ജി20 ഉച്ചകോടിക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
ലോക സാമ്പത്തിക മേഖലക്ക് സൗദി നല്‍കുന്ന സംഭാവനയും എണ്ണ ഉല്‍പാദന, കയറ്റുമതി രംഗത്ത് സൗദിയുടെ മേധാവിത്വവും പരിഗണിച്ചാണ് ജി20 ഉച്ചകോടിക്ക് സൗദിയെ പരിഗണിച്ചത്
ജി20 ഉച്ചകോടിക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ശനിയാഴ്ച അര്‍ജന്‍റീനയില്‍ വെച്ചാണ് ഉച്ചകോടി നടക്കുന്ന രാഷ്ട്രങ്ങളെ പ്രഖ്യാപിച്ചത്. 2019ലെ ഉച്ചകോടി ജപ്പാനിലാണ് നടക്കുക.
ലോക സാമ്പത്തിക മേഖലക്ക് സൗദി നല്‍കുന്ന സംഭാവനയും എണ്ണ ഉല്‍പാദന, കയറ്റുമതി രംഗത്ത് സൗദിയുടെ മേധാവിത്വവും പരിഗണിച്ചാണ് ജി20 ഉച്ചകോടിക്ക് സൗദിയെ പരിഗണിച്ചത്. ലോക എണ്ണ ആവശ്യത്തിന്‍റെ പത്ത് ശതമാനത്തിലധികം സൗദിയാണ് പൂര്‍ത്തീകരിക്കുന്നത്. എണ്ണ വിപണി സന്തുലിതമായി നിലനിര്‍ത്തുന്നതിലും ഒപെകിലെ പ്രമുഖ അംഗമായ സൗദിക്ക് ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. മൂന്ന് വര്‍ഷങ്ങളില്‍ ആതിഥേയത്വം വഹിക്കുന്ന രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി ത്രിരാഷ്ട്ര സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. അര്‍ജന്‍റീന, ജപ്പാന്‍, സൗദി എന്നിവയാണ് സമിതിയിലെ അംഗങ്ങള്‍. ഈ ത്രിരാഷ്ട്ര സമിതിയാണ് ജപ്പാന്‍ ഉച്ചകോടിയുടെ അജണ്ട തീരുമാനിക്കുക.
അര്‍ജന്‍റീന ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിലാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. സൗദിയില്‍ ഉച്ചകോടി ചേരുന്നതിനെ ജി20 അംഗരാജ്യങ്ങള്‍ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രമുഖ രാഷ്ട്രനേതാക്കളുമായി കിരീടാവകശി അര്‍ജന്‍റീന തലസ്ഥാനത്ത് വെച്ച് പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു.