സൗദിയിൽ കോവിഡ് വ്യാപനത്തിൽ ആശങ്കയേറി
പ്രതിദിന കേസുകൾ 900 കവിഞ്ഞു. മൂന്ന് മാസത്തിന് ശേഷം മരണ സഖ്യയും ഉയർന്നു.
സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന കോവിഡ് കേസുകൾ. 902 പുതിയ കേസുകളും 469 രോഗമുക്തിയുമാണ് സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിന് ശേഷം ഇന്ന് മരണ സംഖ്യയും ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ എഴുപത്തി രണ്ടായിരത്തോളം സാമ്പിളുകൾ സൗദിയിൽ പരിശോധിച്ചു. അതിലൂടെ 902 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 44 ശതമാനവും റിയാദ് പ്രവശ്യയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാനൂറിലധികം പേർ പുതിയതായി കോവിഡിന് ചികിത്സ തേടി.
റിയാദിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായിരത്തോളമയി ഉയർന്നു. രാജ്യത്താകെ വിവിധ ആശുപത്രികളിലായി 7,468 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതിൽ 874 പേരും അത്യാസന്നനിലയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ന് 469 പേർക്ക് രോഗം ഭേതമായിട്ടുണ്ട്.
അതേ സമയം മൂന്ന് മാസത്തിന് ശേഷം രാജ്യത്ത് മരണ സംഖ്യ 9 ആയി ഉയർന്നു. 3,95,854 പേർക്കാണ് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 3,81,658 പേർക്കും ഭേദമായി. 6,728 പേർ ഇത് വരെ മരിച്ചിട്ടുണ്ട്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിൽ 402 പേർ റിയാദ് പ്രവശ്യയിലും, 163 പേർ മക്ക പ്രവശ്യയിലും 155 പേർ കിഴക്കൻ പ്രവശ്യയിലുമാണ്.
പള്ളികളിൽ ആരാധനക്കെത്തിയവരിലും ഇന്ന് കൂടുതലായി കോവിഡ് സ്ഥിരീകരിച്ചു. ഇത് മൂലം 14 പള്ളികളാണ് ഇന്ന് താൽക്കാലികമായി അടച്ചത്. കഴിഞ്ഞ രണ്ട് മാസത്തോളമായി പള്ളികൾ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനയിലൂടെ ഇത് വരെ 519 പള്ളികൾ അടക്കുകയും, അണുനശീകരണത്തിന് ശേഷം അതിൽ 490 എണ്ണം പ്രാർത്ഥനക്കായി തുറന്ന് കൊടുക്കുകയും ചെയ്തതായി ഇസ്‍ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 17ന് ആരംഭിച്ച വാക്‌സിനേഷൻ പദ്ധതിവഴി ഇത് വരെ 57 ലക്ഷത്തോളം ഡോസ് വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്.