സെഞ്ച്വറി കോപ്പ നാളെ തുറക്കും
ആതിഥേയരായ അമേരിക്കയും കൊളംബിയയും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും.
കോപ്പ അമേരിക്കയുടെ നൂറാം പതിപ്പിന് നാളെ തുടക്കമാകും. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 7 മണിക്കാണ് ആദ്യ മത്സരം. ആതിഥേയരായ അമേരിക്കയും കൊളംബിയയും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും. പതിവിന് വിപരീതമായി അമേരിക്കയിലാണ് ഇത്തവണ മത്സരങ്ങള്‍.
പോരാട്ടത്തിന്റെ ലാറ്റിനമേരിക്കന്‍ കനല്‍വഴികളിലൂടെയുള്ള ഒരു തുകല്‍പ്പന്തിന്റെ സ്വപ്നസമാന സഞ്ചാരത്തിന് നാളെ നൂറിന്റെ നിറവ്. നൂറ്റാണ്ട് താണ്ടുന്ന മഹാമേളയെ താലപ്പൊലികളുമായി വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് അമേരിക്ക. നൂറ്റാണ്ടിന്റെ കോപ്പയില്‍ കാല്‍പ്പന്ത് കളിയുടെ പെരുങ്കളിയാട്ടം പ്രദര്‍ശിപ്പിക്കാന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്കന്‍ കോണ്‍ഫെഡറേഷനായ കോണ്‍കാകാഫിലെ ആറ് ടീമുകളുമുണ്ട്. ആരെയും മോഹിപ്പിക്കുന്ന അര്‍ജന്റീനയും നൃത്തം ചവിട്ടുന്ന ബ്രസീല്‍, ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പുതുചരിതവുമായി കൊളമ്പിയയും, കഴിഞ്ഞ കോപ്പയുടെ ചിരി മാറാത്ത ചിലിയും ആതിഥേയത്വത്തിന്റെ പെരുമയുമായി അമേരിക്കയും കൊമ്പു കോര്‍ക്കാനൊരുങ്ങിക്കഴിഞ്ഞു. അമേരിക്കയിലെ പത്ത് നഗരങ്ങളിലെ പത്ത് വേദികളിലാണ് കോപ്പയുടെ ആരവമുയരുക. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ തുടങ്ങുന്ന കോപ്പ ആവേശത്തിന് ജൂണ്‍ 26 നാണ് അവസാനമാകുക. നൂറ്റാണ്ട് താണ്ടുന്ന ഈ യാത്രയിലും അതിന് വികാരവിക്ഷോഭങ്ങളുടെ നിത്യയൌവനമാണ്. കോപ്പയില്‍ കളിക്കുന്നത് കളിക്കാരല്ല കലാകാരന്മാരാണ്, ഉറങ്ങരുത്. കണ്ണിമ തെല്ലൊന്ന് തെറ്റിയേക്കരുത്.