ പുറപ്പെട്ടു. യമനില്‍ നടപ്പിലാക്കുന്ന വിവിധ സഹായ പദ്ധതികളുടെ ഭാഗമായാണ് ഭക്ഷ്യ വസ്തുക്കളുമായി വാഹനങ്ങള്‍ പുറപ്പെട്ടത്. യമനിലെ വിവിധ ഭാഗങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇവ എത്തിക്കും.
ഏറ്റുമുട്ടല്‍ കനത്ത സാഹചര്യത്തില്‍ യമനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം അനിവാര്യമാണ‍്. സൌദി നേതൃത്വത്തിലുള്ള സഹായമാണ് മേഖലയില്‍ പ്രധാനമായും എത്തുന്നത്. സല്‍മാന്‍ രാജാവിന്‍റെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ വസ്തുക്കള്‍ യമനിലെത്തിച്ചിരുന്നു. ഇതിന്‍റെ അടുത്ത ഘട്ടമായാണ് വിവിധ കണ്ടെയ്നര്‍ ലോറികളിലായി ഭക്ഷ്യ വസ്തുക്കള്‍ അയച്ചത്. റിയാദിലെ കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രത്തില്‍ നിന്ന് ഭക്ഷ്യവസ്തുക്കളുമായുള്ള വാഹനങ്ങള്‍ പുറപ്പെട്ടു. രണ്ട് ദിവസത്തിനകം ഇത് യമന്‍ അതിര്‍ത്തിയിലെത്തിക്കും. ഇവിടെ നിന്നും പദ്ധതി നടപ്പിലാക്കുന്നവരുടെ സഹായത്തോടെ ജനങ്ങളിലെത്തിക്കുകയാണ് പദ്ധതി. യമനില്‍ ഇതിനകം ഒന്നര ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ സൌദി ഭരണകൂടം നടപ്പിലാക്കിയിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ ആണിത്.